കുറ്റ്യാടി> മരുതോങ്കര പഞ്ചായത്തിലെ പശുക്കടവിൽ മാവോയിസ്റ്റ് പോസ്റ്റർ. തൊട്ടിൽപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിൽ ശനിയാഴ്ച രാവിലെയാണ് പോസ്റ്റർ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. പശുക്കടവ് ടൗണിലെ കടയിലെ ചുമരുകളിലാണ് സിപിഐ (മാവോയിസ്റ്റ്) ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിൽ പോസ്റ്ററുകൾ പതിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
പശുക്കടവ് സ്വദേശിയുടെ ചായക്കടയിലും പരിസരത്തുമാണ് ആറോളം പോസ്റ്ററുകൾ പതിച്ചത്. ബഫർസോൺ നീക്കത്തെ ചെറുക്കുക, പോരാട്ടത്തിനിറങ്ങിയ കർഷകർക്ക് അഭിവാദ്യങ്ങൾ എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. നാദാപുരം ഡിവൈഎസ്പി വി വി രതീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡ്, ഫോറൻസിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.
പോസ്റ്റർ പതിച്ചവർ ജില്ലാ അതിർത്തിയിലെ വനാന്തർഭാഗത്തേക്ക് തന്നെ മടങ്ങിയെന്നാണ് നിഗമനം. സമീപത്തെ സിസിടിവി ദൃശ്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. മാസങ്ങൾക്കുമുമ്പ് പശുക്കടവിൽ സായുധധാരികളായ ഒരു സംഘം മാവോയിസ്റ്റുകൾ രണ്ട് വീടുകളിൽനിന്ന് അരിയും ഭക്ഷണസാധനങ്ങളും ശേഖരിച്ചിരുന്നു. ലഘുലേഖകളും വിതരണംചെയ്തു.