പണം എങ്ങനെ ചിലവാക്കണമെന്ന് കുട്ടികൾ പഠിക്കേണ്ടത് അനിവാര്യതയാണ്. പണ്ട് കാലത്ത് മാതാപിതാക്കൾ സമ്മാനിക്കുന്ന ചെറിയ പോക്കറ്റ് മണികളാണ് പണമിടപാടിന്റെ ബാലപാഠങ്ങൾ പഠിക്കാൻ നമ്മളെയെല്ലാം സഹായിച്ചിട്ടുണ്ടാവുക. സ്കൂളിലേക്ക് വേണ്ട പുസ്തകം, പേന, പെൻസിൽ ബസ് യാത്രയ്‍ക്കുള്ള കാശ്, ഒപ്പം ഇടയ്ക്കൊക്കെ അടുത്തുള്ള കടയിൽ നിന്നും മിഠായികൾ വാങ്ങി കഴിക്കാനുള്ള കാശും.
ഇന്ന് കാലമേറെ മാറി ഡിജിറ്റൽ യുഗത്തിൽ ഇന്ത്യയിലാകമാനം ഡിജിറ്റൽ പണമിടപാടുകൾ ഏറെ ജനപ്രിയമായിക്കഴിഞ്ഞു. ചെറിയ പെട്ടിക്കടകളിൽ മുതൽ വലിയ സൂപ്പർമാർക്കറ്റുകളിൽ വരെ ഡിജിറ്റൽ പേമെന്റുകളും കാർഡ് പേമെന്റുകളുമാണുള്ളത്. തീർച്ചയായും ഇവയുടെ ഉപയോഗവും കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് തന്നെ.
കുട്ടികളെ സ്മാർട്ഫോൺ ഉൾപ്പടെയുള്ള സാങ്കേതിക വിദ്യകളിൽ നിന്ന് അകറ്റി നിർത്തുക ഇനിയത്ര പ്രായോഗികമായിക്കൊള്ളണമെന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള ഒരു ഉദ്യമത്തിനിറങ്ങിയിരിക്കുകയാണ് മുമ്പ് പേടിഎമ്മിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥർ.
കുട്ടികൾക്ക് വേണ്ടി ഒരു ഡിജിറ്റൽ പേമെന്റ് ആപ്ലിക്കേഷൻ അവതരിപ്പിച്ചിരിക്കുകയാണ് ജൂനിയോ എന്ന സ്റ്റാർട്ട് അപ്പ്. പേടിഎമ്മിൽ ഉദ്യോഗസ്ഥരായിരുന്ന അങ്കിത് ഗെര, ശങ്കർനാഥ് എന്നിവർ ചേർന്നാണ് 2020 ൽ ഡൽഹിയിൽ ജൂനിയോയ്‍ക്ക് തുടക്കമിട്ടത്.
ജൂനിയോ എന്ന് തന്നെയാണ് ഇവർ തയ്‌യാറാക്കിയിരിക്കുന്ന ആപ്പിന് പേര്. സംഗതി ഇങ്ങനെയാണ്. കുട്ടികളുടെ ഫോണിലും രക്ഷിതാക്കളുടെ ഫോണിലും ജൂനിയോ ആപ്പ് ഇൻസ്റ്റാൾ ചെയ്‌യുന്നു. രക്ഷിതാവിന്റെ നിയന്ത്രണത്തിലായിരിക്കും കുട്ടികളുടെ ജൂനിയോ അക്കൗണ്ട്. ജൂനിയോ ആപ്പ് ആൻഡ്രോയിഡിലും ഐഓഎസിലും ലഭ്യമാണ്. കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഒരു പോലെ ഫോൺനമ്പറുകൾ ഉപയോഗിച്ച് ഇതിൽ അക്കൗണ്ടുകൾ തുടങ്ങാം.
ലളിതമായ കെവൈസി വെരിഫിക്കേഷനിലൂടെ കുട്ടികൾക്ക് വേണ്ടിയുള്ള വിർച്വൽ പ്രീപെയ്‌ഡ് കാർഡ് രക്ഷിതാക്കൾക്ക് നിർമിച്ചെടുക്കാം. സാമ്പത്തിക ഇടപാടിനുള്ള പിന്തുണ നൽകുന്നത് ആർബിഎൽ ബാങ്ക് ആണ്. റുപേയുടെ (Rupay) പിന്തുണയിലാണ് കാർഡ് ഇടപാടുകൾ നടക്കുന്നത്.
കുട്ടികൾക്ക് വേണ്ടിയുള്ള വിർച്വൽ കാർഡ് നിർമിക്കപ്പെട്ടാൽ രക്ഷിതാക്കൾക്ക് ഈ കാർഡിൽ പണം ഇട്ടുകൊടുക്കാം. ഈ കാർഡ് ഓൺലൈൻ ഇടപാടുകൾക്കെല്ലാം ഉപയോഗിക്കാനും സാധിക്കും. സാധാരണ നമ്മൾ ഉപയോഗിക്കുന്ന പോലുള്ള ഫിസിക്കൽ കാർഡ് ദിവസങ്ങൾക്കുള്ളിൽ കയ്‌യിൽ കിട്ടുകയും ചെയ്‌യും. ഈ കാർഡ് എവിടെയും ഉപയോഗിച്ച് ഇടപാട് നടത്താനാവും.
കൂട്ടികൾ എവിടെയെല്ലാം പണം ചിലവഴിക്കുന്നുവെന്ന് മൊബൈൽ ആപ്പ് വഴി രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കും. ഇടപാട് സംബന്ധിച്ച് കുട്ടികൾക്കും രക്ഷിതാവിനും ഒരു പോലെ നോട്ടിഫിക്കേഷൻ ലഭിക്കും.
എത്ര ദിവസങ്ങൾക്ക് ശേഷം ഈ രീതിയിൽ പോക്കറ്റ് മണി നൽകണം എന്ന് രക്ഷിതാക്കൾക്ക് തീരുമാനിക്കാം. അതായത് ഒരോ ആഴ്ചയിലും കുട്ടികളുടെ അക്കൗണ്ടിൽ നിശ്ചിത തുക ക്രെഡിറ്റാവുന്ന രീതിയിൽ സെറ്റ് ചെയ്‌യാം. ഇത് ഒരു മാസത്തെ ഇടവേള വരെ ലഭ്യമാണ്.
ജൂനിയോയുടെ വിർച്വൽ കാർഡും, ഫിസിക്കൽ കാർഡും വെറും പ്രീപെയ്‌ഡ് കാർഡ് മാത്രമാണ്. ഇത് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടാവില്ല. റീച്ചാർജ് ചെയ്‌യുന്ന തുക ഈ കാർഡ് വഴി ചിലവാക്കാം എന്ന് മാത്രം. 10000 രൂപ വരെ മാത്രമേ ഈ കാർഡ് വഴി പരമാവധി ചിലവഴിക്കാനാവൂ.
മാസങ്ങൾക്ക് മുമ്പാണ് ജൂനിയോ ആപ്പ് പുറത്തിറക്കിയത്. ഇതിനകം പത്ത് ലക്ഷത്തിലേറെ പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ദിവസവും 10000 ൽ ഏറെ ഇടപാടുകൾ കാർഡ് വഴി നടക്കുന്നുണ്ട്. ഇതുവരെ ആറ് ലക്ഷത്തിലേറെ അക്കൗണ്ടുകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏകദേശം മൂന്ന് ലക്ഷം പേർ കുട്ടികളാണ്.
ഒരു ഫിസിക്കൽ ജൂനിയോ കാർഡിനായി കമ്പനി 99 രൂപ ഈടാക്കും. കാർഡ് വഴി നടക്കുന്ന ഇടപാടുകൾക്കും നിശ്ചിത തുക കമ്പനിക്ക് ലഭിക്കും. ഈ രീതിയിലാണ് ജൂനിയോ സംരംഭത്തിന്റെ വരുമാനം. 1-1.5 ശതമാനം വരെയാണ് ഇത്. പ്രചാരം വർധിപ്പിക്കാനുള്ള ഓഫറുകൾ അവതരിപ്പിക്കാനും കമ്പനി ഒരുങ്ങുകയാണ്. മുതിർന്ന കുട്ടികൾക്കായി സേവിങ്സ് അക്കൗണ്ട് ഒരുക്കാനും ജൂനിയോയ്‍ക്ക് പദ്ധതിയുണ്ട്.
Content Highlights: junio a pocket money app, paytm, digital payment, for kids ex-paytm executives