സ്വീഡിഷ് ക്യാമറ നിർമാതാക്കളായ ഹാസിൽ ബ്ലാഡും സ്മാർട്ഫോൺ നിർമാതാക്കളായ ഓപ്പോയും കൈകോർക്കുന്നു. ഓപ്പോയുടെ സഹോദര ബ്രാൻഡായ വൺപ്ലസ് ഇതിനകം തന്നെ ഹാസിൽ ബ്ലാഡ് ക്യാമറകൾ തങ്ങളുടെ സ്മാർട്ഫോണിൽ ഉപയോഗിക്കുന്നുണ്ട്. ഇപ്പോഴിതാ ഓപ്പോയും ഹാസിൽ ബ്ലാഡുമായുള്ള സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഫെബ്രുവരി 28 മുതൽ മാർച്ച് മൂന്ന് വരെ ബാർസലോനയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം.
മൊബൈൽ വേൾഡ് കോൺഗ്രസിൽ ഓപ്പോയും തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്. പുതിയ മൊബൈൽ ഉപകരണങ്ങളും ഒരു കണക്റ്റിവിറ്റി ഉൽപന്നവും ഇതിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഓഗ്മെന്റഡ് റിയാലിറ്റിയിലെയും 5ജിയിലേയും തങ്ങളുടെ നേട്ടങ്ങളും ഫ്ളാഗ്ഷിപ്പ് ഉൽപന്നങ്ങളും കമ്പനി അവതരിപ്പിപ്പിക്കും.
ഓപ്പോയുടെ ഫൈന്റ് സീരീസ് ഫോണുകളിലേക്ക് വേണ്ടി ഉന്നത നിലവാരമുള്ള ക്യാമറകൾ ഒരുക്കുന്നതിന് ഹാസിൽ ബ്ലാഡും ഓപ്പോയും തമ്മിൽ സഹകരിക്കും.
ഓപ്പോയും വൺപ്ലസും തങ്ങളുടെ ഗവേഷണ വികസന പ്രവർത്തനങ്ങൾ സംയോജിപ്പിക്കുകയാണ്. അതായത് നിലവിലുള്ള വൺപ്ലസ് ഹാസിൽ ബ്ലാഡ് സഹകരണത്തിന്റെ ഭാഗമായി തയ്‌യാറാക്കിയ ഫോട്ടോഗ്രഫി സംവിധാനങ്ങൾ ഓപ്പോയ്‍ക്കും ഇനി ഉപയോഗിക്കാൻ സാധിക്കും.
സഹകരണത്തിന്റെ ഭാഗമായി ഈ വർഷം പുറത്തിറങ്ങാൻ പോവുന്ന ഓപ്പോ ഫൈൻഡ് എക്സ് സീരീസിൽ ആദ്യ ഹാസിൽബ്ലാഡ് ക്യാമറയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
Content Highlights: Oppo Hasselblad teams up, Oppo Find X Phones, Oppo Camera brand, Smarthphones