ബോയ്കോട്ട് ഹലാല്‍ ഇന്‍ ഓസ്ട്രേലിയ എന്ന ഫേസ്ബുക്ക് പേജിലാണ് ഇതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങള്‍ ഉയരുന്നത്. ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്പന്നങ്ങള് ഉപയോഗിക്കുന്നവര്‍ക്ക് അത് ലഭ്യമാക്കുന്നതിനൊപ്പം അതിനോട് താല്‍പര്യമില്ലാത്തവരിലേക്ക് അടിച്ചേല്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്. നൂറുകണക്കിന് ആളുകളാണ് ഈ ഫേസ്ബുക്ക് പേജിലൂടെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത്.
രാജ്യത്തെ 3.2 ശതമാനം മുസ്ലിം വിശ്വാസികള്‍ക്ക് വേണ്ടിയുള്ള ഹലാല്‍ സര്‍ട്ടിഫിക്കറ്റ് ഉത്പന്നങ്ങള്‍ ഭൂരിപക്ഷം വരുന്ന ബാക്കി ജനങ്ങള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നുവെന്നാണ് പരാതി ഉയരുന്നത്. രാജ്യത്തെ പ്രമുഖ റീട്ടെയില്‍ ശൃംഖലകളായ കോള്‍സ്,
വൂള്‍വര്‍ത്ത്സ്, ഐ.ജി.എ എന്നിവയെല്ലാം ഹലാല്‍ ലേബലിലുള്ള മാംസം ഉല്പന്നങ്ങളാണ് കൂടുതലും വിറ്റഴിക്കുന്നത്.
മതനിയമപ്രകാരം മുസ്ലിം മതവിശ്വാസികള്‍ ഉപയോഗിക്കുന്നതാണ് ഹലാല്‍ ഉല്പന്നങ്ങള്. ഓസ്ട്രേലിയന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലെ പ്രമുഖ കമ്പനികളുടെ ഭൂരിപക്ഷം ഉല്പന്നങ്ങളും ഹലാല്‍ സര്‍ട്ടിഫൈഡ് ആണ്. ഹലാല്‍ സര്‍ട്ടിഫൈഡ് അല്ലാത്ത മാംസ ഉല്പന്നങ്ങള് ആവശ്യപ്പെട്ടാലും കിട്ടാനില്ലാത്ത അവസ്ഥയാണെന്ന് ഉപയോക്താക്കള്‍ പറയുന്നു.
ഹലാല്‍ ഭക്ഷണം ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി ഓസ്ട്രേലിയയില്‍ സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഒപ്പുശേഖരണവും കാമ്പെയ്നുകളും നടക്കുന്നുണ്ട്.
ലോകമെമ്പാടുമുള്ള ഹലാല്‍ വ്യവസായത്തിന്റെ വിപണി മൂല്യം രണ്ടു ട്രില്യണ്‍ യുഎസ് ഡോളറാണ്. പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയ്ക്കുണ്ടാകുന്നത്. ഈ വളര്‍ച്ചയാണ് വിവിധ കമ്പനികള്‍ അവസരമാക്കുന്നതെന്നും ഉപയോക്താക്കള്‍ കുറ്റപ്പെടുത്തുന്നു.
ഓസ്ട്രേലിയയില്‍ ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്കാന് 21 ഇസ്ലാമിക് ഗ്രൂപ്പുകള്‍ക്കാണ് ഫെഡറല്‍ സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടുള്ളത്.
ഹലാല്‍ സര്‍ട്ടിഫൈഡ് ഉല്പന്നങ്ങള് വിറ്റഴിക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്നും അത് വാങ്ങാന്‍ താല്പര്യമില്ലാത്തവര്ക്കു വേണ്ടിയുള്ള ഉല്പന്നങ്ങളും സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭ്യമാക്കണമെന്നാണ് കാമ്പെയ്നുകളിലൂടെ പലരും ആവശ്യപ്പെടുന്നത്.
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3