കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ അന്തേവാസിയായ യുവതി കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇതോടെ അടിപിടിയുണ്ടായെന്ന് പറയുന്ന സെല്ലിലെ മറ്റുള്ളവരേയും ജീവനക്കാരേയും ചോദ്യം ചെയ്യുമെന്ന് മെഡിക്കൽ കോളേജ് എ.സി.പി കെ.സുദർശനൻ പറഞ്ഞു.
ഉച്ചയ്ക്ക് കഴിച്ച ഭക്ഷണം മാത്രമാണ് വയറ്റിലുണ്ടായിരുന്നത്. മരിച്ച സമയം സംബന്ധിച്ച് കൂടുതൽ സൂക്ഷ്മമായി അന്വേഷിക്കേണ്ടി വരുമെന്നും എ.സി.പി പറഞ്ഞു. ബുധനാഴ്ച രാത്രിയാണ് മരിച്ച മഹാരാഷ്ട്ര സ്വദേശിനിയായ ജിയറാം ജിലോട്ട് (30) അന്തേവാസിയുമായി അടി നടന്നത്. കിടക്കുന്ന കട്ടിലുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പക്ഷെ അപ്പോൾ തന്നെ ജീവനക്കാർ എത്തി ഇവരെ സെല്ല് മാറ്റിയെന്നാണ് സൂപ്രണ്ട് പറഞ്ഞത്. ഇത് ശരിയാണോയെന്നും ജീവനക്കാർക്ക് മരണം സംബന്ധിച്ച് കൂടുതൽ എന്തെങ്കിലും അറിയുമോയെന്ന തരത്തിലും ചോദ്യം ചെയ്യലുണ്ടാവും.
ജിയറാം ജിലോട്ട്
വ്യാഴാഴ്ച പുലർച്ചെ ഡോക്ടർ പതിവുപരിശോധനയ്ക്കെത്തിയപ്പോൾ മരിച്ചനിലയിൽ കണ്ടെത്തിയെന്നാണ് അധികൃതർ പറയുന്നത്. ഫൊറൻസിക് വനിതാ വാർഡിലെ 10-ാംനമ്പർ സെല്ലിലാണ് ഇവരെ മരിച്ചനിലയിൽ കണ്ടെത്തിയത്. തലയ്ക്കുപിറകിൽ അടി കിട്ടിയതിനെത്തുടർന്ന് വലിയ മുഴയുണ്ടായിരുന്നു. ചെവിയിലൂടെയും മൂക്കിലൂടെയും ചോര വന്നരീതിയിലായിരുന്നു ഇവരെ കണ്ടെത്തിയത്. മുഖംവീങ്ങിയിട്ടുമുണ്ടായിരുന്നു. കൈയിൽ സ്ത്രീയുടേതെന്ന് തോന്നിക്കുന്ന തരത്തിലുള്ള മുടി കണ്ടെടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞിരുന്നു.
അടിയുണ്ടാക്കിയ പത്തൊമ്പതുവയസ്സുകാരിയുടെ മൂക്കിൽനിന്ന് ചോര വന്നപ്പോൾ ഡോക്ടറെത്തി അവരെമാത്രമാണ് പരിശോധിച്ചിരുന്നത്. ജിയറാം ജിലോട്ടിനെ പരിശോധനയ്ക്ക് വിധേയയാക്കിയില്ലെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശൻ പറഞ്ഞിരുന്നു. ഡോക്ടർ വരുമ്പോൾ ജിയറാം ജിലോട്ടിന് ഒരുതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് സൂപ്രണ്ട് പറഞ്ഞത്. പരിക്കേറ്റപ്പോൾ യുവതിയെ ആശുപത്രിയിലേക്ക് മാറ്റാത്തതിലും ദുരുഹതയുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാനായി അന്വേഷണം നടത്തുന്നുണ്ടെന്നും ഡോ. കെ.സി. രമേശൻ പറഞ്ഞു.
ജനുവരി 28-നാണ്ജിയറാം കുതിരവട്ടത്ത് എത്തുന്നത്. തലശ്ശേരി സ്വദേശിയായ ഭർത്താവ് ഉപേക്ഷിച്ചുപോയ ഇവർ തലശ്ശേരിയിൽ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. ഒരുകുട്ടിയുണ്ട്. കുട്ടിയെ ഇവർ ഉപദ്രവിക്കുന്നതുകണ്ട് പോലീസാണ് കുതിരവട്ടത്ത് എത്തിച്ചത്.
19 കാരിയാണ് കേസിലെ പ്രതിയെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതിയുടെ അറസ്റ്റ് ശനിയാഴ്ച ഉണ്ടായേക്കുമെന്ന് മെഡിക്കൽ കോളേജ് എ.സി.പി കെ.സുദർശനൻ പറഞ്ഞു.