കൊച്ചി > ഒൻപതാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി വേറിട്ട ആഘോഷമൊരുക്കി ലുലു മാൾ. മാളിൽ നടന്ന ആഘോഷ ചടങ്ങിൽ നടി മഞ്ജു വാര്യർ, ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് എന്നിവർ ആശംസകളുമായെത്തി. ആഘോഷത്തിൻ്റെ ഭാഗമായി ഇരുവരും ചേർന്ന് കേക്ക് മുറിച്ചു. സംവിധായകൻ മധു വാര്യർ, ക്യാമറാമാൻ സുകുമാർ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങിൽ ശ്രീശാന്തിനെ ആദരിച്ചു. വിരമിയ്ക്കൽ വാർത്തയ്ക്ക് ശേഷം ആദ്യമായി പൊതുമധ്യത്തിെലെത്തിയ ശ്രീ
വികാരധീനനായപ്പോൾ മാളിലെത്തിയ ഒരോരുത്തരും കയ്യടിയോടെ താരത്തിന് പിന്തുണ നൽകി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു മാത്രമാണ് വിരമിച്ചിട്ടുള്ളൂ എന്നും കളി ഇനിയും ഏറെ ബാക്കി ഉണ്ടെന്നുമായിരുന്നു ശ്രീയുടെ വാക്കുകൾ. കൊച്ചിയിലെ ലുലു മാൾ തൻ്റെ വീടിന് സമീപമാണെന്ന് എവിടെപ്പോയാലും അഭിമാനത്തോടെ പറയുമെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. തൻ്റെ ഭാഗ്യ നമ്പർ 9 ആണെന്നും, ലുലുമാളിൻ്റെ ഒൻപതാം വാർഷികത്തിൽ അതിഥിയായി എത്താൻ സാധിച്ചത് അതുകൊണ്ട് തന്നെ സന്തോഷം ഉണ്ടാക്കുന്നുവെന്നും ശ്രീ പറഞ്ഞു.
കൊച്ചിയുടെ മുഖമുദ്രയായി മാറിയ മാളിന് മഞ്ജു വാര്യർ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നേർന്നു. നായികയാവുന്ന ലളിതം സുന്ദരം എന്ന പുതിയ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പമാണ് മഞ്ജു വേദിയിലെത്തിയത്. പുതിയ സിനിമയുടെ വിശേഷങ്ങൾ നടി സദസ്സുമായി പങ്കുവെച്ചു. ആഘോഷ പരിപാടി സംഗീത സാന്ദ്രമാക്കി സംസ്ഥാന ചലച്ചിത്ര അവാര്ഡ് ജേതാവും പിന്നണി ഗായകനുമായ സൂരജ് സന്തോഷിൻ്റെ ബാന്ഡ് അവതരിപ്പിച്ച സംഗീത നിശ അരങ്ങേറി. ചടങ്ങിൽ മാളിലെ ക്രിസ്തുമസ് – ഷോപ് ആൻഡ് വിൻ നറുക്കെടുപ്പിലെ വിജയിയ്ക്ക് കാർ സമ്മാനിച്ചു.
ലുലു ഗ്രൂപ്പ് ഇന്ത്യ സിഇഒ & ഡയറക്ടർ എം എ നിഷാദ്, ലുലു മാൾ ബിസിനസ് ഹെഡ്സ് ഷിബു ഫിലിപ്സ്, സിഒഒ രജിത് രാധാകൃഷ്ണൻ, സിഎഫ്ഒ സതീഷ് കുറുപ്പത്ത്, ലുലുമാൾ കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോർഡിനേറ്റർ എൻ ബി സ്വരാജ്, ലുലു ഫൺട്യൂറ ഡയറക്ടർ അംബികാപതി, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു മാൾ മാനേജർ ഹരി സുഹാസ്, ലുലു ഗ്രൂപ്പ് ആർക്കിടെക്ട് കെ വി പ്രസൂൺ, എച്ച് ആർ മാനേജർ കെ പി രാജീവ് എന്നിവർ ആഘോഷ ചടങ്ങിൽ പങ്കെടുത്തു.
കേരളത്തിന്റെ ഷോപ്പിംഗ് സംസ്കാരത്തില് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന ലുലു മാളിൻ്റെ വിജയയാത്രയില് രാജ്യത്തെ മറ്റേത് മാളിനേക്കാള് ഏറ്റവുമധികം സന്ദര്ശകരെത്തിയെന്ന പ്രത്യേകത, അടക്കം നിരവധി നാഴികക്കല്ലുകള് പിന്നിട്ടു. ഒൻപത് വർഷത്തിനിടെ 16 കോടി ഉപഭോക്താക്കളാണ് മാള് സന്ദര്ശിച്ചത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും അൻപതിനായിരം വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. കഴിഞ്ഞ രണ്ട് വര്ഷം മാത്രം അന്താരാഷ്ട്ര ബ്രാന്ഡുകളുടെ അടക്കം 50 സ്റ്റോറുകള് മാളില് തുറന്നു. ഇതില് മാംഗോ, നൈക്ക ലക്സ്, അര്മാനി എക്സ്ചേഞ്ച്, കളക്ടീവ്, ലിവൈസ് റെഡ്ലൂപ്, റിതുകുമാര്, എം.എ.സി, ബോംബെ സ്റ്റോര്, ഫണ്ട്യൂറ, സ്റ്റാര് ബക്സ് ഉള്പ്പെടെ 20 ബ്രാന്ഡുകള് കേരളത്തില് ആദ്യമായാണെത്തുന്നത്.
ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ദീർഘവീക്ഷണത്തിൽ ഉയർന്നുപൊങ്ങിയ മാളിൽ പതിനായിരക്കണക്കിന് പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം ലഭിച്ചു. മാൾ സ്ഥിതി ചെയ്യുന്ന ഇടപ്പള്ളിയിൽ ഉൾപ്പെടെ ഇക്കാലയളവിൽ വൻ വികസനമാണുണ്ടായത്. ആയിരത്തോളം പുതിയ ഷോപ്പുകളാണ് മേഖലയിൽ തുറന്നത്.