പാലക്കാട് > തമിഴ്നാട്ടിൽ ശനിയാഴ്ച തദ്ദേശ തെരഞ്ഞെടുപ്പ് നടക്കും. വർഷങ്ങളായി തെരഞ്ഞെടുപ്പ് നടക്കാതിരുന്ന 21 കോർപറേഷൻ, 138 നഗരസഭ, 489 നഗരപഞ്ചായത്ത്, 648 നഗര റൂറൽ പഞ്ചായത്ത് എന്നിവിടങ്ങളിലായി 12,826 വാർഡിലേക്കാണ് തെരഞ്ഞെടുപ്പ്. ശനി രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. 31,150 ബൂത്തിലായി 2.79 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുക. 22നാണ് വോട്ടെണ്ണൽ.
ഡിഎംകെ നേതൃത്വത്തിലുള്ള മതേതര മുന്നണിയും എഐഎഡിഎംകെയുമാണ് പ്രധാനമായും ഏറ്റുമുട്ടുന്നത്. ബിജെപി, പിഎംകെ തുടങ്ങിയ പാർടികൾ തനിച്ചാണ് മത്സരിക്കുന്നത്. ഡിഎംകെ നേതൃത്വം നൽകുന്ന മതേതര മുന്നണിയിൽ സിപിഐ എം 600ലധികം വാർഡിൽ മത്സരിക്കുന്നു. ചിലയിടത്ത് മുന്നണിയില്ലാതെയും മത്സരിക്കുന്നുണ്ട്. സംസ്ഥാനത്താകെ 218 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടിടത്ത് സിപിഐ എം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തിരുപ്പൂർ ജില്ലയിലെ ചിന്നക്കമ്പാളയം നഗര റൂറൽ പഞ്ചായത്തിൽ മകുടേശ്വരിയും തിരുനെൽവേലി നാങ്കുനേരി റൂറൽ പഞ്ചായത്തിൽ പി എം മുരുകനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മതേതരമുന്നണിക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കനിമൊഴി എംപി, സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, പൊളിറ്റ്ബ്യൂറോ അംഗം ജി രാമകൃഷ്ണൻ, സിപിഐ സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ എന്നിവരും എഐഎഡിഎംകെക്കുവേണ്ടി മുൻ മുഖ്യമന്ത്രി എടപ്പാടി പഴനിസ്വാമി, ഒ പനീർശെൽവം എന്നിവരാണ് പ്രചാരണം നടത്തുന്നത്.