121 വർഷത്തെ ഓസ്ട്രേലിയൻ ഫെഡറൽ സർക്കാർ ചരിത്രത്തിൽ ആദ്യമായി മുസ്ലിം മന്ത്രിമാർ സ്ഥാനമേറ്റു. എഡ് ഹ്യുസിക്, അന്നാ അലി എന്നിവരാണ് ലേബർ സർക്കാരിൽ മന്ത്രിമാരായത്.
ഖുറാൻ കൈയ്യിൽ പിടിച്ചുകൊണ്ടായിരുന്നു എഡ് ഹ്യുസികും, അന്നാ അലിയും സത്യപ്രതിജ്ഞ ചെയ്തത്.
പടിഞ്ഞാറൻ സിഡ്നി സീറ്റായ ചിഫ്ലിയിൽ നിന്നുള്ള എഡ് ഹ്യുസിക്കാണ് സത്യപ്രതിജ്ഞയോടെ ഓസ്ട്രേലിയൻ പാർലമെൻററി ചരിത്രത്തിൻറെ ഭാഗമായത്. ആദ്യമായി ഓസ്ട്രേലിയൻ പാർലമെൻറിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്ലീം മത വിശ്വാസിയും എഡ് ഹ്യുസിക്കായിരുന്നു.
ക്യാബിനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് എസ്ബിഎസ് ന്യൂസിനോട് പറഞ്ഞ എഡ് ഹ്യുസിക് രാജ്യത്തെ ഒരുമിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതിൻറെ പ്രതീകമാണ് തൻറെ സ്ഥാനലബ്ധിയെന്നും കൂട്ടിച്ചേർത്തു.
വ്യവസായ- ശാസ്ത്ര വകുപ്പുകളുടെ ചുമതലായാണ് അൽബനീസി മന്ത്രിസഭയിൽ എഡ് ഹ്യുസികിന് ലഭിച്ചിരിക്കുന്നത്.
തൻറെ വിശ്വാസത്തിൽ അഭിമാനമുണ്ടെങ്കിലും, മുസ്ലീം പശ്ചാത്തലത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരൻ എന്ന നിലയിൽ മാത്രം അറിയപ്പെടാൻ താൽപ്പര്യമില്ലെന്നും എഡ് ഹ്യുസിക് പറഞ്ഞു.
ബോസ്നിയയിൽ നിന്നാണ് ഹ്യുസികിൻറെ പിതാവ് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
വെസ്റ്റേൺ ഓസ്ട്രേലിയ സർക്കാരിൻറെ വിവിധ വകുപ്പുകളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് അന്നാ അലി രാഷ്ട്രിയത്തിലേക്കിറങ്ങിയത്. 2016ൽ വെസ്റ്റേൺ ഓസ്ട്രേലിയൻ സീറ്റായ കോവനിൽ നിന്നാണ് അലി പാർലമെൻറിലെത്തിയത്.
അൽബനീസി മന്ത്രിസഭയിൽ ഏർലി ചൈൽഡ് ഹുഡ് ഏജ്യുക്കേഷൻ, യുവജനക്ഷേമം എന്നീ വകുപ്പുകളാണ് അന്നാ അലി കൈകാര്യം ചെയ്യുക.
എഡിത്ത് കോവൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും കരസ്ഥമാക്കിയ അന്നാ അലി ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ സ്പെഷ്യലൈസ് ചെയ്ത അക്കാദമിക് വിദഗ്ദയുമാണ്.
അന്നാ അലിക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് ഈജിപ്തിലെ അലക്സാണ്ട്രിയായിൽ നിന്ന് കുടുംബം ഓസ്ട്രേലിയയിലേക്ക് കുടിയേറിയത്.
കടപ്പാട്: SBS മലയാളം