സാംസങ് അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാർട്ഫോൺ പരമ്പരയായ സാംസങ് ഗാലക്സി എസ്22 ഇന്ത്യൻ വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു. സാംസങ് ഗാലക്സി എസ്22, ഗാലക്സി എസ്22 പ്ലസ്, സാംസങ് ഗാലക്സി എസ്22 അൾട്ര ഫോണുകളാണ് അവതരിപ്പിച്ചത്. കഴിഞ്ഞയാഴ്ചയാണ് ഇവ ആഗോള വിപണിയിൽ അവതരിപ്പിച്ചത്. ഗാലക്സി എസ്21 പിൻമുറക്കാരായാണ് പുതിയ ഫോണുകൾ എത്തിയിരിക്കുന്നത്. ക്വാൽകോമിന്റെ മുൻനിര പ്രൊസസർ ചിപ്പായ സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസറുമായാണ് ഫോൺ എത്തുന്നത്.
എസ് 22 പരമ്പരയുടെ വില വിവരങ്ങൾ
ഗാലക്സി എസ്22 ന്റെ രണ്ട് സ്റ്റോറേജ് ഓപ്ഷനുകളാണ് എത്തിയിരിക്കുന്നത്. 8എട്ട് ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ് പതിപ്പിന് 72999 രൂപയും എട്ട് ജിബിയും + 256 ജിബി പതിപ്പിന് 76999 രൂപയുമാണ് വില.
ഗാലക്സി എസ് 22 പ്ലസിനും രണ്ട് പതിപ്പുകളാണുള്ളത്. 8 ജിബി റാം + 128 ജിബി പതിപ്പിന് 84999 രൂപയും 8 ജിബി റാം + 256 ജിബി പതിപ്പിന് 88999 രൂപയുമാണ് വില.
ഗാലക്സി എസ്22 അൾട്രയുടേതാകട്ടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 1,09,999 രൂപയും 12 ജിബി + 512 ജിബി പതിപ്പിന് 1,18,999 രൂപയുമാണ് വില.
ഗ്രീൻ, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് നിറങ്ങളിലാണ് എസ് 22, എസ്22 പ്ലസ് ഫോണുകൾ എത്തുക. അതേസമയം എസ് 22 അൾട്രയ്‍ക്ക് ബർഗണ്ടി, ഫാന്റം ബ്ലാക്ക്, ഫാന്റം വൈറ്റ് എന്നീ നിറങ്ങളാണുണ്ടാവുക. അൾട്രയുടെ 512 ജിബി സ്റ്റോറേജ് പതിപ്പിന് ഫാന്റം ബ്ലാക്ക് നിറം മാത്രമാണുള്ളത്.
ഫോണുകൾക്ക് വേണ്ടിയുള്ള പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 25 മുതൽ ഫോൺ ലഭ്യമാവും.
സവിശേഷതകൾ
സാംസങ് ഗാലക്സി എസ് 22
ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. 6.1 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. ഗൊറില്ല ഗ്ലാസ് വിക്‍ടസ് പ്ലസ് സംരക്ഷണമുണ്ട് ഇതിന്. ആർമർ അലൂമനിയം ബോഡിയാണ് ഫോണിന് നൽകിയിരിക്കുന്നത്. 120 ഹെർട്സ് റിഫ്രഷ് റോറ്റുള്ള സ്ക്രീനിൽ സാംസങിന്റെ ഐ കംഫർട്ട് ഷീൽഡ് സംരക്ഷണവുമുണ്ട്. ഒരു ഒക്‍ടാകോർ 4എൻഎം പ്രൊസസർ ചിപ്പാണിതിലുള്ളത്. എട്ട് ജിബി റാം ശേഷിയുണ്ട്.
50 മെഗാപിക്സൽ പ്രധാന ക്യാമറയായെത്തുന്ന ട്രിപ്പിൾ റിയർ ക്യാമറയിൽ 12 എംപി അൾട്രാ വൈഡ് ക്യാമറ, 10 എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. മികച്ച അപ്പേർച്ചറോടുകൂടിയാണ് ഇവ ഒരുക്കിയിരിക്കുന്നത്. അൾട്രാ വൈഡ് ആംഗിൾ ലെൻസിന് 120 ഡിഗ്രി ഫീൽഡ് ഓഫ് വ്യൂ ഉണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, 3x ഒപ്റ്റിക്കൽ സൂം എന്നിവയുമുണ്ട്. 10 എംപി ക്യാമറയാണ് സെൽഫിയ്‍ക്ക് നൽകിയിരിക്കുന്നത്.
256 ജിബി വരെയാണ് ഇതിൽ സ്റ്റോറേജുള്ളത്. 5ജി കണക്റ്റിവിറ്റിയുണ്ട്. 3700 എംഎഎച്ച് ബാറ്ററിയിൽ 25 വാട്ട് അതിവേഗ വയേർഡ് ചാർജിങ് സൗകര്യവും 15 വാട്ട് വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്. റിവേഴ്സ് ചാർജിങും സാധ്യമാണ്.
സാംസങ് ഗാലക്സി എസ്22 പ്ലസ്
ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 പ്ലസിലുള്ളത്. 6.6 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2x ഡിസ്പ്ലേയിൽ നീല വെളിച്ചം നിയന്ത്രിക്കുന്നതിനുള്ള ഐ കംഫർട്ട് ഷീൽഡുമുണ്ട്. 120 ഹെർട്സ് ആണ് റിഫ്രഷ് റേറ്റ്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് ലഭിക്കും. ഒരു ഒക്‍ടാകോർ 4എൻഎം പ്രൊസസറാണ് ഗാലക്സി എസ്22 പ്ലസിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.
ഇതിലെ റിയർ ക്യാമറയിൽ 50എംപി ഡ്യുവൽ പിക്സൽ ഓട്ടോ ഫോക്കസ് വൈഡ് ആംഗിൾ സെൻസർ പ്രധാന ക്യാമറയായെത്തുന്നു. 12 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 10 എംപി ടെലിഫോട്ടോ ലെൻസും ഇതിലുണ്ട്. 3x ഒപ്റ്റിക്കൽ സൂം, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുണ്ട്. 10 എംപി ആണ് സെൽഫി കാമറ.
256 ജിബി വരെ ഇതിൽ സ്റ്റോറേജ് ലഭിക്കും. 5ജി കണക്റ്റിവിറ്റിയുണ്ട്. 4500 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് അതിവേഗ വയേർഡ് ചാർജിങ് സൗകര്യവും 15 വാട്ട് വയർലെസ് ചാർജിങ് സൗകര്യവുമുണ്ട്. ഒപ്പം വയർലെസ് പവർഷെയർ ഉപയോഗിച്ചുപള്ള റിവേഴ്സ് വയർലെസ് ചാർജിങ് സംവിധാനവുമുണ്ട്. 196 ഗ്രാം ആണ് ഇതിന്റെ ഭാരം.
സാംസങ് ഗാലക്സി എസ് 22 അൾട്ര
എസ് പെൻ ഒന്നിച്ചുവരുന്ന ആദ്യ എസ് സീരീസ് ഫോൺ ആണ് ഗാലക്സി എസ് 22 അൾട്ര. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ാണ് ഗാലക്സി എസ് 22 ലുള്ളത്. മറ്റ് ഫോണുകളെ വ്യത്യസ്തമായി 6.8 ഇഞ്ച് എഡ്ജ് ക്യുഎച്ച്ഡി പ്ലസ് ഡൈനാമിക് അമോലെഡ് 2എക്സ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. ഡിസ്പ്ലേയ്‍ക്ക് ഗൊറില്ല ഗ്ലാസ് വിക്‍ടസ് പ്ലസ് സംരക്ഷണമുണ്ട്. 1750 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് കിട്ടും. എസ് പെന്നിന്റെ പ്രവർത്തനം മികച്ചതാക്കുന്നതിനുള്ള പരിഷ്കരിച്ച വാകോം സാങ്കേതിക വിദ്യയും ഇതിൽ ഉപയോഗിച്ചിരിക്കുന്നു. ഒരു ഒക്‍ടാകോർ 4എൻഎം പ്രൊസസറാണിതിന് ശക്തിപകരുന്നത്. 12 ജിബി വരെ റാം ശേഷിയുണ്ട്.
മറ്റ് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ക്വാഡ് റിയർ ക്യാമറയാണിതിന്. ഇതിൽ 108 എംപി വൈഡ് ആംഗിൾ പ്രധാന ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയും രണ്ട് 10 എംപി ടെലിഫോട്ടോ ക്യാമറകളും ഉൾപ്പെടുന്നു. സ്പേസ് സൂം, 10 എക്സ് ഒപ്റ്റിക്കൽ സൂം എഐ സൂപ്പർ റസലൂഷൻ ടെക്നോളജി എന്നിവയും ക്യാമറയിലുണ്ട്. 40 എംപി ക്യാമറയാണ് സെൽഫിയ്‍ക്കായി നൽകിയിരിക്കുന്നത്.
128ജിബി, 256 ജിബി., 512ജിബി, 1ടിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഗാലക്സി എസ്22 അൾട്ര വിൽപനയ്‍ക്കെത്തും. 5000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വയേർഡ് ചാർജിങ് സൗകര്യമുണ്ട്. 15 വാട്ട് വയർലെസ് ചാർജിങും വയർലെസ് പവർഷെയർ ഉപയോഗിച്ചുള്ള വയർലെസ് റിവേഴ്സ് ചാർജിങുമുണ്ട്. 229 ഗ്രാം ആണ് ഇതിന് ഭാരം.
Content Highlights: Samsung Galaxy S22 series, S22 ultra, S22 plus, Galaxy Phones with Spen, New samsung Phones