ഗൂഗിൾ ആൻഡ്രോയിഡ് 13 ന്റെ ആദ്യ ഡെവലപ്പർ പ്രിവ്യൂ പുറത്തിറക്കി. ആൻഡ്രോയിഡ് ആപ്പുകളുടെയും അനുബന്ധ സേവനങ്ങളുടെയും ഗവേഷണ വികസന പ്രവർത്തനങ്ങൾക്കായും ആപ്പുകൾ പുതിയ ഓഎസിന് അനുസരിച്ച് പരിഷ്കരിക്കുന്നതിനും വേണ്ടിയാണ് ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പിന്റെ പ്രിവ്യൂ ഡെവലപ്പർമാർക്കായി പുറത്തിറക്കിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം പുറത്തിറക്കിയ ആൻഡ്രോയിഡ് 12 ഇതുവരെയും മിക്ക ഫോണുകളിലും എത്തിയിട്ടില്ല.
പൂർണരൂപത്തിൽ എത്തിയിട്ടില്ലാത്ത ഓഎസ് പതിപ്പായതിനാൽ ഇതിന് പ്രശ്നങ്ങൾ ഏറെയുണ്ടാവും. എന്നാൽ ക്രമേണ ഇവയെല്ലാം പരിഹരിച്ച ശേഷമേ അന്തിമ പതിപ്പ് പുറത്തിറക്കുകയുള്ളൂ.
ആൻഡ്രോയിഡ് 12 ൽ നിന്നും കാഴ്ചയിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താതെയാണ് പുതിയ പതിപ്പ് തയ്‌യാറാക്കിയിരിക്കുന്നത് എന്നാണ് സൂചന. തീമുകളിലും (themes) സ്വകാര്യത ഫീച്ചറുകളിലും കാര്യമായ മാറ്റങ്ങളുണ്ട്.
ഇതിലെ പുതിയ ഫോട്ടോ പിക്കർ സംവിധാനമാണ് ശ്രദ്ധേയം. ആപ്പുകൾക്ക് മീഡിയാ ഫയലുകളിലേക്കുള്ള അനുവാദം നൽകാതെ തന്നെ ഫോട്ടോകൾ തിരഞ്ഞെടുക്കാനുള്ള സംവിധാനമാണിത്. ആപ്പുകൾക്ക് തിരഞ്ഞെടുത്ത ഫോട്ടോകളിലേക്കും വീഡിയോകളിലേക്കുമാണ് പ്രവേശനം ലഭിക്കുക. ഇതിനായി പുതിയ ഫോട്ടോ പിക്കർ എപിഐ ആപ്പുകൾക്ക് ലഭ്യമാക്കും.
തീംഡ് ആപ്പ് ഐക്കൺ സംവിധാനമാണ് മറ്റൊരു പ്രധാന മാറ്റം. ഇതുവഴി വാൾപേപ്പറിനും തീമിനും അനുസരിച്ച് ആപ്പ് ലോഗോകളിൽ മാറ്റം വരുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. ഇത് എല്ലാ ആപ്പുകൾക്കും ബാധകമാവുകയും ചെയ്‌യും. ഇതിന് വേണ്ടി ഡെവലപ്പർമാർ ആപ്പുകൾക്കൊപ്പം മോണോക്രോമാറ്റിക് ആപ്പ് ഐക്കണും നൽകേണ്ടി വരും. ഇതുവഴി ഐക്കണുകളുടെ നിറങ്ങൾ ഡിസൈനിനനുസരിച്ച് ക്രമീകരിക്കാൻ ഫോണിനാവും.
തീമുകൾക്കനുസരിച്ച് ഗൂഗിൾ ആപ്പ് ലോഗോകൾ മാറുന്നതിന് സമാനമാണ് ഈ സംവിധാനം. ഇത് പക്ഷെ എല്ലാ ആൻഡ്രോയിഡ് ആപ്പുകൾക്കും ബാധകമാവും.
ഫെബ്രുവരിയിലും മാർച്ചിലുമായി ആൻഡ്രോയിഡ് 13 ന്റെ കൂടുതൽ പ്രിവ്യൂ റിലീസുകൾ ഉണ്ടാകും. ഏപ്രിലിൽ ബീറ്റാ പതിപ്പുകൾ പുറത്തിറക്കിത്തുടങ്ങും. ജൂണിലോ ജൂലായിലോ ആൻഡ്രോയിഡ് 13 ന്റെ അന്തിമ പതിപ്പ് പുറത്തിറക്കിയേക്കും. എന്തായാലും ഇത് ഫോണുകളിലേക്ക് എത്താൻ അതിലുമേറെ സമയമെടുക്കും. ആൻഡ്രോയിഡ്ല 12 തന്നെ ഇതുവരെയും പല ഫോണുകളിലും എത്തിയിട്ടില്ല.
നിലവിൽ പിക്സൽ സീരീസ് ഫോണുകളിലാണ് ആൻഡ്രോയിഡ് 13 ന്റെ ആദ്യ പ്രിവ്യൂ പ്രവർത്തിക്കുക. പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 5എ 5ജി, പിക്സൽ 5, പിക്സൽ 4എ 5ജി, പിക്സൽ 4എ, പിക്സൽ 4എക്സ്എൽ, പിക്സൽ 4 എന്നിവയിൽ പ്രിവ്യൂ പതിപ്പ് ഇൻസ്റ്റാൾ ചെയ്‌യാനാവും.
Content Highlights: android 13 first developer preview released