തൃശൂർ
‘മണലാരണ്യത്തിൽ പോയി അധ്വാനിച്ച് സമ്പാദിച്ച പണംകൊണ്ട് കെട്ടിപ്പൊക്കിയ വീടാണിത്. നാടിന്റെ വികസനത്തിന് ഇത് വിട്ടുകൊടുക്കണമെന്ന് പറഞ്ഞാൽ ഒരു തടസ്സവും കൂടാതെ അതിന് തയ്യാറാകും’ വടൂക്കര എസ്എൻ നഗറിലെ നാലകത്ത് ചെഹിപ്പൂർ എൻ സി ഫസലുൽ റഹ്മാൻ പറഞ്ഞു. സ്വന്തം വീട് നഷ്ടപ്പെടുമെന്ന വിഷമമുണ്ടെങ്കിലും, കേരളത്തിൽ ഏറ്റവും അത്യാവശ്യമുള്ള കെ റെയിൽ പദ്ധതി നടപ്പാക്കാൻ സന്തോഷപൂർവം ഭൂമിയും വീടും വിട്ടുനൽകുമെന്ന് ഭാര്യക്കും മക്കൾക്കുമൊപ്പംനിന്ന് നിറപുഞ്ചിരിയോടെ അദ്ദേഹം വ്യക്തമാക്കി.
ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തപ്പോഴാണ് ഞങ്ങളുടെ വീടിനു മുകളിലൂടെയാണ് കെ റെയിൽ പദ്ധതി കടന്നുപോകുന്നതെന്ന് അറിഞ്ഞത്. പ്രദേശത്തെ വീട്ടുകാരുമായി കാര്യങ്ങൾ സംസാരിച്ചു. ഗതാഗതക്കുരുക്കിൽ വലയുന്ന കേരളത്തിന്റെ അവശ്യപദ്ധതിയായതിനാൽ ഭൂമി വിട്ടുനൽകാൻ ഏവരും മാനസികമായി തയ്യാറാണ്. ഭൂമി വിട്ടുനൽകുന്നവർക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തെ ക്കുറിച്ച് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകർ വീട്ടിലെത്തി വിവരിച്ചു. ഇതോടെയാണ് നാട്ടിൽ ചിലർ പ്രചരിപ്പിക്കുന്ന കള്ളത്തരങ്ങൾ തിരിച്ചറിയാനായതെന്ന് എസ് എൻ നഗർ പുതുമഠം പി വി വേണുഗോപാൽ, കക്കേരി കെ എസ് ദിവാകരൻ, മാങ്ങാടി എം സി വേലായുധൻ എന്നിവർ പറഞ്ഞു.
കെ റെയിൽ അധികാരികൾ എന്നതരത്തിൽ ചില ജമാത്തെ ഇസ്ലാമി പ്രവർത്തകർ പദ്ധതിക്കെതിരെ സമരം നടത്തണമെന്ന് പറഞ്ഞ് ഇവിടെ എത്തിയിരുന്നു. അർഹിക്കുന്നതിലധികം തുകയും നൽകി, സർക്കാർ നടപ്പാക്കുന്ന അവശ്യപദ്ധതി എതിർക്കുന്നത് എന്തിനെത്ത് തിരിച്ചു ചോദിച്ചതോടെ അവർ മടങ്ങിയെന്ന് ഫസലുൽ റഹ്മാൻ പറഞ്ഞു.
ഗൾഫിൽ തൊഴിലെടുത്തിരുന്ന ഫസൽ കോവിഡ് അടച്ചു പൂട്ടലിനെത്തുടർന്നാണ് തിരിച്ചെത്തിയത്. കെ എൽ ഫുഡ് എന്നപേരിൽ കമ്പനി തുടങ്ങി ജീവിതം മുന്നോട്ടു നീക്കുകയാണ് ഈ കുടുംബവും. കമ്പനിയുടെ പ്രധാന ഭാഗമായി പ്രവർത്തിക്കുന്ന വീടും ഭൂമിയുമാണ് ഫസൽ സന്തോഷത്തോടെ വിട്ടുകൊടുക്കാൻ തയ്യാറായി നിൽക്കുന്നത്.