തിരുവനന്തപുരം> ഫെയ്സ്ബുക്കിൽ ലഭിച്ച പരാതിയ്ക്ക് മന്ത്രി മുഹമ്മദ് റിയാസ് പരിഹാരം കണ്ടതോടെ തിരുവനന്തപുരം മ്യൂസിയത്തോട് ചേർന്ന കെടിഡിസി റെസ്റ്റോറന്റ് സൂപ്പറായി. ജൂൺ 1 നാണ് അജീഷ് കുറുപ്പത്ത് എന്ന വ്യക്തി റെസ്റ്റോറന്റ് നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാട്ടിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി പരിഹരിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.
“തിരുവനന്തപുരം മൃഗശാലയോട് ചേർന്നുള്ള കെടിഡിസിയുടെ കാന്റീനിൽകാർഡോ ഗൂഗിൾ പേ യോ ഇല്ല… ഫുഡം മോശം എന്നായിരുന്നു” അജീഷ് കുറുപ്പത്തിന്റെ പരാതി. മന്ത്രിയുടെ ഇടപ്പെടലോടെ ഓൺലൈൻ പെയ്മെന്റ് സംവിധാനം അടുത്ത ദിവസം തന്നെ പരിഹരിക്കുകയും ഉടൻ തന്നെ റെസ്റ്റോറന്റ് നവീകരണം ആരംഭിക്കുകയും ചെയ്തു. നവീകരണം പൂർത്തിയായതോടെ മന്ത്രി റിയാസ് തന്നെയാണ് പരാതിക്കാരന് നന്ദി അറിയിച്ചു കൊണ്ട് വിവരം ഫെയ്സ്ബുക്കിൽ കുറിച്ചത്.
ഫെയ്സ്ബുക്ക് കുറിപ്പ്
“ പരാതിക്കാരന് shake hand “
തിരുവനന്തപുരം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന മ്യുസിയം & zoo യിലെ ktdc റെസ്റ്റോറന്റ് സംബന്ധിച്ച് ജൂൺ 1 ന് ഒരു പരാതി ലഭിക്കുകയുണ്ടായി. ഫെയ്സ്ബുക്കിലെ ഒരു പോസ്റ്റിനു താഴെ കമന്റ് ആയാണ് ശ്രീ അജീഷ് കുറുപ്പത്ത് എന്ന വ്യക്തി റെസ്റ്റോറന്റ്നടത്തിപ്പിലെ അപാകതകൾ ചൂണ്ടിക്കാണിച്ചത്. പരിഹരിക്കാൻ എല്ലാ ശ്രമവുംനടത്താം എന്ന് അപ്പോൾ തന്നെ അദ്ദേഹത്തിന് ഉറപ്പ് നൽകുകയും, തുടർനടപടികൾ സ്വീകരിക്കാൻ കെടിഡിസി എംഡിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
ഓൺലൈൻ പെയ്മെന്റ് സംവിധാനം ഇല്ല എന്ന പരാതി തൊട്ടടുത്ത ദിവസം തന്നെ പരിഹരിച്ചിരുന്നു. അതിനു ശേഷം റെസ്റ്റോറൻറ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇപ്പോൾ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്. പരാതി ലഭിച്ചയുടനെ അതിൽ ക്രിയാത്മക നടപടി സ്വീകരിച്ച കെടിഡിസിയുടെ പ്രവർത്തനം മാതൃകാപരമാണ്. പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയ ശ്രീ അജീഷിനെ പ്രത്യേകം അഭിനന്ദിക്കുന്നു.