ദുബായ്> നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ തൊഴിൽ വൈദഗ്ധ്യം ഉപയോഗപ്പെടുത്തി ജോലി ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കാൻ ഗ്ലോബൽ ഡിജിറ്റൽ പ്ലാറ്റ്ഫോം രൂപീകരിക്കുമെന്ന് നോർക്ക റസിഡൻറ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു. സാങ്കേതിക വൈദഗ്ധ്യം ഉള്ളവരെ കണ്ടെത്തി അവർക്ക് ജോലി നൽകാനും, ലോകത്തിലെ എല്ലാ ഭാഗത്തുമുള്ള മലയാളികളുടെ തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിനും ഇതുവഴി കഴിയും. ദുബായിലെ മാധ്യമപ്രവർത്തകരുമായി ഓൺലൈനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയുടെ വേളയിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക നടപ്പിലാക്കിയ നിരവധി സഹായ പദ്ധതികൾ വലിയ ആശ്വാസം നൽകി. സാന്ത്വനം പദ്ധതിയിലൂടെ 2000 പേർക്കാണ് സഹായം ലഭിച്ചത്. ലേബർ ക്യാമ്പിലെ പ്രവാസികൾക്കുള്ള പരിരക്ഷാ പദ്ധതികൾ, ചികിത്സ, ഇൻഷുറൻസ്, വീടുകൾക്ക് ഇൻഷുറൻസ്, കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം എന്നിങ്ങനെ നിരവധി മേഖലകളിൽ സഹായഹസ്തം എത്തിക്കാൻ നോർക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തൊഴിൽ തട്ടിപ്പും വ്യാജ റിക്രൂട്ട്മെന്റും തടയാൻ ഓപ്പറേഷൻ ശുഭയാത്ര എന്ന പേരിൽ പദ്ധതി നടപ്പാക്കുമെന്ന് പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. പോലീസുമായി സഹകരിച്ച് ഓപ്പറേഷൻ കുബേരയുടെ മാതൃകയിലായിരിക്കും പദ്ധതി നടപ്പിലാക്കുക. ഇതിന്റെ ആദ്യ യോഗം ഈ മാസം 14ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരും. വ്യാജ ഏജൻസികൾക്കെതിരെ നടപടിയെടുക്കാനും, ജനങ്ങളെ ബോധവത്കരിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. തൊഴിൽ തട്ടിപ്പിൽ ലഭിക്കുന്ന പരാതികളിൽ നടപടി എടുക്കുവാൻ നോർക്കയ്ക്ക് കഴിഞ്ഞിട്ടുണ്ട് . പരാതികൾ പലതും സമയത്തിന് ഉന്നയിക്കാറില്ല എന്ന വസ്തുതയും നിലനിൽക്കുന്നുണ്ട്.
വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായത്തോടെ നോർക്കയുടെ നേതൃത്വത്തിൽ നാഷണൽ മൈഗ്രേഷൻ കോൺഫറൻസ് സംഘടിപ്പിക്കുമെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു. വിദേശ മലയാളികളുടെ കൃത്യമായ എണ്ണം ഇതുവഴി സ്വരൂപിക്കാൻ സാധിക്കും. പ്രവാസികൾക്ക് തുടർപഠനത്തിന് സഹായകരമായ രീതിയിൽ രാജ്യാന്തര പ്രവാസി സർവകലാശാല തുടങ്ങും. ഗൾഫിൽ ചെറിയ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വീട്ടുകാർക്കും മക്കൾക്കും പ്രയോജനം ചെയ്യുന്ന വിധം അഞ്ചുതരം പരിരക്ഷകൾ നൽകുന്ന പദ്ധതിയും ആരംഭിക്കും.
വിസിറ്റ് വിസയിലും മറ്റും എത്തി ദുബായിൽ താമസിക്കുന്ന വയോധികരായ ആളുകൾക്ക് വാക്സിനേഷൻ ലഭ്യമാക്കാൻ എംബസി വഴി ശ്രമങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാഗികമായി ജുഡീഷ്യറി അധികാരങ്ങളുള്ള നോർക്ക കമ്മീഷൻ വഴി നിരവധി കേസുകൾക്ക് പരിഹാരം ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്.
പ്രവാസി ഭദ്രത പദ്ധതിയിലൂടെ കഴിഞ്ഞവർഷം 5010 പുതിയസംരംഭങ്ങൾ ആരംഭിക്കുകയുണ്ടായി. പ്രവാസി ഭദ്രത പേൾ, പ്രവാസി ഭദ്രത മൈക്രോ, പ്രവാസി ഭദ്രത മെഗാ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി നടപ്പിലാക്കുന്ന പ്രവാസി ഭദ്രത പദ്ധതി മടങ്ങിയെത്തിയ നിരവധി പ്രവാസികൾക്ക് വലിയ ആശ്വാസം നൽകിയിട്ടുണ്ട്. കുടുംബശ്രീ മുഖേനയാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്. 44 കോടി രൂപയുടെ പലിശ രഹിത വായ്പയാണ് ഇതുവരെ വിതരണം ചെയ്തത്. അഞ്ച് ലക്ഷം വരെയുള്ള സ്വയംതൊഴിൽ വായ്പകൾ അനുവദിക്കുന്ന പ്രവാസി ഭദ്രത മൈക്രോ പദ്ധതി വഴി 1927 വായ്പകൾ അനുവദിച്ചു. സംരംഭക സഹായ പദ്ധതിയായ എൻഡി പ്രേം വഴി 1000 സംരംഭക വായ്പകൾ വിതരണംചെയ്തു. 81.65 കോടി രൂപ വായ്പകൾക്കും, 19 കോടി രൂപ സബ്സിഡികൾക്കുമായി ചെലവഴിച്ചു.
വനിതാ വികസന കോർപ്പറേഷനുമായി ചേർന്നുകൊണ്ട് നോർക്ക വനിത മിത്രം സംരംഭക വായ്പ ഈവർഷം നടപ്പിലാക്കുന്നുണ്ട്. 3 ശതമാനം പലിശ നിരക്കിൽ 15 ശതമാനം മൂലധന സബ്സിഡിയോടെയുള്ള വായ്പ വിദേശത്തു നിന്നും തിരിച്ചെത്തിയ വനിതകൾക്ക് നൽകുന്നു. സാന്ത്വനം പദ്ധതിയിലൂടെ നാലായിരത്തി 4614 പേർക്ക് 30 കോടി രൂപ വായ്പ വിതരണം ചെയ്തതായും പി ശ്രീരാമകൃഷ്ണൻ അറിയിച്ചു.