ചടയൻ ഗോവിന്ദൻ നഗർ (കണ്ണൂർ)
ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ദേശീയതലത്തിൽ രാഷ്ട്രീയസഖ്യം രൂപപ്പെടുത്തില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. രാജ്യത്തിന്റെ വൈവിധ്യവും സാഹചര്യവും അനുസരിച്ച് പ്രാദേശികതലത്തിലുള്ള സഖ്യമാണ് അനുയോജ്യമായത്. തെരഞ്ഞെടുപ്പിനുമുമ്പ് ഒരിക്കലും ദേശീയതലത്തിൽ സഖ്യം ഉണ്ടായിട്ടില്ലെന്നതാണ് ചരിത്രമെന്നും പാർടി കോൺഗ്രസിലെ വ്യാഴാഴ്ചത്തെ നടപടിക്രമം വിശദീകരിക്കാൻ മീഡിയ സെന്ററായ ചടയൻ ഗോവിന്ദൻ നഗറിൽ നടത്തിയ വാർത്താസമ്മേളനത്തിൽ യെച്ചൂരി പറഞ്ഞു.
വി പി സിങ് സർക്കാർ രൂപീകരിച്ചത് തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ മുന്നണിയിലൂടെയാണ്. ദേവഗൗഡ സർക്കാർ രൂപീകരണവും അങ്ങനെതന്നെ. 1998ൽ വാജ്പേയി സർക്കാർ അധികാരത്തിൽ വന്നതും തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ എൻഡിഎയിലൂടെയാണ്. 2004ൽ മൻമോഹൻ സിങ് അധികാരത്തിൽ വന്നതും തെരഞ്ഞെടുപ്പിനുശേഷം ഉണ്ടാക്കിയ യുപിഎയിലൂടെയും.
2024ലും അതാണ് സംഭവിക്കാൻ പോകുന്നത്. പ്രാദേശികസാഹചര്യം ആവശ്യപ്പെടുന്നതും അതാണ്. തമിഴ്നാട്ടിൽ ഡിഎംകെ, മഹാരാഷ്ട്രയിൽ എൻസിപി–-ശിവസേന സഖ്യം, ഒഡിഷയിൽ ബിജു ജനതാദൾ, ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ്, തെലങ്കാനയിൽ തെലങ്കാന രാഷ്ട്ര സമിതി എന്നിങ്ങനെ ഓരോ സംസ്ഥാനത്തും വ്യത്യസ്ത പ്രാദേശിക കക്ഷികൾക്കാണ് മേൽക്കൈ. ഇത്തരം കക്ഷികളെ കൂട്ടിയോജിപ്പിച്ച് ഫാസിസ്റ്റ് ശക്തിയായ ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാരിനെ താഴെയിറക്കാൻ കഴിയണം.
ഈ മുന്നണിയിൽ കോൺഗ്രസിനെ കൂട്ടുമോയെന്ന് ചോദിക്കുന്നവർ, കോൺഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങൾകൂടി പരിശോധിക്കണം. പാർടി കോൺഗ്രസിനോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറുകളിൽപ്പോലും അവർ പങ്കെടുക്കാത്തത് എന്തുകൊണ്ടാണ്? ഈ സെമിനാറുകളിൽ ഉയർന്നുവരുന്നത് ബിജെപി സർക്കാരിനെതിരായ നിലപാടുകളല്ലേ? എന്നിട്ടും എന്തുകൊണ്ടാണ് കോൺഗ്രസ് മാറിനിന്നതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി യെച്ചൂരി ചോദിച്ചു.
ജനറൽ സെക്രട്ടറി അവതരിപ്പിച്ച കരട് രാഷ്ട്രീയപ്രമേയത്തിന്മേൽ പ്രതിനിധികളുടെ ചർച്ച ആരംഭിച്ചു. വ്യാഴം ഉച്ചയ്ക്കുമുമ്പ് നടന്ന ചർച്ചയിൽ 12 പ്രതിനിധികളാണ് പങ്കെടുത്തത്. പി രാജീവ് (കേരളം), സ്രിജൻ ഭട്ടാചാര്യ (ബംഗാൾ), ആർ വദ്രി (തമിഴ്നാട്), ഉദയ് നാർക്കർ (മഹാരാഷ്ട്ര), ഹരിപാദ ദാസ് (ത്രിപുര), ലാലൻ ചൗധരി (ബിഹാർ), രാംഗോപാൽ (ആന്ധ്ര), പ്രകാശ് വിപ്ലവ് (ജാർഖണ്ഡ്), ജനാർദൻ പതി (ഒഡിഷ), ഇസ്ഫാഖുർ റഹ്മാൻ (അസം), ധൂളിചന്ദ് (രാജസ്ഥാൻ), ബാലകൃഷ്ണ ഷെട്ടി (കർണാടകം) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംഘാടകസമിതി ട്രഷറർ എം വി ജയരാജനും വാർത്താസമ്മേളനത്തിൽ ഉണ്ടായിരുന്നു.
സിൽവർലൈൻ നിലപാടിൽ വൈരുധ്യമില്ല
സിൽവർലൈൻ വിഷയത്തിൽ സിപിഐ എമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും നിലപാടുകളിൽ വൈരുധ്യമില്ലെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സാമൂഹ്യാഘാതപഠനം നടക്കുകയാണ്. അത് വരട്ടെയെന്നാണ് പാർടിയും സർക്കാരും പറയുന്നത്. പദ്ധതി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. ഇക്കാര്യത്തിൽ സംസ്ഥാനവും കേന്ദ്രവും തമ്മിൽ ചർച്ച നടക്കുകയല്ലേയെന്നും- യെച്ചൂരി പറഞ്ഞു.