ട്വിറ്ററിൽ പണമിടപാട് നടത്തുന്നതിനായി പേടിഎം ഓപ്ഷനും ഉൾപ്പെടുത്തി. ക്രിയേറ്റർമാർക്ക് അവരുടെ ട്വിറ്റർ അക്കൗണ്ട് മോണിറ്റൈസ് ചെയ്‌യുന്നതിനും ഫോളവർമാരിൽ നിന്നും മറ്റ് ട്വിറ്റർ ഉപഭോക്താക്കളിൽ നിന്നും പണം സ്വീകരിക്കുന്നതിനും വേണ്ടിയാണിത്. ഇന്ത്യയിൽ 18 വയസിന് മുകളിലുള്ള എല്ലാ ഉപഭോക്താക്കൾക്കും ടിപ്സ് (Tips) ഫീച്ചർ ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കി. ആൻഡ്രോയിഡിലും ഐഒഎസിലും ഇത് ലഭിക്കും.
പേടിഎമ്മിന്റെ സഹായത്തോടെ യുപിഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവയെല്ലാം ഉപയോഗിച്ച് ഇനി പണമിടപാട് നടത്താനാകും.
കഴിഞ്ഞ വർഷം മേയിലാണ് ട്വിറ്റർ പുതിയ ടിപ്പ് ജാർ ഫീച്ചർ അവതരിപ്പിച്ചത്. സെപ്റ്റംബറിൽ ഇത് ഐഓഎസ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കി. നവംബറിൽ ഇത് ആൻഡ്രോയിഡിലുമെത്തി.
നേരത്തെ ഇന്ത്യൻ ക്രിയേറ്റർമാർക്ക് അവരുടെ ബിറ്റ് കോയിൻ, എഥീറിയം അഡ്രസ് ലിങ്കുകളും, പേട്രൺ, റേസർ പേ ലിങ്കുകളും നൽകാൻ മാത്രമാണ് സാധിച്ചിരുന്നത്. പേടിഎം വരുന്നതോടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വളരെ എളുപ്പത്തിൽ ക്രിയേറ്റർമാരുമായി പണമിടപാട് നടത്താൻ സാധിക്കും.
ക്രിയേറ്റർമാർക്ക് പേടിഎം ടിപ്പ് എങ്ങനെ ആക്റ്റിവേറ്റ് ചെയ്‌യാം?
ട്വിറ്റർ ആപ്പിൽ പ്രൊഫൈൽ സെക്ഷനിൽ പോയി എഡിറ്റ് പ്രൊഫൈൽ ബട്ടൻ ക്ലിക്ക് ചെയ്‌യുക.
പ്രൊഫൈൽ എഡിറ്റ് ചെയ്‌യാനുള്ള സെക്ഷനിൽ താഴെയായി Tips എന്നൊരു ഓപ്ഷൻ കാണാം. നേരത്തെ ഇത് ഉപയോഗിച്ചിട്ടില്ലെങ്കിൽ off എന്നായിരിക്കും കാണുക.
ഈ ഓപ്ഷൻ നിങ്ങൾക്ക് കാണുന്നില്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ ജനന തീയ്‌യതി നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. 18 വയസിന് താഴെയുള്ളവർക്ക് ഈ ഫീച്ചർ ഒഴിവാക്കിയിട്ടുണ്ട്. പ്രായം വ്യക്തമാക്കിയിട്ടില്ലെങ്കിൽ ഈ സൗകര്യം ലഭിക്കില്ല.
Tips ക്ലിക്ക് ചെയ്താൽ മറ്റൊരു സ്ക്രീൻ തുറന്നുവരും അവിടെ ടിപ്സ് ഫീച്ചർ ഓൺ ആക്കുന്നതിനും ഓഫ് ആക്കുന്നതിനുമുള്ള ടോഗിൾ ബട്ടനുണ്ടാവും.
അതിന് താഴെയായി ബിറ്റ്കോയിൻ, എഥീറിയം, പേട്രൺ, പേടിഎം, റേസർപേ തുടങ്ങി വിവിധ പേമെന്റ് രീതികളും അതിന് നേരെ ടെക്സ്റ്റ് ഫീൽഡുകളും കാണാം.
പേടിഎം തിരഞ്ഞെടുത്ത് നിങ്ങളുടെ പേടിഎം വാലറ്റുമായി ട്വിറ്ററിനെ ബന്ധിപ്പിക്കുക. ഇത് പൂർത്തിയായാൽ ക്രിയേറ്റർമാർക്ക് അവരുടെ പ്രൊഫൈലിന് താഴെയായി പേടിഎം ലിങ്കും കാണാനാവും. ഈ ലിങ്ക് ഉപയോഗിച്ച് ഫോളോവർമാർക്കും മറ്റ് ട്വിറ്റർ ഉപഭോക്താക്കൾക്കും പണമയക്കാനാവും.
Content Highlights: Twitter enables Paytm option in India for tips to creators