കൊച്ചി > ഫാക്ടറി തൊഴിലാളിയുടെ അപകട മരണത്തെ തുടർന്ന് കിറ്റ്സ് ഗാർമെൻറ്സ് മാനേജിങ് ഡയറക്ടർ സാബു എം ജേക്കബിനെതിരായ കേസ് തുടരാമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന സാബുവിൻ്റെ ആവശ്യം ജസ്റ്റിസ് എ എ സിയാദ് റഹ്മാൻ തള്ളി.
ഫാക്ടറി തൊഴിലാളിയായിരുന്ന പി ജെ അജിഷ് അപകടത്തിൽ മരണമടഞ്ഞതിനെ തുടർന്ന് സാബുവിനെ പ്രതിചേർത്ത് കേസെടുത്തിരുന്നു. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ നിലവിലുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 2014 മെയ് 24ന് ഉണ്ടായ അപകടത്തിലാണ് തൊഴിലാളി മരിച്ചത്.
ഫാക്ടറി തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിൽ വീഴ്ച വരുത്തിയെന്ന കുറ്റത്തിന് പെരമ്പാവൂർ ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് ഇൻസ്പെക്ടർ നൽകിയ പരാതിയിലാണ് മജിസ്ട്രേറ്റ് കേസെടുത്തത്.
കമ്പനിയുടെ മാനേജിങ് ഡയറക്ടറായ തൻ്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാൽ തനിക്കെതിരെ ക്രിമിനൽ കേസ് നിലനിൽക്കില്ലന്നുമായിരുന്നു സാബുവിൻ്റെ വാദം. എന്നാൽ ഉടമക്കെതിരെ കേസെടുക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ വിഴ്ച വരുത്തിയതിനാലാണ് ഉദ്യോഗസ്ഥൻ്റെ പരാതിയിൽ കേസെടുത്തതെന്നും പബ്ലിക് പ്രേസിക്യൂട്ടർ സുധീർ ഗോപാലകൃഷ്ണൻ ബോധിപ്പിച്ചു. കേസ് റദ്ദാക്കാനാവില്ലും പ്രതി വിചാരണ നേരിടണമെന്നും ഫാക്ടറി നടത്തിപ്പിൻ്റെ ചുമതല സംബന്ധിച്ച കാര്യങ്ങൾ വിചാരണയിലാണ് പരിശോധിക്കേണ്ടതെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.