വൈദ്യുതി വില അമിതമായി കൂടുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കളെ മറ്റു കമ്പനികളിലേക്ക് മാറാന്‍ ചില ഊര്‍ജ്ജ വിതരണക്കമ്പനികള്‍ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നതും ചില ചെറുകിട വിതരണക്കാര്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്.
ആഗോള തലത്തിലെ ഇന്ധനവിലക്കയറ്റം മൂലം ഓസ്ട്രേലിയൻ ഊർജ്ജ കമ്പനികൾ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്.
മെച്ചപ്പെട്ട നിരക്ക് ലഭിക്കുന്ന മറ്റ് കമ്പനികൾ തേടാൻ ചില ഓസ്ട്രേലിയൻ ഊര്‍ജ്ജവിതരണക്കമ്പനികള്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ReAmped Energy, LPE തുടങ്ങിയ വിതരണക്കമ്പനികൾ ഉപഭോക്താക്കളോട് ഇക്കാര്യം സൂചിപ്പിച്ച കമ്പനികളിൽ ഉൾപ്പെടുന്നു.
മറ്റ് ചില കമ്പനികൾ പുതിയ ഉപഭോക്താക്കളെ സ്വീകരിക്കുന്നത് താത്ക്കാലികമായി നിർത്തലാക്കിയിട്ടുമുണ്ട്. Mojo Power, Discover Energy, Nectr തുടങ്ങിയ കമ്പനികൾ ഇതിൽ ഉൾപ്പെടുന്നു.
2021ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ, ഊർജ്ജത്തിന് ഈ വർഷം 141 ശതമാനം വിലക്കയറ്റമാണ് കാണുന്നതെന്ന് ഓസ്ട്രേലിയൻ എനർജി മാർക്കറ്റ് റെഗുലേറ്റർ (AEMO) ചൂണ്ടിക്കാട്ടി.
2022/23ൽ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കേണ്ട നിരക്ക് എത്രയായിരിക്കണം എന്നത് സംബന്ധിച്ചുള്ള ഔദ്യോഗികൾ മാനദണ്ഡങ്ങൾ ഓസ്ട്രേലിയൻ എനർജി റെഗുലേറ്റർ പുറത്തുവിട്ടു.
ഇത് പ്രകാരം ന്യൂ സൗത്ത് വെയിൽസിൽ 8.5 മുതൽ 18.3 ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്.
സൗത്ത് ഓസ്ട്രേലിയയിൽ 9.5 ശതമാനമാണ് വില വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ട്.
തെക്ക് കിഴക്കൻ ക്വീൻസ്ലാന്റിൽ 12.6 ശതമാനവും, വിക്ടോറിയയിൽ അഞ്ച് ശതമാനവും കൂടുമെന്നാണ് കണക്കുകൂട്ടൽ.
വിതരണക്കമ്പനികൾക്ക് ഇതിൽ കുറഞ്ഞ നിരക്ക് ഈടാക്കാൻ അനുവാദമുണ്ട്.
ഊര്‍ജ്ജ ഉത്പാദനശേഷി കൂടിയുള്ള വന്‍കിട കമ്പനികളെക്കാള്‍, ചെറുകിട വിതരണക്കാരാണ് കൂടുതല്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കൂടിയ നിരക്കിൽ വൻകിട കമ്പനികളിൽ നിന്ന് ഊർജ്ജം വാങ്ങിക്കേണ്ടി വരുന്ന സാഹചര്യമാണ് ഇവരെ ബാധിച്ചിരിക്കുന്നത്.
ചെറുകിട കമ്പനികൾക്ക് മാത്രമല്ല പ്രതിസന്ധിയെന്ന കാര്യവും ഇവിടെ ചൂണ്ടികാട്ടുന്നുണ്ട്.
ഓസ്ട്രേലിയ ഉത്പ്പാദിപ്പിക്കുന്ന ഭൂരിഭാഗം വാതകവും (ഗ്യാസ്) കയറ്റുമതിക്കായാണ് ഉപയോഗിക്കുന്നത്. ഇക്കാരണത്താൽ ആഗോളതലത്തിലുള്ള വിലക്കയറ്റം ഓസ്ട്രേലിയൻ വിപണിയെയും ബാധിക്കും.
വാതകത്തിന്റെ വിലകൂടുമ്പോൾ ഊർജ്ജ നിരക്കും കൂട്ടേണ്ടി വരുന്നതായി മേഖലയിലെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
റഷ്യയിൽ നിന്ന് ഇന്ധനം ലഭിക്കാൻ തടസ്സം നേരിടുന്ന പല രാജ്യങ്ങളിലും ഇന്ധന ക്ഷാമം അതിരൂക്ഷമാണ്. ഇത് ആഗോള വിപണിയിലും പ്രതിഫലിക്കുന്നുണ്ട്.
റഷ്യ യുക്രൈൻ പ്രതിസന്ധി മൂലം ഓസ്ട്രേലിയൻ വിപണിയിൽ വന്നിരിക്കുന്ന മാറ്റങ്ങളാണ് ReAmped നെ ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് കമ്പനി സിഇഒ ലൂക്ക് ബ്ലിൻകോ ചാനൽ നയനിനോട് പറഞ്ഞു.
കടപ്പാട്: SBS മലയാളം