മലയാളം മിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന “സുഗതാഞ്ജലി’ 2022 കാവ്യാലാപനമത്സരം- ദുബായ് ചാപ്റ്റർതല വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ (പത്ത് വയസ്സ് വരെയുള്ള കുട്ടികൾ) വിനായക് ഗിരീഷ് കുമാർ ദേവ്, അദീപ് ഗോപി എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടപ്പോൾ ഗൗരി രണ്ടാം സ്ഥാനം നേടി. ജൂനിയർ വിഭാഗത്തിൽ (പത്തുമുതൽ പതിനാറ് വയസ്സുവരെയുള്ള കുട്ടികൾ) കടുത്ത മത്സരം കാഴ്ച്ചവച്ച് അദിതി പ്രമോദ്, അനൈക മനോജ്, നിവേദിത എൻ രാജ്, എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. സാരംഗ് അനൂപ്, ബിഥ്യ ബിജു എന്നിവർ രണ്ടാം സ്ഥാനവും നേടി.
യു എ ഇ യിലെ പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ദ്ധ സമിതിയംഗവുമായ കെ എം അബ്ബാസ് ആണ് വിജയികളെ പ്രഖ്യാപിച്ചത്. ദുബായ് ചാപ്റ്റർ ജോയിന്റ് കൺവീനർ ജ്യോതി രാംദാസ് സ്വാഗതം പറഞ്ഞ് ആരംഭിച്ച പരിപാടിയിൽ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി അംബുജം സതീഷ് അധ്യക്ഷയായി. ഒന്നും രണ്ടും നേടിയ മുഴുവൻ കുട്ടികൾക്കും ആഗോളതല മത്സരത്തിൽ പങ്കെടുക്കാം. ദുബായ് ചാപ്റ്ററിനു കീഴിലുള്ള ആറു മേഖലകളിൽ നിന്നായി 60 ഓളം കുട്ടികളാണ് ചാപ്റ്റർ തലത്തിൽ മികച്ച മത്സരം കാഴ്ചവച്ചത്.
ലോക കേരള സഭാംഗം എൻ കെ കുഞ്ഞു മുഹമ്മദ്, വിധികർത്താക്കളും എഴുത്തുകാരും മലയാളം മിഷൻ ദുബായ് ചാപ്റ്റർ വിദഗ്ദ്ധ സമിതിയംഗങ്ങളുമായ മുരളി മംഗലത്ത്, എം ഓ രഘുനാഥ്, മലയാളം മിഷൻ ദുബായ് മുൻ ജോ. കൺവീനറും ചാപ്റ്റർ കമ്മറ്റിയംഗവുമായ സുജിത സുബ്രു എന്നിവർ വിജയികൾക്കും പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും ആശംസകൾ അറിയിച്ചു. ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ കൃതജ്ഞത രേഖപ്പെടുത്തി. ചാപ്റ്റർ ചെയർമാൻ ദിലീപ് സി എൻ എൻ, പ്രസിഡന്റ് സോണിയ ഷിനോയ് പുൽപ്പാട്ട്, കൺവീനർ റിംന അമീർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.