തിരുവനന്തപുരം> അസ്വാഭാവിക മരണങ്ങളുണ്ടായാൽ ഇനിമുതൽ രാത്രിയും ഇൻക്വസ്റ്റിന് അനുമതി. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഉത്തരവിട്ടു. രാത്രിയിൽ ഫലപ്രദമായി ഇൻക്വസ്റ്റ് നടത്താൻ സ്റ്റേഷൻഹൗസ് ഓഫീസർമാർ നടപടിയെടുക്കണം. അസ്വാഭാവികമരണങ്ങളിൽ നാല് മണിക്കൂറിനകം ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി മാറ്റണം. പ്രത്യേക സാഹചര്യങ്ങളിൽ ഇൻക്വസ്റ്റിന് ഏറെ സമയമെടുക്കുമ്പോൾ അക്കാര്യം കൃത്യമായി രേഖപ്പെടുത്തണം. ഇൻക്വസ്റ്റ് നടത്തുന്നതിലും മൃതശരീരം പോസ്റ്റ് മോർട്ടത്തിന് അയക്കുന്നതിലും കാലതാമസമോ തടസ്സമോ ഉണ്ടാകരുത്.
ഇൻക്വസ്റ്റ് നടത്താനാവശ്യമായ വെളിച്ചം, മൃതദേഹം ആശുപത്രിയിൽ എത്തിക്കാനുള്ള സംവിധാനം, മറ്റ് ചെലവുകൾ എന്നിവ നൽകാൻ ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കും. ഇക്കാര്യം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നിരീക്ഷിക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദേശം നൽകി.
തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, കോഴിക്കോട് മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്താൻ സർക്കാർ നേരത്തേ അനുമതി നൽകിയിരുന്നു. ഇത് ചോദ്യം ചെയ്ത് നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് ഇൻക്വസ്റ്റ് സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.