കൊച്ചി:എച്ച്ആർഡിഎസിലെ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഒന്നുമറിയില്ലെന്ന് സ്വപ്ന സുരേഷ്. വെള്ളിയാഴ്ചയാണ് ജോലിയിൽ പ്രവേശിച്ചത്. താൻ ഇപ്പോൾ ആ സ്ഥാപനത്തിലെ ജോലിക്കാരി ആണ്. എച്ച്ആർഡിഎസുമായി തനിക്ക് നേരത്തെ ഒരു ബന്ധവുമില്ലെന്നും സ്വപ്ന സുരേഷ് പ്രതികരിച്ചു.
ജോലിക്ക് വേണ്ടി ഒരുപാട് പേരെ സമീപച്ചെങ്കിലും എനിക്ക് ജോലി തരുന്നതിന് പേടിയാണെന്നാണ് പലരും പറഞ്ഞത്. അതുകൊണ്ട് യോഗ്യതയ്ക്കപ്പുറം പ്രതിസന്ധി ഘട്ടത്തിൽലഭിച്ച സഹായം കൂടിയാണ് ഈ ജോലി. അനിൽ എന്ന സുഹൃത്ത് വഴിയാണ് എച്ച്.ആർ.ഡി.എസിലെ ജോലിക്ക് അവസരം ലഭിച്ചത്. ഫോണിലൂടെ രണ്ട് റൗണ്ട് അഭിമുഖങ്ങൾ കഴിഞ്ഞതിനു ശേഷമാണ് താൻ ജോലിയിൽ പ്രവേശിച്ചത്. സ്ഥാപനത്തിന് രാഷ്ട്രീയബന്ധമുണ്ടോ എന്നൊന്നും അറിയില്ല.രാഷ്ട്രീയത്തെക്കുറിച്ച് എനിക്ക് ഒന്നുമറിയില്ല. എന്റെ നിയമനത്തിലേക്ക് എന്തിനാണ് എല്ലാവരും ചേർന്ന് രാഷ്ട്രീയം വലിച്ചിടുന്നത്?ജോലി നേടി വരുമാനം ഉണ്ടായാലേ മക്കളുടെ കാര്യങ്ങൾ നോക്കാൻ കഴിയൂ. നിങ്ങൾക്ക് എന്നെ കൊല്ലണമെങ്കിൽ കൊല്ലൂ, അല്ലാതെ ഇങ്ങനെ ദ്രോഹിക്കരുത്. ഞാനെന്റെ മക്കളെ ഒന്ന് വളർത്തിക്കോട്ടെ, ജീവിക്കാൻ അനുവദിക്കണം, സ്വപ്ന സുരേഷ് പറഞ്ഞു.
സ്ഥാപനത്തിലെ സ്ത്രീ ശാക്തികരണവിഭാഗം ഡയറക്ടർ ആയാണ് എനിക്ക് ചുമതല. ഞാനൊരു സ്ത്രീ ആണ്, ദുഃഖിക്കുന്ന ഒരമ്മയാണ്. താലി പൊട്ടിയ ഭാര്യയാണ്. ജോലി സ്ഥലത്തും ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുപോലൊരു സ്ത്രീക്ക് സമൂഹത്തിലെ സ്ത്രീകളുടെ പലപ്രശ്നങ്ങളും മനസ്സിലാക്കാൻ സാധിക്കും, അവരെ സഹായിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്.എതിരേ വരുന്ന എന്തിനേയും നേരിടാം എന്നേ ഇനി വിചാരിക്കുന്നുള്ളൂ. തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിലുൾപ്പെട്ട പലരും പലസ്ഥാപനങ്ങളിൽ ജോലിയിൽ തുടരുകയാണ്. എന്തുകൊണ്ട് എനിക്ക് മാത്രം അത് പറ്റില്ല. ഈ നാട്ടിലെ നിയമസംവിധാനത്തിൽ വിശ്വാസമുണ്ട്, സ്വപ്ന സുരേഷ് പറഞ്ഞു.
Content Highlights:Swapna suresh on appointment row