ന്യൂ സൗത്ത് വെയിൽസിൽ നാസി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് NSW പാർലമെൻററി സമിതി ശുപാർശ ചെയ്തു. അതേസമയം ഹൈന്ദവ കേന്ദ്രങ്ങളിൽ സ്വാസ്തിക ചിഹ്നം ഉപയോഗിക്കുന്നതിന് സമിതി ഇളവ് നൽകിയിട്ടുണ്ട്.
നാസി ചിഹ്നങ്ങളുടെ പ്രദർശനം തടയാൻ ലക്ഷ്യമിട്ട് ലേബർ പോലീസ് വക്താവ് വാൾട്ട് സെക്കോർഡ് മുന്നോട്ട് വെച്ച ബില്ലിനാണ് NSW പാർലമെൻറ് സമിതി പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
ബില്ലിൻറ സംരക്ഷണ ലക്ഷ്യങ്ങളെ ശക്തമായ പിന്തുണക്കുന്നതായി സമിതി അറിയിച്ചു. അന്വേഷണത്തിൽ പങ്കെടുത്തവരാരും നാസി ചിഹ്നങ്ങൾ നിരോധിക്കാനുള്ള ബില്ലിൻറ ലക്ഷ്യങ്ങളോട് എതിർപ്പ് പ്രകടിപ്പിച്ചില്ലെന്നും സമിതി വ്യക്തമാക്കി.
സ്വാസ്തിക ചിഹ്നത്തിന് ഹൈന്ദവ വിശ്വാസം പ്രാധാന്യം കൽപ്പിക്കുന്നതിനാൽ ചില ഇളവുകളും സമിതി ശുപാർശ ചെയ്തു. സ്വാസ്തിക ചിഹ്നം ചരിത്രപരമോ, വിദ്യാഭ്യാസപരമോ ആയ ചടങ്ങുകളിലും, കേന്ദ്രങ്ങളിലും ഉപയോഗിക്കാമെന്ന് സമിതി നിർദ്ദേശിച്ചു.
തീരുമാനത്തെ സ്വാഗതം ചെയ്ത ഹിന്ദു സംഘടനകൾ, നാസി ചിഹ്നങ്ങൾ നിരോധിക്കാനുള്ള നീക്കത്തെ പിന്തുണക്കുന്നതായും വ്യക്തമാക്കി.
സമാധാനത്തെയും സമൃദ്ധിയെയും പ്രതിനിധീകരിക്കുന്ന സ്വാസ്തിക ചിഹ്നം, നാസി ചിഹ്നവുമായി ബന്ധപ്പെടുത്തത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ടെന്ന് ഹിന്ദു കൗൺസിൽ ഓഫ് ഓസ്‌ട്രേലിയ നാഷണൽ വൈസ് പ്രസിഡന്റ് സുരീന്ദർ ജെയിൻ പ്രസ്താവനയിൽ പറഞ്ഞു.
നിയമം മൂലം വിദ്വേഷ ചിഹ്നത്തെ നിരോധിക്കുമ്പോൾ വിശ്വാസപ്രകാരമുള്ള ആചാരങ്ങൾക്ക് ഇളവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുരീന്ദർ ജെയിൻ പറഞ്ഞു.
നിരോധനം ലംഘിക്കുന്ന വ്യക്തിക്ക് 5,500 ഡോളർ പിഴയോ, ആറ് മാസത്തെ തടവോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ നൽകാനാണ് ബില്ലിൽ ശുപാർശ ചെയ്തിരിക്കുന്നത്.
പാർലമെൻററി സമിതിയുടെ പിന്തുണ ലഭിച്ചതോടെ NSW ൽ നാസി സ്വാസ്തിക നിരോധിക്കാനുള്ള നീക്കത്തിലെ സുപ്രധാന ഘട്ടം കഴിഞ്ഞതായി NSW ജൂവിഷ് ബോർഡ് ഓഫ് ഡെപ്യൂട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡാരൻ ബാർക്ക് പറഞ്ഞു.
“നാസി സ്വാസ്തിക തിന്മയുടെ ചിഹ്നമാണ്. ദശലക്ഷക്കണക്കിന് ജനങ്ങളെ ഇല്ലാതാക്കിയതിനെയാണത് പ്രതിനിധീകരിക്കുന്നത്. ഏറ്റവും മനുഷ്യത്വരഹിതവും, വിദ്വേഷവും,കൊലപാതകവും അടിസ്ഥാനമാക്കിയുള്ള ഭരണകൂടങ്ങളെയും പ്രത്യയശാസ്ത്രങ്ങളെയുമാണ് അത് സൂചിപ്പിക്കുന്നത്.” ഡാരൻ ബാർക്ക് പറഞ്ഞു.
ബിൽ സംസ്ഥാന പാർലമെന്റിൽ ഉടൻ ചർച്ച ചെയ്യുമെന്നാണ് സൂചന.