കുവൈറ്റ് സിറ്റി> കുവൈറ്റ് മലയാളികളിലെ കാര്‍ഷിക അഭിരുചി പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക സംസ്കാരം നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച “എന്റെ കൃഷി 2021- 22” കാര്‍ഷിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന വിതരണവും “കൃഷി, സംസ്കാരം, അതിജീവനം” എന്ന പേരിൽ സെമിനാറും അബ്ബാസിയ കല സെന്ററിൽ വെച്ച് നടന്നു.
കല കുവൈറ്റ് ആക്ടിങ് പ്രസിഡന്റ് ശൈമേഷ് അധ്യക്ഷനായി. അഡ്വക്കേറ്റ് ജോൺ തോമസ് (അഡ്മിനിസ്ട്രേഷൻ മാനേജർ, യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ) സെമിനാർ ഉദ്ഘാടനം ചെയ്തു , ഈ വർഷത്തെ എന്റെ കൃഷി പ്രവർത്തന റിപ്പോർട്ട് എന്റെ കൃഷി ജനറൽ കൺവീനർ ഷാജു വി ഹനീഫ് അവതരിപ്പിച്ചു , കല കുവൈറ്റ് ജനറൽ സെക്രട്ടറി ജെ സജി, വനിതാവേദി പ്രസിഡന്റ് സജിത സ്കറിയ എന്നിവർ സംസാരിച്ചു. ട്രഷറർ അജ്നാസ് മുഹമ്മദ് സ്വാഗതവും, അബ്ബാസിയ മേഖല സെക്രട്ടറി ഹരിരാജ് നന്ദിയും പറഞ്ഞു.
മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ജയകുമാറിന് “കർഷകശ്രീ” പുരസ്കാരവും, രണ്ടാം സ്ഥാനം നേടിയ രാജൻ ലോപ്പസിന് “കർഷക പ്രതിഭ” പുരസ്കാരവും, മൂന്നാം സ്ഥാനം നേടിയ അൻസൺ പത്രോസിന് “കർഷക മിത്ര” പുരസ്കാരവും, നാല് മേഖലകളിൽ നിന്നായി 19 പേർക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു . അഞ്ഞൂറോളം മൽസരാർഥികളാണു 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെ 6 മാസക്കാലം ഫ്ളാറ്റുകളിലും, ബാൽക്കണികളിലും, ലഭിച്ച സ്ഥലങ്ങളിലും കൃഷി ചെയ്ത് ഈ മത്സരത്തിൽ പങ്കാളികളായത്. കൃഷി ചെയ്യുന്ന ഇനങ്ങളുടെ വൈവിദ്ധ്യം, കാര്‍ഷിക ഇനങ്ങള്‍ ഒരുക്കിയിരിക്കുന്ന രീതി, അനുവര്‍ത്തിക്കുന്ന കൃഷിവിതരണം രീതികള്‍, കുടുംബാംഗങ്ങളുടെ പങ്കാളിത്തം, ദൈനംദിന പരിചരണത്തിലും കൃഷി രീതികള്‍ സ്വായത്തമാക്കുന്നതിലുമുള്ള കുട്ടികളുടെ പങ്കാളിത്തം, പാഴ് വസ്തുക്കളുടെ പുനരുപയോഗം എന്നിവ മാനദണ്ഡമാക്കിയാണ് വിജയികളെ തെരഞ്ഞെടുത്തത്