2020 ൽ ഇന്ത്യയിൽ ടിക് ടോക്കിന്റെ നിരോധനത്തിന് പിന്നാലെ സജീവമായ ഇന്ത്യൻ ഷോർട്ട് വീഡിയോ ആപ്ലിക്കേഷനുകളാണ് ഷെയർ ചാറ്റിന്റെ മോജും എംഎക്സ് മീഡിയയുടെ തകാതക് ആപ്ലിക്കേഷനും. ഇപ്പോളിതാ തകാതക് ആപ്പ് മോജിൽ ലയിപ്പിക്കാൻ ധാരണയായിരിക്കുകയാണ്. ഇതോടെ രണ്ട് സേവനങ്ങളും ഷെയർ ചാറ്റിന്റെ നിയന്ത്രണത്തിലാവും.
ഇതോടെ ഇതോടെ മോജിന്റെ ക്രിയേറ്റർമാരുടെ എണ്ണം പത്ത് കോടിയെത്തും. ഒപ്പം സജീവ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം 30 കോടിയിലേക്കും പ്രതിമാസ വീഡിയോ കാഴ്ചകളുടെ എണ്ണം 25000 കോടിയിലുമെത്തും. ഈ ഇടപാടിലൂടെ എംഎക്സ് മീഡിയയുടെ വാണിജ്യ പങ്കാളികൾ ഷെയർ ചാറ്റിന്റെ പങ്കാളികളായി മാറും.
നിലവിൽ മോജിന് 15 ഭാഷകളിലായി 16 കോടി പ്രതിമാസ ഉപഭോക്താക്കളും അഞ്ച് കോടി ക്രിയേറ്റർമാരുമുണ്ട്. 100ൽ ഏറെ ആളുകൾ അടങ്ങുന്ന സംഘമാണ് മോജിന്റെ ആഗോള പ്രചാരണത്തിനായി പ്രവർത്തിക്കുന്നത്.
2020 ജൂലായി പുറത്തിറക്കിയ എംഎക്സ് തകാതക് ആപ്ലിക്കേഷന്റെ പ്രതിമാസ ഉപഭോക്താക്കളുടെ എണ്ണം പത്ത് ഭാഷകളിലായി 15 കോടിയിലെത്തിയിരുന്നു.
ഹ്രസ്വ വീഡിയോ ആപ്ലിക്കേഷൻ രംഗത്ത് ഇൻസ്റ്റാഗ്രാമിന്റെ റീൽസുമായി കനത്ത മത്സരം നടത്തുന്ന ഇന്ത്യൻ സേവനമാണ് മോജ്. തകാതക് മോജിൽ ലയിക്കുന്നതോടെ ഈ രംഗത്ത് മോജ് കൂടുതൽ ശക്തമാവും. ഇതിനകം കനത്ത പ്രചാരണ പരിപാടികളാണ് മോജ് യുവാക്കൾക്കിടയിൽ നടത്തിവരുന്നത്. ഇന്ത്യൻ കണ്ടന്റ് ക്രിയേറ്റർമാരെ ഏകോപ്പിച്ചുകൊണ്ടുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
നിലവിൽ എംഎക്സ് തകാതക് ആപ്പ് പ്രത്യേക ആപ്ലിക്കേഷനായിത്തന്നെ തുടരും. എന്നാൽ രണ്ട് പ്ലാറ്റ്ഫോമുകളുടേയും ക്രിയേറ്റർ ബേസും, ഉള്ളടക്ക വിതരണവും, അൽഗൊരിതവും ഏകോപിപ്പിക്കും.
Content Highlights: MX TakaTak to Merge With ShareChats Moj