ഫെബ്രുവരി ഒമ്പതിന് നടക്കുന്ന സാംസങ് ഗാലക്സി അൺ പാക്ക്ഡ് 2022 എന്ന അവതരണ പരിപാടി മെറ്റാവേഴ്സിലും സംഘടിപ്പിക്കുന്നു. പരിപാടിയ്‍ക്ക് കൂടുതൽ ശ്രദ്ധ ലഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരിപാടി മെറ്റാവേഴ്സിൽ അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
സാംസങ് ഗാലക്സി എസ് 22, സാംസങ് എസ് 22 പ്ലസ്, സാംസങ് ഗാലക്സി എസ് 22 അൾട്ര എന്നീ മൂന്ന് മോഡലുകളാണ് സാംസങ് എസ്22 പരമ്പരയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.
അതിനിടെയാണ് അവതരണ പരിപാടി മെറ്റാവേഴ്സിലും സംഘടിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. മെറ്റാവേഴ്സ് ഇവന്റിൽ പങ്കെടുക്കാൻ നിങ്ങൾ സാംസങ് 837എക്സ് എന്ന വിർച്വൽ വേദി സന്ദർശിക്കണം.
എന്താണ് സാംസങ് 837 എക്സ്
ത്രിഡി വിർച്വൽ വേൾഡ് പ്ലാറ്റഫോമായ ഡീസെൻട്രൽ ലാൻഡിൽ തയ്‌യാാക്കിയ വിർച്വൽ സ്പേസ് ആണ് സാംസങ് 837എക്സ്. ഇതുവഴി അവതരണ പരിപാടി 2ഡിയിൽ ആസ്വദിക്കാനും ന്യൂയോർക്ക് സിറ്റി എക്സ്പീരിയൻസ് സെന്റർ സന്ദർശിക്കാനും എൻഎഫ്ടി (നോൺ ഫംഗിബിൾ ടോക്കൺ) ശേഖരിക്കാനും സന്ദർശകരുമായി സംവദിക്കാനും സാധിക്കും.
പൂർണമായ മെറ്റാവേഴ്സ് അനുഭവം സാധ്യമാകാൻ ആളുകൾ അവരുടെ മെറ്റാമാസ്ക് വാലറ്റ് ബന്ധിപ്പിക്കുകയും വിവരങ്ങൾ നൽകുകയും വേണം. അതിഥികളായി പ്രവേശിക്കുന്നവർക്ക് മെറ്റാവേഴ്സ് പൂർണമായും അനുഭവിക്കാൻ സാധിക്കില്ല. എന്നാൽ അവതരണ പരിപാടി നടക്കുന്ന മെറ്റാവേഴ്സിൽ എന്ത് തരം അനുഭവമാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.
മെറ്റാവേഴ്സിനെ കൂടാതെ, യൂട്യൂബ്, ഫെയ്സ്ബുക്ക്, ട്വിറ്റർ അക്കൗണ്ടുകളിലും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും അവതരണ പരിപാടി ലൈവ് സ്ട്രീം ചെയ്‌യും. റെഡ്ഡിറ്റ്, ട്വിച്ച്, ആമസോൺ ലൈവ്, ടിക് ടോക്ക് എന്നിവയിലും ലൈവ് സ്ട്രീമിങ് കാണാം. ഫെബ്രുവരി 9 വൈകീട്ട് 8.30 നാണ് പരിപാടി.
Content Highlights: Samsung to launch Galaxy S22 series in the metaverse