തിരുവനന്തപുരം > തിരുവനന്തപുരം വെള്ളയമ്പലത്ത് 1973 മുതൽ പ്രവർത്തിച്ച് വരുന്ന ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) റീജിയണൽ ഓഫീസ് അടച്ചുപൂട്ടി പ്രവർത്തനം ബംഗളൂരുവിലേയ്ക്ക് മാറ്റാനുള്ള കേന്ദ്രഗവൺമെന്റ് തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എം.പി കേന്ദ്രവിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കത്തയച്ചു.
കേരളത്തിലെ ഓഫീസിന്റെ പ്രവർത്തനം നിർത്തലാക്കാനുള്ള തീരുമാനം നിലവിൽ കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന അഞ്ഞൂറോളം വിദേശ വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, വിദേശ വിദ്യാർത്ഥികളുടെ തുടർന്നുളള കേരളത്തിലേയ്ക്കുള്ള വരവിനേയും തടസപ്പെടുത്തും. നിലവിൽ വിദേശ വിദ്യാർത്ഥികൾക്ക് ഭാഷ, താമസം, ആരോഗ്യം, സ്കോളർഷിപ്പുകൾ, ബാങ്ക് ഇടപാടുകൾ, നികുതി, വിസ തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ആശ്രയിക്കാൻ കഴിയുന്നതും കൃത്യസമയത്ത് വേണ്ട സഹായങ്ങൾ നൽകി വരുന്നതും ഐസിസിആർ തിരുവനന്തപുരം ഓഫീസാണ്.
തിരുവന്തപുരത്ത് നിന്നും 700 കിലോമീറ്ററോളം അകലെയുള്ള ബംഗളൂരുവിലേയ്ക്ക് മാറ്റുന്നത് കേരളത്തിലെ എല്ലാ പ്രവർത്തനങ്ങളും താളം തെറ്റുന്നതിന് കാരണമാകും. കൂടാതെ കേരളത്തിലെ കലാകാരന്മാർക്ക് രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പരിപാടികൾ അവതരിപ്പിക്കുന്നതിനും ഇതരസംസ്ഥാനങ്ങളിലേയും വിദേശങ്ങളിലേയും കലാകാരന്മാരുമായി സാംസ്കാരിക വിനിമയം സാധ്യമാക്കുന്നതിലും നിസ്തുലമായ പങ്കാണ് തിരുവനന്തപുരത്തെ ഐസിസിആർ ഓഫീസ് വഹിച്ചു വരുന്നത്. കേരളത്തിലെ ഒരേയൊരു ഓഫീസ് നിർത്തലാക്കുന്നത് സംസ്ഥാനത്തിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണ്.
മാത്രമല്ല തിരുവനന്തപുരത്തെ ഐസിസിആർ ഓഫീസ് തുടരുമെന്ന് 2018-ൽ കേന്ദ്രസർക്കാർ ലോകസഭയിൽ അറിയിച്ചതിന് കടകവിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. കേന്ദ്രസർക്കാറിന്റെ തീരുമാനം പുനഃപരിശോധിച്ച് അനുകൂല നടപടി കൈക്കൊള്ളണമെന്ന് ജോൺ ബ്രിട്ടാസ് കത്തിൽ ആവശ്യപ്പെട്ടു.