കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിയും തമ്മിൽ നടന്ന ഒരു മണിക്കൂർ നീണ്ട സംഭാഷണങ്ങൾക്കു ശേഷം ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ച ഗവർണറുടെ തീരുമാനം അനുചിതവും അപലപനീയവുമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അടുത്ത ആഴ്ച നിയമസഭ ചേരാനിരിക്കേ ധൃതി പിടിച്ച് ഈ ഓർഡിനൻസ് പുറപ്പെടുവിക്കേണ്ട അടിയന്തിര സാഹചര്യമെന്താണെന്നത് ചോദ്യ ചിഹ്നമാണ്.
എന്തൊക്കയോ ഒളിച്ചു വെക്കാനോ ആരെയോ രക്ഷിക്കാനോ ഉദ്ദേശിച്ചുള്ളതാണ് ഈ ഓർഡിനൻസെന്ന് വ്യക്തമാണ്. സുതാര്യവും സത്യസന്ധവും നീതിപൂർവകവുമായി പ്രവർത്തിക്കേണ്ട ഒരു ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ അടിയന്തര സ്വഭാവമില്ലാത്തതെന്ന് പറഞ്ഞു മുഖ്യമന്ത്രിയുടെ തീരുമാനത്തെ നിരാകരിക്കേണ്ടതായിരുന്നു. അദ്ദേഹം അത് ചെയ്തില്ലായെന്നത് ന്യായീകരിക്കാനാവില്ല.ഇന്ത്യക്കു മുഴുവൻ മാതൃകയായ ഒരു സംവിധാനമാണ് ലോകായുക്തയിലൂടെ കേരളം കാണിച്ചതെന്ന് അഭിമാനിച്ചവരാണ് സിപിഎം.
22 വർഷം മുമ്പ് ഇ.കെ. നായനാർ മുഖ്യമന്ത്രിയായ കാലത്താണ് വിപുലമായ ചർച്ചകളിലൂടെ ലോകായുക്ത സംവിധാനം നിലവിൽ വന്നത്. ആ സംവിധാനത്തിന്റെ അടിവേരുകൾ അറുത്തുകൊണ്ടാണ് മറ്റൊരു സിപിഎം ഭരണകൂടം കേരള ചരിത്രത്തിൽ കറുത്ത അധ്യായം രചിച്ചിരിക്കുന്നത്. അധികാരസ്ഥാനത്തിരിക്കുന്നവർ അഴിമതിയുടെ പേരിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യരല്ലെന്ന് ലോകായുക്ത വിധിയെഴുതിയാലും ബന്ധപ്പെട്ട അധികാരികൾ മൂന്ന് മാസത്തിനകം ഹിയറിംഗ് നടത്തി അത് നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാമെന്നതാണ് പുതിയ ഭേദഗതിയുടെ കാതൽ.
അതിനർത്ഥം ആര് അഴിമതി നടത്തിയാലും എന്ത് ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിക്കുമെന്നുള്ള പ്രഖ്യാപനം കൂടിയാണ്. ഇതിന്റെ പേരാണ് മിതമായ ഭാഷയിൽ ഫാസിസമെന്ന് പറയുന്നത്. സ്റ്റാലിനെ ആരാധ്യ പുരുഷനായി കാണുന്ന ഒരു മുഖ്യമന്ത്രിയിൽനിന്ന് ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കുന്നില്ല. അഴിമതിയും ധനസമ്പാദനവും മാത്രം ലക്ഷ്യമായി കാണുന്ന ഒരു ഭരണകൂടത്തിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നതിലും അർഥമില്ല. ഇടതുപക്ഷമെന്ന വായ്ത്താരിയല്ലാതെ മുതലാളിത്ത-കോർപറേറ്റ് താല്പര്യത്തിനപ്പുറം മറ്റൊന്നും ഈ സർക്കാറിന്റെ മുന്നിലില്ല.
സുപ്രീം കോടതിയിലെ മുൻ ജഡ്ജിയോ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ ആയിരിക്കണം ലോകായുക്ത എന്ന നിബന്ധനയും റദ്ദാക്കാൻ പുതിയ ഓർഡിനൻസിലൂടെ തീരുമാനിക്കുകയാണ്. ഹൈക്കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത ഏതെങ്കിലും ജഡ്ജിന് ലോകായുക്തയാകാമെന്നാണ് പുതിയ ഭേദഗതി. സ്വഭാവ ധാർഢ്യവും സത്യനിഷ്ഠയുമുള്ള നിരവധി മുൻ ഹൈക്കോടതി ന്യായാധിപന്മാരുണ്ടെങ്കിലും അവരാരും പരിഗണിക്കപ്പെടില്ല. റിട്ടയർമെന്റിന് ശേഷം രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങുന്ന ആരെയെങ്കിലും മനസിൽ കണ്ടുള്ള നീക്കമായിരിക്കും ഇനി വരാൻ പോകുന്നത്.
കേരളത്തിലെ വിവേകവും നീതി ബോധവും കൈമോശം വന്നിട്ടില്ലാത്ത ജനങ്ങൾ ആശങ്കാകുലരാണ്. നീതിയുടെ കവാടങ്ങൾ കൊട്ടിയടക്കപ്പെടുന്നത് അവരുടെ മനസുകളെ വല്ലാതെ നോവിക്കുകയാണ്.
കേരള ഗവർണർ ജനാധിപത്യവ്യവസ്ഥയെക്കുറിച്ച് നന്നായി അറിയുന്ന ആളാണ്. അദ്ദേഹത്തോടൊപ്പം ഒരേ പാർട്ടിയിൽ ലോകസഭാംഗങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. ഷാ ബാനു കേസുമായി ബന്ധപ്പെട്ട് അന്ന് നിലപാട് സ്വീകരിച്ച് കോൺഗ്രസ് വിട്ടുപോയ ആരിഫ് മുഹമ്മദ് ഖാനെന്ന പാർലമെന്റ് അംഗത്തിന്റെ നിഴലു പോലുമല്ല കേരളാ ഗവർണറായ ആരിഫ് മുഹമ്മദ് ഖാൻ.
സർവകലാശാലകളിലെ അഴിമതികളിൽ രോഷാകുലനായി കലി തുള്ളിയ ഗവർണറെ കേരളം കണ്ടതാണ്. ഞാൻ ഇനി ചാൻസിലർ പദവിയിലിരിക്കുകയില്ലെന്ന് കർണനെപ്പോലും തോൽപിക്കുന്ന ശപഥം നടത്തിയ വ്യക്തിയാണ് ഗവർണർ. സത്യബോധവും നിശ്ചയധാർഢ്യവുമുള്ള ഒരാളായിരുന്നുവെങ്കിൽ ഗവർണർ പറഞ്ഞതിൽ ഉറച്ചുനിൽക്കുമായിരുന്നു. പറഞ്ഞ കാര്യങ്ങളിൽ നിന്ന് പിറകോട്ട് പോകുന്നത് അങ്ങേയറ്റം ഭീരുത്വമാണ്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഒരു ഭീരുവായി കാണാൻ ഒരു പഴയ സഹപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് കഴിയുന്നില്ല. ഒരു കാര്യം കൂടി ചെയ്തു കൊണ്ട് ലോകായുക്ത വിവാദം ഗവർണർ അവസാനിപ്പിക്കണം. വേരുകൾ അറുത്തു മാറ്റപ്പെട്ട ലോകായുക്ത എന്ന നീതിയുടെ ഈ വൻമരം ഇനിയുണ്ടാവില്ലെന്ന് കൂടി മുഖ്യമന്ത്രിയുമായുള്ള അങ്ങയുടെ അഭേദ്യമായ ബന്ധം വെച്ച് തീരുമാനമെടുപ്പിക്കണം. ഗവർണറും മുഖ്യമന്ത്രിയും തുടരെ തുടരെ നടത്തുന്ന കണ്ണ്പൊത്തിക്കളി കേരളം കണ്ടു മടുത്തിരിക്കുകയാണന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Content Highlights: mullapally ramachandran against governor and cm