കോഴിക്കോട് > മിൽമയുടെ പുതിയ ഉൽപ്പന്നങ്ങൾ ചക്കപ്പായസം മിക്സും വെണ്ണറൊട്ടിയും (ബട്ടർറസ്ക്) വിപണിയിലിറക്കി. പനീർബട്ടർ മസാല ഉടൻ വിപണിയിലിറക്കും. ചെയർമാൻ കെ എസ് മണി പുതിയ ഉൽപന്നങ്ങൾ വിപണിയിൽ ഇറക്കി. മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്മെന്റ് ഫൗണ്ടേഷനുമായി (എംആർഡിഎഫ്) സഹകരിച്ചാണ് ചക്കപ്പായസം മിക്സ് തയ്യാറാക്കിയിട്ടുള്ളത്.
പാലും, ചക്ക പൗഡറും പായസത്തിലേക്കുള്ള മറ്റ് ചേരുവകളും അടങ്ങിയ പാക്കറ്റാണിത്. പാലും പായസ കിറ്റും ചേർത്ത് ചക്കപായസം തയ്യാറാക്കാം. മിക്സ് മൂന്നുമാസം വീട്ടിലെ താപനിലയിൽ കേടുകൂടാതെ സൂക്ഷിക്കാമെന്ന സവിശേഷതയുമുണ്ട്. കൂടുതൽ പോഷക മൂല്യത്തോടെ മിൽമ ബട്ടർ ഉപയോഗിച്ച് നിർമിക്കുന്നതാണ് വെണ്ണ റൊട്ടി (ബട്ടർ റസ്ക് ) . ശുദ്ധമായ പാൽ ഉപയോഗിക്കുന്നതിനാൽ രുചിയിലും ഗുണത്തിലും ബട്ടർ റസ്ക് മുന്നിട്ടു നിൽക്കുന്നു. എംആർഡിഎഫ് ഉത്പ്പന്നങ്ങളായ ബ്രഡ്, ബൺ, കപ്പ് കേക്ക് തുടങ്ങിയവ നിലവിൽ വിപണിയിൽ ലഭ്യമാണ്.
പരീക്ഷണങ്ങൾക്കൊടുവിൽ വികസിപ്പിച്ചെടുത്ത ഉൽപന്നമാണ് റെഡി ടു ഈറ്റ് ‘പനീർ ബട്ടർ മസാല’. മസാല ചേർത്ത് പാകം ചെയ്ത മിൽമ പനീർ പാക്കറ്റും മിൽക്ക് ക്രീം പാക്കറ്റും അടങ്ങിയതാണ് റെഡി ടു ഈറ്റ് മിൽമ പനീർ ബട്ടർ മസാല. പാക്കറ്റ് പൊട്ടിച്ച് പനീറും മിൽക്ക് ക്രീമും ഇളക്കിചേർത്ത് കഴിക്കാം. ചൂട് വേണമെന്നുള്ളവർക്ക് തവയിലോ ചട്ടിയിലോ വെച്ച് ചൂടാക്കിയും കഴിക്കാം. മൂന്നു മാസം സാധാരണ താപനിലയിൽ കേടുവരാതെ സൂക്ഷിക്കാം. രാസപദാർഥങ്ങളോ, കളറോപ്രിസർവേറ്റീവോ ചേർക്കാതെ പ്രകൃതിദത്ത ചേരുവകൾ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ ഉൽപന്നങ്ങൾ.