കുവൈറ്റ് സിറ്റി> നാടൻ പാട്ടു പ്രേമികളുടെ മനം കവർന്ന് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഞാറ്റുവേല 2022, നാടൻ പാട്ട് മത്സരം സംഘടിപ്പിച്ചു. കല കുവൈറ്റ് ഫഹാഹീൽ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപിച്ച പരിപാടിയിൽ കലയുടെ വിവിധ മേഖലയിൽ നിന്നും ഉള്ള ടീമുകൾ പങ്കെടുത്തു.
സീനിയർ വിഭാഗത്തിൽ ഫഹാഹീൽ മേഖലയിലെ ചിലമ്പൊലി ടീം (നാദി ഫഹാഹീൽ യൂണിറ്റ് ) ഒന്നാം സ്ഥാനവും, ഫഹാഹീൽ മേഖലയിലെ ചെമ്പട ടീം (ഫഹാഹീൽ സെന്ട്രൽ & ഫഹാഹീൽ വെസ്റ്റ് യൂണിറ്റുകൾ ) രണ്ടാംസ്ഥാനവും, അബുഹലീഫ മേഖലയിലെ ചെങ്കതിർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ നെൽക്കതിർ ടീം (മംഗഫ് യൂണിറ്റ് )ഒന്നാം സ്ഥാനവും, താരക പെണ്ണാൾ ടീം രണ്ടാംസ്ഥാനവും, വയൽ കിളികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മത്സരത്തിൽ കാണികളുടെ ഹൃദയം കവർന്ന നെൽക്കതിർ ടീം (മംഗഫ് യൂണിറ്റ്) ഓഡിയൻസ് പോൾ ട്രോഫിയും കരസ്ഥമാക്കി. വിജയികളായ ടീമുകൾക്ക് കേന്ദ്ര, മേഖല ഭാരവാഹികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.
മംഗഫ് അൽ – നജാത് സ്കൂളിൽ നടന്ന പരിപാടി ഡി പി എസ് സ്കൂൾ പ്രിൻസിപ്പൽ രവി ആയനോളി ഉദ്ഘാടനം ചെയ്തു. ഫഹാഹീൽ മേഖല പ്രസിഡണ്ട് പ്രസീദ് കരുണാകരൻ അദ്ധ്യക്ഷനായി.
കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി, ആക്ടിങ് പ്രസിഡണ്ട് ശൈമേഷ് എന്നിവർ സംസാരിച്ചു. മേഖലാ സെക്രട്ടറി സജീവ് എബ്രഹാം സ്വാഗതം പറഞ്ഞ ചടങ്ങിന്, സ്വാഗതസംഘം ചെയർമാൻ അനൂപ് മങ്ങാട്ട് നന്ദിപറഞ്ഞു. കല കുവൈറ്റ് ട്രഷറർ അജ്നാസ്, കലാ വിഭാഗം സെക്രട്ടറി സണ്ണി ഷൈജേഷ് , സാമൂഹിക വിഭാഗം സെക്രട്ടറി ജ്യോതിഷ് പി ജി, ഞാറ്റുവേല ജനറൽ കൺവീനർ അനീഷ് പൂക്കാട് എന്നിവർ പങ്കെടുത്തു. മേഖലയിലെ കേന്ദ്ര കമ്മിറ്റി അംഗങ്ങൾ , മേഖല എക്സിക്യൂട്ടീവ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. തുടർന്ന് പൊലിക നാട്ടുകൂട്ടം അവതരിപ്പിച്ചു.