കൊച്ചി> ‘ഇരുപത്തിനാലുകാരൻ മകൻ ചിലനേരം കൊച്ചുകുട്ടിയെപ്പോലെ, അല്ലെങ്കിൽ കച്ചവടക്കാരൻ, മറ്റു ചിലപ്പോൾ മനോരോഗി’, ലഹരി കവർന്നെടുത്ത മകന്റെ മാനസികതാളം വിവരിക്കാൻ എളമക്കര സ്വദേശി സുനിൽകുമാറിന് വാക്കുകൾകൊണ്ടാകുന്നില്ല. തലച്ചോറിനെ നിയന്ത്രിക്കുന്ന ലഹരിമരുന്നുകളുടെ ക്രൂരഭാവം കണ്ടറിഞ്ഞ് മരവിച്ചുപോയതാണ് ഈ അച്ഛന്റെ മനസ്സ്. ചിരിക്കാനും ചിരിപ്പിക്കാനുമുള്ള സുനിൽകുമാറിന്റെ ആത്മധൈര്യമാണ് കുടുംബത്തെ മുന്നോട്ടുനയിക്കുന്നത്.
തയ്യൽത്തൊഴിലാളിയും ചിരിയോഗ മുഖ്യപരിശീലകനുമാണ് എളമക്കര പുതുക്കലവട്ടം സ്വദേശി എസ് വി സുനിൽകുമാർ. ചാനലുകളിൽ മുഖം കാണിച്ചിട്ടുള്ള സുനിൽകുമാർ നിരവധി പുരസ്കാരങ്ങളും നേടി. ജീവിതം പക്ഷേ സുനിലിന് കാത്തുവച്ചത് ഹൃദയം നുറുങ്ങുന്ന ദുരിതം. മകൻ മയക്കുമരുന്നുകൾക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞത് ഒന്നരമാസം മുമ്പ്. താങ്ങാവുന്നതിലും അപ്പുറമായിരുന്നു ആ അറിവ്. മകന്റെ ദുരവസ്ഥ കണ്ട് തോൽക്കാനല്ല, അവനെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ, പൊരുതാനാണ് അദ്ദേഹം തീരുമാനിച്ചത്.
തയ്യൽത്തൊഴിലാളിയായ മകന്റെ സ്വഭാവത്തിലെ മാറ്റത്തിൽ നിന്നാണ് പല കഥകളും സുനിൽ ഉൾപ്പെടെ പുറംലോകം അറിഞ്ഞത്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ ആരെയും ഉപദ്രവിക്കും. നിയന്ത്രിക്കാൻ കഴിയാതായതോടെ മാനസികാരോഗ്യവിദഗ്ധനെ കാണിച്ചു. ലഹരി ഉപയോഗംമൂലം ഉപദേശിച്ച് തിരുത്താൻ കഴിയുന്നതിലും അപ്പുറമായിരുന്നു മനോനില. ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ഡോക്ടർ നിർദേശിച്ചു. വീടിനുസമീപത്തെ തൊഴിലാളികളുടെ സഹായത്തോടെയാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് മകന്റെ മുറി പരിശോധിച്ചപ്പോഴാണ് എൽഎസ്ഡി സ്റ്റാമ്പ് ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾ കണ്ടെടുത്തത്.
പൊലീസിന് ഉൾപ്പെടെ വിവരം നൽകി. ഒരുമാസത്തെ ചികിത്സയ്ക്കുശേഷം കുറച്ചുദിവസംമുമ്പാണ് മകൻ പുറത്തിറങ്ങിയത്. താളംതെറ്റിയ മനസ്സിനെ പൂർണമായും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ലഹരിയുടെ പിടിയിൽനിന്ന് മകനെ പുറത്തെത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സുനിലും ഭാര്യയും മകളും. മകന് സംഭവിച്ചത് ഇനിയാർക്കും വരല്ലേ എന്ന ആഗ്രഹത്തോടെയാണ് സുനിൽകുമാർ എല്ലാ വിവരങ്ങളും പുറത്തുപറയാൻ തയ്യാറായത്. “മകനെ ഒരുപക്ഷേ പൊലീസ് അറസ്റ്റ് ചെയ്തേക്കാം. അല്ലെങ്കിൽ അവനെ ഈ നിലയിലാക്കിയ ലഹരിമാഫിയസംഘം ഉപദ്രവിച്ചേക്കാം. എന്തായാലും നേരിടാൻ തയ്യാറാണ്’–- സുനിൽ പറഞ്ഞു.
ഈ വർഷം 779 കേസുകൾ
മെയ് വരെ 779 മയക്കുമരുന്നുകേസുകളാണ് എറണാകുളം ജില്ലയിൽമാത്രം രജിസ്റ്റർ ചെയ്തത്. ഇതിൽ 18 കേസുകളിൽ വലിയ അളവ് എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പുകൾ, ഹെറോയിൻ ഉൾപ്പെടെ പിടികൂടിയിട്ടുണ്ട്. 2021ൽ 910 കേസുകൾ രജിസ്റ്റർ ചെയ്തു. കോവിഡുകാലത്തിനുമുമ്പ് വർഷം 3000 മുതൽ 4000 കേസുകൾവരെ ജില്ലയിൽമാത്രം രജിസ്റ്റർ ചെയ്തിരുന്നു. കോവിഡിനുശേഷം വീണ്ടും ലഹരിമാഫിയസംഘം വ്യാപകമാകുന്നതിന്റെ തെളിവാണ് മെയ്വരെയുള്ള കണക്കുകൾ. പബ്ബുകൾ, അന്തർജില്ലാ സർവീസ് നടത്തുന്ന ബസുകൾ, ചെക്ക്പോസ്റ്റുകൾ എന്നിവിടങ്ങളിലെല്ലാം ആഴ്ചതോറുമുള്ള പരിശോധന പൊലീസ് കർശനമാക്കിയിട്ടുണ്ട്. നർകോട്ടിക് സെൽ, ഡാൻസാഫ് ഉൾപ്പെടെ സംഘങ്ങളുടെ പരിശോധനകളും വ്യാപകമാണ്. ലഹരി ഉപയോഗംമൂലം മാനസികബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ പട്ടികയും ദിവസവും കുതിക്കുകയാണ്. പലതും കണക്കുകളിൽ അപ്രത്യക്ഷമാണ്.