കഴിഞ്ഞ വർഷം സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ കാപ്സ്യൂളിൽ ബഹിരാകാശയാത്ര നടത്തിയ ജാരെഡ് ഐസക് മാൻ എന്ന വ്യവസായി സ്പേസ് എക്സുമായി ചേർന്ന് മൂന്ന് പുതിയ ദൗത്യങ്ങൾക്ക് കൂടി തയ്‌യാറെടുക്കുന്നു. മൂന്ന് ബഹിരാകാശ യാത്രകൾ താൻ സ്പേസ് എക്സിൽ നിന്നും വാങ്ങിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. (Polaris Programme) എന്നാണീ യാത്രകൾക്ക് പേര് നൽകിയിരിക്കുന്നത്.
ഷിഫ്റ്റ് 4 എന്ന ഓൺലൈൻ പണമിടപാട് സ്ഥാപനത്തിന്റെ സ്ഥാപകനാണ് 39 കാരനായ ഐസക്മാൻ. വിദഗ്ധ ബഹിരാകാശ യാത്രികരുടെ പിന്തുണയില്ലാതെ ആദ്യമായി സാധാരണക്കാർ മാത്രം നടത്തിയ ബഹിരാകാശ യാത്രയുടെ കമാൻഡറായിരുന്നു അദ്ദേഹം. ഇൻസ്പിരേഷൻ 4 എന്നായിരുന്നു ഈ ദൗത്യത്തിന് പേര്.
നവംബറിലോ ഡിസംബറിലോ ആയിരിക്കും പൊളാരിസ് വിക്ഷേപണം. സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകത്തിലായിരിക്കും മൂന്ന് യാത്രകളും. പൊളാരിസ് പ്രോഗ്രാമിന്റെ ആദ്യ വിക്ഷേപണമായ പൊളാരിസ് ഡോൺ (Polaris dawn) ന്റെ കമാൻഡർ ഐസക്മാൻ തന്നെയായിരിക്കും.
യുഎസ് വ്യോമസേനയിൽ നിന്ന് ലഫ്റ്റനന്റ് കേണലായി വിരമിച്ചയാളും ഇൻസ്പിരേഷൻ 4 വിക്ഷേപണത്തിന്റെ മിഷൻ ഡയറക്‍ടറുമായിരുന്ന പൈലറ്റ് സ്കോട്ട് കിഡ്ഡ് പൊറ്റീറ്റ്, സ്പേസ് എക്സിന്റെ ആസ്ട്രൊനോട്ട് ട്രെയിനിങ് പ്രോഗ്രാമിന് നേതൃത്വം നൽകുന്ന മിഷൻ സ്പെഷ്യലിസ്റ്റ് സാറാ ഗില്ലിസ്, സ്പേസ് എക്സിന്റെ മനുഷ്യ ബഹിരാകാശയാത്രകൾക്ക് പിന്നിൽ പ്രവർത്തിക്കുകയും കമ്പനിയുടെ മിഷൻ കൺട്രോളിൽ സേവനം നൽകുകയും ചെയ്‌യുന്ന മെഡിക്കൽ ഓഫീസർ അന്ന മെനോൻ എന്നിവരാണ് പദ്ധതിയിലെ മറ്റ് യാത്രികർ. ഭാവി ബഹിരാകാശ പദ്ധതികൾക്കായി നാസ തിരഞ്ഞെടുത്ത പത്ത് ബഹികാശ യാത്രികരിൽ ഒരാളായ കേരള വംശജനായ അനിൽ മേനോൻ അന്ന മെനോന്റെ ഭർത്താവാണ്.
പൊളാരിസ് ഡോൺ ദൗത്യത്തിൽ ബഹിരാകാശത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിക്കാൻ ലക്ഷ്യമിടുന്നതായി ഐസക് മാൻ പറഞ്ഞു. നിലവിൽ 1373 കി.മീ ദൂരമാണ് റെക്കോർഡ്. നാസയുടെ 1966 ലെ ജെമിനി 11 ലെ സഞ്ചാരികളായ ചാൾസ് പീറ്റ് കോൺറാഡും റിച്ചാർജ് ഡിക്ക് ഗോർഡനുമാണ് ഈ റെക്കോർഡിനുടമകൾ.
ബഹിരാകാശ റേഡിയേഷൻ മനുഷ്യന്റെ ആരോഗ്യത്തിൽ എങ്ങനെ ബാധിക്കുന്നു എന്ന പഠനവും ഈ ദൗത്യത്തിലൂടെ ഉദ്ദേശിക്കുന്നു. ഭൂമിയിൽ നിന്ന് 500 കിലോമീറ്റർ ദൂരത്ത് വാണിജ്യ ബഹിരാകാശ യാത്രികരുടെ ആദ്യ ബഹിരാകാശ നടത്തം സാധ്യമാക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനമായ സ്റ്റാർലിങ്കിന്റെ ലേസർ അധിഷ്ഠിത ആശയവിനിമയത്തിന്റെ പരീക്ഷണവും ഈ ദൗത്യങ്ങളുടെ ഭാഗമായി നടക്കും.
Content Highlights: Jared Isaacman 3 new space missions, polaris programme, spacex, dragon crew capsule, First commercial space walk, Longest commercial space travel