അടുത്തിടെയാണ് മാധ്യമ സ്ഥാപനമായ ന്യൂയോർക്ക് ടൈംസ് വേഡിൽ എന്ന ജനപ്രിയ പദപ്രശ്ന ഗെയിം സ്വന്തമാക്കിയത്. ഏറ്റെടുക്കലിന് ദിവസങ്ങൾക്ക് ശേഷം ഗെയിം ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റിന് കീഴിലേക്ക് മാറ്റി. ഗെയിമിന്റെ പഴയ യു.ആർ.എൽ. ഇപ്പോൾ ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റ് ലിങ്കിലേക്ക് റീ ഡയറക്‍ട് ആവുകയാണ്.
ഇതുവരെ ഗെയിമിന്റെ രീതികളിൽ മാറ്റവും വരുത്തിയിട്ടില്ല. പഴയത് പോലെ തന്നെ പരസ്യരഹിതമായി ഇത് കളിക്കാൻ സാധിക്കും. തുടക്കത്തിൽ ഗെയിം സൗജന്യമായി ലഭിക്കുമെന്ന് വ്യക്തമാക്കിയ ന്യൂയോർക്ക് ടൈംസ് ഗെയിമിൽനിന്ന് പണമുണ്ടാക്കാനുള്ള വഴികൾ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചന നൽകിയിരുന്നു.
വേഡിലിലെ ഡാർക്ക് മോഡ് സ്വിച്ച്, ഹാർഡ് മോഡ് ഫീച്ചർ, ഹൈ കോൺട്രാസ്റ്റ് മോഡ് എന്നിവ നിലനിർത്തിയിട്ടുണ്ട്. ഗെയിം ഷെയർ ചെയ്‌യുന്ന സംവിധാനവും മാറ്റമില്ലാതെ ലഭിക്കും.
ഉപഭോക്താക്കളുടെ ഡാറ്റാബേസ് കൂടി പുതിയ വെബ്സൈറ്റിലേക്ക് മാറ്റുമെന്നതിനാൽ ഇതുവരെ ലഭിച്ച പേർസന്റേജ് സ്കോറും മറ്റ് കണക്കുകളും നഷ്ടപ്പെടാതെ തന്നെ തുടരാനാവും.
അതേസമയം, ന്യൂയോർക്ക് ടൈംസ് വെബ്സൈറ്റിലേക്ക് മാറ്റിയതോടെ വേഡിലിന്റെ ഫോണ്ട് സ്റ്റൈൽ പൂർണമായും മാറിയിട്ടുണ്ട്. ന്യൂയോർക്ക് ടൈംസിന്റെ മറ്റ് ഗെയിമുകളിലെ ഫോണ്ട് തന്നെയാണ് ഇതിലും ഉപയോഗിച്ചിട്ടുള്ളത്.
ന്യൂയോർക്ക് ടൈംസിന്റെ മറ്റ് ഗെയിമുകൾ തിരഞ്ഞെടുക്കാൻ സാധിക്കുന്ന മെനു ഇടത് ഭാഗത്ത് മുകളിലായി ചേർത്തു. സ്പെല്ലിങ് ബീ, ക്രോസ് വേഡ്, ദി മിനി, ടൈൽസ്, സുഡോകു, വെർടെക്സ്, ലെറ്റർ ബോക്സ്ഡ് തുടങ്ങിയ ഗെയിമുകൾ ഇതിൽ ലഭിക്കും. ഈ ഗെയിമുകളിൽ ചിലത് സൗജന്യമാണെങ്കിലും മറ്റുള്ളവ കളിക്കാൻ രജിസ്റ്റർ ചെയ്‌യുകയോ സബ്സ്ക്രൈബ് ചെയ്‌യുകയോ വേണം.
Content Highlights: wordle game shifted to nyt website, The Newyork Times