ഓസ്ട്രേലിയയിൽ പത്ത് ലക്ഷത്തോളം വീടുകൾ ഒഴിഞ്ഞു കിടക്കുന്നതായി സെൻസസ് റിപ്പോർട്ട്. സെൻസസ് നടന്ന ദിവസം രാജ്യത്തെ മൊത്തം വീടുകളുടെ പത്തു ശതമാനത്തിലും ആളില്ലായിരുന്നുവെന്നാണ് ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻറെ സെൻസസ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്.
മഹാമാരിയെ തുടർന്ന് ലോക്ഡൗണിലായിരുന്ന 2021 ഓഗസ്റ്റ് മാസത്തിലാണ് ഓസ്ട്രേലിയയിൽ സെൻസസ് നടന്നത്. കണക്കെടുപ്പ് നടന്ന ദിവസം രാജ്യത്തെ മൊത്തം വീടുകളുടെ പത്ത് ശതമാനത്തിലും താമസക്കാരില്ലായിരുന്നുവെന്നാണ് സെൻസസ് രേഖകൾ വ്യക്തമാക്കുന്നത്.
താമസക്കാരില്ലാത്ത വീടുകളുടെ എണ്ണത്തിൽ 2016ൽ രേഖപ്പെടുത്തിയതിനേക്കാൾ ഒരു ശതമാനത്തിൻറെ കുറവ് 2021 ൽ ഉണ്ടായിട്ടുണ്ട്. 2016ൽ രാജ്യത്തെ മൊത്തം വീടുകളിൽ ഏകദേശം പതിനൊന്ന് ശതമാനമായിരുന്നു സെൻസസ് ദിവസം ഒഴിഞ്ഞു കിടന്നിരുന്നത്.
2021ലെ സെൻസസ് പ്രകാരം താമസക്കാരില്ലാതിരുന്ന വീടുകളുടെ എണ്ണം ഏറ്റവും അധികമുള്ളത് നോർത്തേൺ ടെറിട്ടറിയിലാണ്. 12.8 ശതമാനമായിരുന്നു നോർത്തേൺ ടെറിട്ടറിയിൽ ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ എണ്ണം. 2016 ൽ ഇത് 14.1 ശതമാനമായിരുന്നു.
ടാസ്മേനിയായിൽ ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ എണ്ണം 11.8 ഉം, വെസ്റ്റേൺ ഓസ്ട്രേലിയയിൽ 10.9 ശതമാനവുമാണ്. ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലാണ് ഏറ്റവും കുറവ് വീടുകൾ ഒഴിഞ്ഞ് കിടക്കുന്നത്. ACT യിലെ മൊത്തം വീടുകളുടെ 6.6 ശതമാനത്തിൽ മാത്രമാണ് സെൻസസ് ദിവസം ആളുകളില്ലാതിരുന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.
ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ സംസ്ഥാനങ്ങളിൽ താമസക്കാരില്ലാത്ത വീടുകളുടെ എണ്ണം 2016നേക്കാൾ വർദ്ധിച്ചതായും സെൻസസ് റിപ്പോർട്ടിൽ പറയുന്നു.
വിക്ടോറിയയിൽ 11.1 ശതമാനവും, ന്യൂസൗത്ത് വെയിൽസിൽ 9.4 ശതമാനവുമാണ് ഒഴിഞ്ഞ് കിടക്കുന്ന വീടുകളുടെ എണ്ണം.
ഭവനരഹിതരും, വീട് വിലയും വലിയൊരു പ്രശ്നമായി നിലനിൽക്കുന്ന ഓസ്ട്രേലിയയിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ എണ്ണം വളരെ പ്രാധാന്യത്തോടെ കാണേണ്ട വിഷയമാണെന്ന് ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ ജനസംഖ്യാശാസ്ത്രജ്ഞയായ ഡോ.ലിസ് അലെൻ ചൂണ്ടിക്കാട്ടി.
വീടുകൾ ഒഴിഞ്ഞ് കിടക്കുന്നതിന് വിവിധ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഡോ.ലിസ്, ആളില്ലാത്ത വീടുകൾക്ക് വേക്കൻറ് പ്രോപ്പർട്ടി ടാക്സ് ഏർപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കണമെന്നും ആവശ്യപ്പെട്ടു.
കടപ്പാട്: SBS മലയാളം