ഗൂഗിൾ ക്രോം ബ്രൗസറിൽ പഴയ സെർച്ച് ഹിസ്റ്ററി എളുപ്പം കണ്ടെത്തുന്നതിന് പുതിയ സംവിധാനമൊരുക്കി ഗൂഗിൾ. ജേണീസ് എന്ന പേരിൽ ഇതിനായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഗൂഗിൾ ക്രോമിന്റെ ഏറ്റവും പുതിയ ഡെസ്ക്‍ടോപ്പ് പതിപ്പിലാണ് ഈ പുതിയ സൗകര്യം ലഭിക്കുക.
സെർച്ച് ബാറിൽ നിങ്ങൾ എന്തെങ്കിലും ടൈപ്പ് ചെയ്‌യുമ്പോൾ Resume your research എന്ന ഓപ്ഷൻ കാണാം. അല്ലെങ്കിൽ ക്രോം ഹിസ്റ്ററിയിൽ ജേണീസ് പേജ് സന്ദർശിക്കുക. നിങ്ങൾ മുമ്പ് തിരഞ്ഞ വെബ് പേജുകൾ അതിൽ കാണാൻ സാധിക്കും.
ജേണീസ് എന്ന പേരിൽ പ്രത്യേക ഗ്രൂപ്പായാണ് നിങ്ങളുടെ തൊട്ടുമുമ്പുള്ള സെർച്ചുകൾ ക്രമീകരിക്കുക. ഒരു ദിവസത്തെ ജോലി കഴിഞ്ഞ് തൊട്ടടുത്ത ദിവസം വീണ്ടും ബ്രൗസർ ഓൺ ചെയ്‌യുമ്പോൾ കഴിഞ്ഞ ദിവസം ഉപയോഗിച്ച ആവശ്യമായ സൈറ്റുകൾ ഇവിടെ നിന്നും എളുപ്പം കണ്ടെത്താനാകും.
കഴിഞ്ഞ ഒരാഴ്ച വരെയുള്ള സെർച്ച് ഹിസ്റ്ററികൾ ഇതിൽ നിന്ന് കണ്ടുപിടിക്കാം. നിങ്ങളുടെ സെർച്ച് സ്വഭാവം പരിഗണിച്ചാണ് ജേണീസ് തയ്‌യാറാക്കുക.
ജേണീസിലെ വെബ്സൈറ്റുകൾ ഡീലീറ്റ് ചെയ്‌യാനും നിങ്ങൾക്ക് സാധിക്കും. ക്രോം സെറ്റിങ്സിൽ നിന്ന് ബ്രൗസിങ് ഹിസ്റ്ററി നീക്കം ചെയ്‌യാനുമാവും.
നിലവിലുള്ള ഹിസ്റ്ററിയെ ഒരു പ്രത്യേക ഗ്രൂപ്പാക്കി മാറ്റുക മാത്രമാണ് ജേണീസ് ചെയ്‌യുന്നത്. അവ ഗൂഗിൾ അക്കൗണ്ടിൽ ശേഖരിക്കപ്പെടില്ല. അടുത്തിടെ് ഗൂഗിൾ ക്രോമിന് ചെറിയ മാറ്റങ്ങളോടുകൂടിയുള്ള പുതിയ ലോഗോ അവതരിപ്പിച്ചിരുന്നു.
Content Highlights: google introduces smarter search history on chrome browser