ലക്നൗ> ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ജില്ലയില്‍ ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ കൊല നടന്നത്.രണ്ട് വയസുള്ള കുഞ്ഞടക്കമാണ് മരിച്ചത്. രാംകുമാര്‍ യാദവ്(55), ഭാര്യ(കുസും ദേവി), മകള്‍ മനീഷ(25), മരുമകള്‍ സവിത(27), അവരുടെ കുഞ്ഞ് (മീനാക്ഷി) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരു മകളായ സാഖി (5) ജീവന് നിലനിര്‍ത്തി.
പരിക്കുകള്‍ പ്രകാരം എല്ലാവരുടേയും തലയ്ക്ക് അടിയേല്ക്കുകയാണുണ്ടായതെന്ന് പൊലീസ് പറഞ്ഞു. യാദവിന്റെ വീട്ടില്‍ തീപിടിത്തമുണ്ടായെന്ന വിവരമാണ് ആദ്യം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് അഗ്നിശമന സേനയും പൊലീസുമെത്തി പരിശോധന നടത്തിയപ്പോള്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.
‘കുഞ്ഞിന്റേയും അമ്മയുടേയും മൃതദേഹം തീ പടര്‍ന്ന മുറിക്ക് തൊട്ടടുത്തായിരുന്നു ഉണ്ടായിരുന്നത്. യാദവിനും ഭാര്യയ്ക്കും പൊലീസെത്തുമ്പോഴും ശ്വാസമുണ്ടായിരുന്നു. ഇവര്‍ കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു. പിന്നീടാണ് യാദവിന്റെ മകളുടെ മൃതദേഹം കണ്ടത്’- ജില്ലാ മജിസ്ട്രേറ്റായ സഞ്ജയ് കുമാര്‍ ഘത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തില്‍ പ്രദേശവാസികള്‍ ശക്തമായി പ്രതിഷേധിക്കുകയും കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൊലീസിനോടാവശ്യപ്പെട്ടു. ഏപ്രില്‍ 16 ന് പ്രയാഗ് രാജില്‍ തന്നെ മറ്റൊരു കൂട്ടക്കൊല നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും കൊലപാതകം നടന്നിരിക്കുന്നത്.
38 കാരി പ്രീതി തിവാരിയേയും മൂന്ന് മക്കളെയുമാണ് കഴുത്ത് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രാഹുലിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. തന്റെ ബന്ധുക്കളുടെ മാനസീക പീഡനം മൂലമാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്കെത്തിയതെന്ന് രാഹുലിന്റേതായ ഒരു കത്തും പൊലീസിന് ലഭിച്ചിരുന്നു.