വൺപ്ലസിന്റെ പുതിയ ആൻഡ്രോയിഡ് അധിഷ്ഠിത സ്മാർട്ഫോൺ യൂസർ ഇന്റർഫെയ്സ് ഓക്സിജൻ ഒഎസ് 13 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫെബ്രുവരി 28 ന് പുതിയ ഒഎസുമായി ബന്ധപ്പെട്ട ഓപ്പൺ ഇയേഴ്സ് ഫോറം ചർച്ച നടക്കും. 2021 ൽ ഓക്സിജൻ ഒഎസും ഓപ്പോയുടെ കളർ ഒഎസും ലയിപ്പിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രഖ്യാപനം.
നേരത്തെ ഓപ്പോ, റിയൽമി ഫോണുകളിൽ മാത്രമായി ഉപയോഗിച്ചിരുന്ന ഒഎസ് ആയിരുന്നു കളർ ഒഎസ്. ചൈനയിലുള്ള വൺ പ്ലസ് ഫോണുകളിൽ ഹൈഡ്രജൻ ഒഎസും ആഗോള വിപണിയിലുള്ള വൺപ്ലസ് ഫോണുകളിൽ ഓക്സിജൻ ഒഎസുമായിരുന്നു ഉപയോഗിച്ചിരുന്നുത്.
2020 ൽ റിയൽമി ഒഎസ് എന്ന പേരിൽ പുതിയ റീബ്രാൻഡ് പതിപ്പ് റിയൽമി ഫോണുകളിൽ ഉപയോഗിക്കാൻ തുടങ്ങി. അതിനിടെ ചൈനയിലെ വൺ പ്ലസ് ഫോണുകളിൽ ഉപയോഗിച്ചിരുന്ന ഹൈഡ്രജൻ ഒഎസ് കളർ ഒഎസ് ആക്കി മാറ്റി. അതേസമയം ആഗോളതലത്തിൽ അവതരിപ്പിച്ച ആൻഡ്രോയിഡ് 12 അധിഷ്ടിത ഓക്സിജൻ ആകട്ടെ കളർ ഒഎസിന്റെ പേര് മാത്രം മാറ്റിയ പതിപ്പായിരുന്നു.
അതിനിടെയാണ് വ്യത്യസ്ത ഒഎസുകൾക്ക് പകരം ഏകീകൃത ഒഎസ് ഉപയോഗിക്കാൻ കമ്പനി ഉദ്ദേശിക്കുന്നുവെന്ന റിപ്പോർട്ടുകൾ വന്നത്. ഇത് എച്ച്2ഒ ഒഎസ് ആയിരിക്കും എന്നും അഭ്യൂഹങ്ങളുണ്ടായി. അതിനിടെയാണ് വൺ പ്ലസ് തന്നെ ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയ ഓക്സിജൻ ഒഎസ് 13 പുറത്തിറക്കുന്ന വിവരം പ്രഖ്യാപിച്ചത്.
ഫെബ്രുവരി 28 ന് നടക്കുന്ന ഓപ്പൺ ഇയേഴ്സ് ഫോറത്തിൽ വെച്ചാണ് ഓക്സിജൻ ഒഎസ് 13 ന്റെ പ്രഖ്യാപനം നടക്കുക. ഇന്ത്യൻ സമയം വൈകീട്ട് ആറ് മണിക്കാണ് പരിപാടി. മികച്ച ഓക്സിജൻ ഒഎസ് നിർമിക്കുന്നതിന് വേണ്ടി ഉപഭോക്താക്കളിൽ നിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
നിലവിലുള്ള ഓക്സിജൻ ഒഎസ് 12 ന്റെ തുടർച്ച മാത്രമായിരിക്കുമോ അതോ പുതിയ ഏകീകൃത ഒഎസ് ആയിരിക്കുമോ ഓക്സിജൻ 13 എന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല.
വൺ പ്ലസ് നോർഡ് 2 ലാണ് കളർ ഒഎസ് അടിസ്ഥാനമാക്കിയ ഓക്സിജൻ ഒഎസ് ആദ്യമായി അവതരിപ്പിച്ചത്. 2021 ഡിസംബറിലാണ് ഓക്സിജൻ ഒഎസ് 12 പുറത്തിറക്കിയത്. പരിഷ്കരിച്ച ഐക്കണുകൾ, ത്രീ ലെവൽ അഡ്ജസ്റ്റബിൾ ഡാർക്ക് മോഡ് ഉൾപ്പടെ നിരവധി പുതിയ സൗകര്യങ്ങൾ ഇതിലുണ്ടായിരുന്നു.
Content Highlights: oneplus announced oxygen os 13