ഫേസ്ബുക്കിന്റെ ന്യൂസ് ഫീഡ് ഇനി ഫീഡ് എന്നായിരിക്കും അറിയപ്പെടുകയെന്ന് മെറ്റ. ഫേസ്ബുക്ക് തുറക്കുമ്പോൾ തന്നെ പോസ്റ്റുകളെല്ലാം കാണുന്ന ഇടമാണ് ന്യൂസ് ഫീഡ്. 15 വർഷങ്ങൾക്ക് മുമ്പാണ് ന്യൂസ് ഫീഡ് എന്ന പേര് ആദ്യമായി അവതരിപ്പിച്ചത്.
ഇന്ന് മുതൽ ന്യൂസ് ഫീഡ് ഫീഡ് എന്നായിരിക്കും അറിയപ്പെടുകയെന്ന് ഫെയ്സ്ബുക്ക് ട്വീറ്റ് ചെയ്തു. എന്താണ് ഈ പേര് മാറ്റത്തിന് കാരണമെന്ന് കമ്പനി വിശദീകരിച്ചിട്ടില്ല.
വ്യാപകമായി തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിക്കുന്നയിടമാണ് ന്യൂസ് ഫീഡ് എന്ന വിമർശനം ഏറെ കാലമായി ഉയരുന്നുണ്ട്. വ്യാജ വാർത്തയുടെ പ്രധാന പ്രചാരണ മാധ്യമമായി ഫേസ്ബുക്ക് ഉയർത്തിക്കാണിക്കപ്പെടുകയും ചെയ്‌യുന്നു. ഈ ചീത്തപ്പേരിൽ നിന്ന് അകലം പാലിക്കാനാണ് ഈ പേര്മാറ്റമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ പേര് മാറ്റിയത് കൊണ്ട് ഇല്ലാതാവുന്ന പ്രശ്നമല്ല ഫെസ്ബുക്കിലെ വ്യാജ വാർത്തകൾ.
അതേസമയം, ഉള്ളടക്കങ്ങളുടെ വൈവിധ്യങ്ങളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പേര്മാറ്റമെന്ന് ഫേസ്ബുക്ക് വക്താവ് ഡാമി ഓയെഫെസോ പറഞ്ഞതായി ദി വെർജ് റിപ്പോർട്ട് ചെയ്തു.
2021-ലാണ് ഫേസ്ബുക്ക് കമ്പനി മെറ്റ പ്ലാറ്റ്ഫോംസ് എന്ന പേരിലേക്ക് മാറിയത്. യഥാർത്ഥ ലോകത്തേയും വിർച്വൽ ലോകത്തേയും സംയോജിപ്പിച്ചുകൊണ്ടുള്ള മെറ്റാവേഴ്സ് എന്ന ഹൈബ്രിഡ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പേര്മാറ്റം.
അതേസമയം, ന്യൂസ് ഫീഡിലെ ന്യൂസ് എന്നത് പുതിയൊരു ടാബ് ആക്കി മാറ്റുന്നതിന്റെ ഭാഗമായാണ് ഈ പേര് മാറ്റമെന്നും കരുതുന്നു. ഫ്രാൻസിലെ ഉപഭോക്താക്കൾക്ക് വേണ്ടി ന്യൂസ് എന്ന പേരിൽ പുതിയ ടാബ് ഫേസ്ബുക്ക് തുടങ്ങിയിട്ടുണ്ട്. വിശ്വാസയോഗ്യമായ വാർത്താ ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകൾ കാണിക്കുന്നതിന് വേണ്ടിയാണ് ഈ ടാബ് തയ്‌യാറാക്കിയിരിക്കുന്നത്.
Content Highlights: Facebook’s News Feed will now be known as Feed