ദുബായ്> കേരളം നിക്ഷേപ സൗഹൃദമായി മാറിയതു മൂലം കൂടുതല് നിക്ഷേപകര് ആത്മവിശ്വാസത്തോടെ കേരളത്തില് ഇപ്പോള് എത്തുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. ദുബായില് നടത്തിയ വാര്ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. യു എ ഇ സന്ദര്ശനത്തില് ഭരണാധികാരികളും, ഇന്ത്യന് സ്ഥാനപതി കാര്യാലയങ്ങളും മികച്ച പിന്തുണയാണ് നല്കിയത്. യുഎഇ ഇന്റര്നാഷണല് ഇന്വെസ്റ്റ്മെന്റ് കൗണ്സില് സെക്രട്ടറി ജനറല് ജമാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെ കണ്ടുമുട്ടുകയും, വ്യവസായ സാദ്ധ്യതകള് ആരായുന്നതിനായി കേരളത്തിലേക്ക് ഒരു ഡെലിഗേഷനെ ഉടനെ അയക്കുമെന്ന് അറിയിക്കുകയും ചെയ്തു.
കേരളത്തിലെ നിക്ഷേപ സാധ്യതകള് പരിചയപ്പെടുത്താന് ഇന്വെസ്റ്റേഴ്സ് മീറ്റ് ഫലപ്രദമായിരുന്നു. ഐ ബി പി സി സെക്രട്ടറി ജനറല് ദിലീപ് സിംഹയുടെ നേതൃത്വത്തിലുള്ള ബിസിനസ് പ്രതിനിധി സംഘത്തെ കാണുകയും, മൂന്നു മാസത്തിനുള്ളില് ഐ ബി പി സി യുടെ ഒരു ഡെലിഗേഷനെ നിക്ഷേപ സാദ്ധ്യതകള് പഠിക്കുന്നതിനായി കേരളത്തിലേക്ക് അയക്കും എന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇന്വെസ്റ്റ് ചെയ്യാവുന്ന മേഖലകളെ സംബന്ധിച്ച് ഒരു ധാരണ ഉണ്ടായിട്ടുണ്ട്.
ഹോട്ട് പാക്ക് ഇന്ത്യയില് ഓപ്പറേഷന് ആരംഭിക്കാന് ഉദ്ദേശിക്കുന്നുണ്ട്. അത് കേരളത്തില് തുടങ്ങാം എന്ന ധാരണയിലെത്തി. ആസ്റ്റര് ഗ്രൂപ്പും കേരളത്തില് കൂടുതല് നിക്ഷേപം നടത്തും. ഫുഡ് പ്രോസസിംഗില് കേരളത്തില് 2 മെഗാ പദ്ധതികള് ആരംഭിച്ചു. അതിന്റെ ഉദ്ഘാടനം ഉടനെ നടക്കും യൂറോപ്പ് നിലവാരത്തിലുള്ള സ്ട്രാറ്റജി ഉള്പ്പെട്ട ഫുഡ് പ്രോസസിംഗ് യൂണിറ്റാണ് അത്. പാലക്കാട് ഒരെണ്ണം തുടങ്ങിക്കഴിഞ്ഞു. ലുലു ഗ്രൂപ്പ് 300 കോടിയുടെ ഫുഡ് പ്രോസസിംഗ് പ്ലാന്റ് യൂണിറ്റ് ആരംഭിക്കും. പ്രാരംഭ പ്രവര്ത്തനങ്ങള് തുടങ്ങി. കളമശ്ശേരിയിലും ഒരെണ്ണം ആരംഭിക്കാന് പോകുന്നു.
ഓരോ ഘട്ടത്തിന്റേയും പുരോഗതി വിലയിരുത്താന് കൃത്യമായ ഫോളോ അപ്പ് മെക്കാനിസം ഉണ്ടാകണമെന്നാണ് കണ്ടിട്ടുള്ളത്. കെ എസ് ഐ ഡി സി ആയിരിക്കും ഇതിന്റെ പ്രവര്ത്തനങ്ങള് മുന്നോട്ടു കൊണ്ടു പോകുന്നത്. എഫ് എംസി വിഭാഗത്തില് സംരംഭകനായ ഹുസൈന്റെ പൂര്ത്തിയാകാതെ ഇരിക്കുന്ന ചില പദ്ധതികളുണ്ട്. അവ വേഗത്തില് പൂര്ത്തിയാക്കാനുള്ള എല്ലാ പിന്തുണയും സര്ക്കാര് നല്കും. നാട്ടില് സംരംഭം നടത്താന് ധാരാളം മലയാളി പ്രവാസികള് രംഗത്തുവരുന്നു എന്നതാണ് പുതിയ പ്രവണത. അവര്ക്ക് പ്രത്യേക സംവിധാനം ഒരുക്കാനാണ് സര്ക്കാര് ആലോചിക്കുന്നത്. സിംഗിള് വിന്ഡോസ് സിസ്റ്റം ഏറ്റവും ഫലപ്രദമായി നടക്കുന്നത് കേരളത്തിലാണ്.
സംരംഭങ്ങള് പ്രവൃത്തി പഥത്തിലെത്തിക്കുന്നതില് ഏതെങ്കിലും ഉദ്യോഗസ്ഥന് വീഴ്ചവരുത്തിയാല് പതിനായിരം രൂപവരെ പിഴ നല്കും. പരാതി നല്കിയാല് കര്ശനമായ ശിക്ഷാ നടപടികളും ഉണ്ടാകും. ദേശീയ തലത്തില് പണിമുടക്ക് മൂലം നഷ്ടപ്പെടുന്ന തൊഴില് ദിനങ്ങളുടെ താരതമ്യ പഠനം നടത്തിയാല് കേരളത്തിലാണ് ഏറ്റവും കുറവ് തൊഴില്ദിനങ്ങള് നഷ്ടപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ അഞ്ചു വര്ഷത്തിനുള്ളില് കേരളത്തിലെ തൊഴില് സമരങ്ങള് വളരെ കുറഞ്ഞു. സര്ക്കാറിന്റെ ക്രിയാത്മകമായ ഇടപെടല് മൂലമാണ് ഇത് സംഭവിക്കുന്നത്.
വിശേഷദിവസങ്ങളോടനുബന്ധിച്ച് ബോണസും മറ്റും കിട്ടുന്നതിനുള്ള പണിമുടക്കുകള് ഇപ്പോള് ഇല്ല. അര്ഹമായ എല്ലാ സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്കുന്നതില് സര്ക്കാര് മുന്കൈ എടുത്തു. നമ്മള് നന്നായി മാറിയിട്ടുണ്ട്.. ഈ മാറ്റത്തെ സ്വീകരിക്കുകയും, കേരളത്തെ മികച്ച ഒരു സംസ്ഥാനമാക്കി മാറ്റുന്നതില് എല്ലാവരും ഒരു മനസ്സോടെ പ്രവര്ത്തിക്കണമെന്നും അദ്ദേഹം കേരളത്തിലെ ജനങ്ങളോടും, നിക്ഷേപകരോടും ആവശ്യപ്പെട്ടു..