മനാമ > യെമനില്‍ വൈസ് പ്രസിഡന്റ് അലി മുഹ്സില്‍ അല്അ്മറിനെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി പിരിച്ചുവിട്ടു. തന്റെയും വൈസ്പ്രസിഡന്റിന്റെയും അധികാരങ്ങളെല്ലാം പ്രസിഡന്റ് പുതുതായി രൂപീകരിച്ച പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കണ്‍സിലിന് കൈമാറി. ഏഴുവര്‍ഷം നീണ്ട യുദ്ധം അവസാനിപ്പിക്കാനായി ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള യുഎന്‍ ശ്രമങ്ങള്‍ക്ക് ശക്തി പകരനാണ് നീക്കം. പ്രസിഡന്റിന്റെ പ്രഖ്യാപനത്തിന് പിന്നാലെ സൗദി 300 കോടി ഡോളര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു.
വ്യാഴാഴ്ച യെമന്‍ ടെലിവിഷനിലാണ് ഹാദി അധികാരകൈമാറ്റം പ്രഖ്യാപിച്ചത്. ഇടക്കാല ഭരണ ഘട്ടത്തിന്റെ ദൗത്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍ രൂപീകരിച്ചത്. ഇടക്കാല ഭരണകാലത്ത് രാഷ്ട്രീയ, സുരക്ഷാ, സൈനിക തലങ്ങളില്‍ ഭരണ ചുമതല പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ നിര്‍വഹിക്കുമെന്ന് ഹാദി അറിയിച്ചു. ഇറാന് പിന്തുണയുള്ള ഹുതി മിലിഷ്യയുമായി ചര്‍ച്ച നടത്തുന്ന ചുമതലയും കൗണ്‍സിലിനാണ്. ചെയര്‍മാനും ഏഴു ഡെപ്യൂട്ടി ചെയര്മാനുമടങ്ങുന്നതാണ് പ്രസിഡന്‍ഷ്യല്‍ ലീഡര്‍ഷിപ്പ് കൗണ്‍സില്‍. റശാദ് മുഹമ്മദ് അല്അലീമിയാണ് കൗണ്‍സില്‍ ചെയര്മാന്. ഡെപ്യൂട്ടി ചെയര്മാന്മാരില് സതേണ്‍ ട്രാന്‍സിഷണല്‍ കൗണ്‍സിലിന്റെ നേതാവ് ഐഡറസ് അല്‍ സുബൈദിയും ഉള്‍പ്പെടുന്നു.
നീക്കം ചെയ്യപ്പെട്ട വൈസ് പ്രസിഡന്റ് മുന്‍കാല സൈനിക നടപടികളാല്‍ ഹുതികള്ക്കും 1994 ലെ വടക്ക്-തെക്ക് ആഭ്യന്തരയുദ്ധത്തില്‍ പ്രധാന പങ്കുവഹിച്ചതിന് തെക്കന്‍ ജനതയ്ക്കും അനഭിമിതനാണ്.
യെമനില്‍ കഴിഞ്ഞ ശനി മുതല്‍ സൗദി സഖ്യ സേന വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അന്തിമവും സമഗ്രവുമായ പരിഹാരത്തിനായി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ ഹൂതികളുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സൗദി അറേബ്യ പുതിയ കൗണ്‍സിലിനോട് ആവശ്യപ്പെട്ടു. പത്തുവര്‍ഷത്തിനുശേഷമാണ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി പ്രസിഡന്റ് പദവി ഉപേക്ഷിക്കുന്നത്. അറബ് വസന്തത്തെുടര്ന്ന് യെമനിലും അരങ്ങേറിയ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് 2011ല്‍ അലി സാലിഹ് പ്രസിഡന്റ് പദവി ഒഴിയുകയും ഗള്‍ഫ് സമധഖാന പദ്ധതിപ്രകാരം 2012ല്‍ ഹാദി പ്രസഡന്റാവുകയുമായിരുന്നു. എന്നാല്‍, 2014ല്‍ ഹുതുമിലിഷ്യകള് അട്ടിമറിയിലൂടെ അധികാരം പിടിച്ചടക്കിയോടെ ഹാദി തലസ്ഥാനമായ സന വിട്ടു. ഏറെക്കാലം ഏദന്‍ തുറമുഖ പട്ടണം ആസ്ഥാനമാക്കിയാണ് ഭരണം നടത്തിയത്. യുദ്ധം പതിനായിരങ്ങളെ കൊല്ലുകയും സമ്പദ്വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്തു. ഏകദേശം കോടിയോളം പേര്, ജനസംഖ്യയുടെ 80 ശതമാനവും സഹായത്തെ ആശ്രയിക്കുന്ന അവസ്ഥയായി.