സഹരൻപ്പുർ
യുപിയില് സഹരൻപ്പുർ നഗരത്തിൽനിന്ന് പഞ്ചാബിലെ അമ്പാലയിലേക്കുള്ള ദേശീയപാതയിൽ നഹർപാറിലാണ് പർവീന്ദറിന്റെ കാർഖാന അതായത് ഫാക്ടറി. തടിയിലുള്ള കരകൗശല വസ്തുക്കളാണ് നിര്മിക്കുന്നത്. ഇത്തരം കരകൗശല നിര്മിതികള്ക്ക് പേരുകേട്ട സ്ഥലമാണ് സഹരൻപ്പുർ. യൂറോപ്പിലും യുഎസിലും മധ്യേഷ്യയിലേക്കുമെല്ലാം കയറ്റി അയയ്ക്കുന്നു. പ്രതിവർഷം ശരാശരി നാനൂറ് കോടി രൂപയുടെ കയറ്റുമതി.
യുപിയിലെ മറ്റ് ചെറുകിട വ്യവസായ യൂണിറ്റുകൾക്ക് സമാനമായി സഹരൻപ്പുരിലെ കരകൗശല യൂണിറ്റുകളും പ്രതിസന്ധിയില്. നോട്ട് നിരോധനം ആദ്യ ആഘാതം. പിന്നീട് കോവിഡ്. മാസങ്ങളോളം യൂണിറ്റുകൾ അടഞ്ഞുകിടന്നു. നിരവധി ചെറുകിട യൂണിറ്റുകൾക്ക് പൂട്ടുവീണു. പർവീന്ദറിന്റേതുപോലെ വൻകിട കാർഖാനകൾമാത്രം പിടിച്ചുനിന്നു. വിദേശത്തും ആവശ്യകത ഇടിഞ്ഞതോടെ വ്യാപാരം കമ്മിയാണ്.
പർവീന്ദറിന്റെ കാർഖാനയിൽ നൂറുകണക്കിന് തൊഴിലാളികളുണ്ട്. ഇവരിൽ തടിയിൽ കൊത്തുപണിയിലൂടെ ഇന്ദ്രജാലം സൃഷ്ടിക്കുന്നത് ചുരുക്കംപേർമാത്രം. വിദഗ്ധ തൊഴിലാളികൾ. തലമുറകളായി കൈമാറി വന്ന കൈവേല.അങ്ങനൊരാളെ പർവീന്ദറിന്റെ കാർഖാനയിൽ കണ്ടു; മുഹമദ് അഷ്ഫാഖ്. തടിയിൽ അതിവേഗത്തിലാണ് കൊത്തുപണി.
അങ്ങേയറ്റത്തെ വൈദഗ്ധ്യം ആവശ്യമായ തൊഴിലെങ്കിലും ദിവസക്കൂലി തുച്ഛം. 350 രൂപ. വർഷങ്ങളായി കൂലിയിൽ മാറ്റമില്ല. ദിവസം പത്ത് മണിക്കൂർവരെ ജോലിയെടുക്കണം. കോവിഡ് കാലത്ത് കാർഖാന അടഞ്ഞപ്പോൾ വരുമാനവുമില്ലാതെ നരകിച്ചു–- അഷ്ഫാഖ് പറഞ്ഞു.
മുഗൾ പാരമ്പര്യം
സഹരൻപ്പുരിന്റെ കരകൗശല വ്യവസായത്തിനുള്ളത് മുഗൾ പാരമ്പര്യമാണ്. വ്യാവസായികാടിസ്ഥാനത്തിൽ ആദ്യയൂണിറ്റ് സ്ഥാപിച്ചത് 1882ല്. മുൾട്ടാൻ അട്ട ഹുസൈന്റേതാണ് ആദ്യ കാർഖാന. ഉസ്താദ്–- ഷാഹിർദ് എന്ന പരമ്പരാഗത കൈവേല രീതി പ്രശസ്തം. കശ്മീരി മാതൃകയായിരുന്നു തുടക്കത്തിൽ. ഇപ്പോൾ വിദേശ വിപണിക്ക് അനുസൃതമായി ആധുനികമായി. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യവസായ മേഖലയെ സംരക്ഷിക്കാൻ യുപി സർക്കാർ താൽപ്പര്യംകാട്ടുന്നില്ലന്ന പരാതി വ്യാപകം. സഹരൻപ്പുരിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ അവഗണിക്കപ്പെടുന്ന കരകൗശല മേഖലയും പ്രധാന വിഷയം.