മനാമ > പ്രാഗത്ഭ്യവും നിക്ഷേപവും ആകര്ഷിക്കാനായി ബഹ്റൈന് പത്തുവര്ഷ കാലാവധിയുളള ഗോള്ഡന് വിസ ആരംഭിച്ചു. ഈ വിസ അനിശ്ചിതകാലത്തേക്ക് പുതുക്കാം. ബഹ്റൈനില് ജോലി ചെയ്യാനുള്ള അവകാശം, രാജ്യത്തേക്ക് എപ്പോള് വേണമെങ്കിലും വന്ന് പോകാനുള്ള അനുവാദം, അടുത്ത കുടുംബാംഗങ്ങള്ക്കുള്ള താമസം എന്നിവ പുതിയ വിസയില് ഉള്പ്പെടുന്നു.
തിങ്കളാഴ്ച ആഭ്യന്തരമന്ത്രാലയമാണ് ഈ ദീര്ഘകാല വിസ പ്രഖ്യാപിച്ചത്. അഞ്ച് വര്ഷത്തില് കുറയാതെ ബഹ്റൈനില് താമസിക്കുന്ന, പ്രതിമാസം ശരാശരി 2,000 ദിനാര് (ഏതാണ്ട് 3,96,351 രൂപ) ശമ്പളം വാങ്ങുന്നവര്ക്ക് അപേക്ഷിക്കാം. ഒരു നിശ്ചിത മൂല്യത്തിന് മുകളില് സ്വത്തുക്കള് കൈവശമുള്ളര്, ചില മാനദണ്ഡങ്ങള് പാലിക്കുന്ന വിരമിച്ചര്, ഉയര്ന്ന പ്രാഗത്ഭ്യമുള്ളവര് എന്നിവര്ക്കും ഗോള്ഡന് വിസക്ക് അപേക്ഷിക്കാം.
ബഹ്റൈന്റെ പുരോഗതത്തിന് സംഭാവന ചെയ്യാന് കഴിയുന്ന നിക്ഷേപകരെയും സംരംഭകരെയും പ്രതിഭകളെയും ആകര്ഷിക്കാന് ലക്ഷ്യമിട്ടാണ് പുതിയ വിസ ആരംഭിച്ചതെന്ന് അധികൃതര് അറിയിച്ചു. ഇതുവഴി ദേശീയ സമ്പദ് വ്യവസ്ഥക്ക് കരുത്തേകുകയാണ് ലക്ഷ്യം.
നിക്ഷേപകരെയും ആഗോള പ്രതിഭകളെയും ലക്ഷ്യമിട്ട് ജിസിസിയില് ദീര്ഘകാല വിസ അനുവദിക്കുന്ന നാലാമമെത്ത രാജ്യമായിരിക്കയാണ് ഇതോടെ ബഹ്റൈന്. നേരത്തെ യുഎഇ, സൗദി, ഒമാന് എന്നിവ ദീര്ഘകാല താമസ വിസകള് അനുവദിച്ചിരുന്നു.
യുഎഇ 2019ലാണ് ഗോള്ഡന് വിസ ആരംഭിച്ചത്. ഷാരൂഖ് ഖാനും മമ്മൂട്ടിയും മോഹന്ലാലുമടക്കം ഇന്ത്യയില് നിന്ന് വിവിധ മേഖലകളിലെ നിരവധി പ്രതിഭകള് യുഎഇ ഗോള്ഡന് വിസ കരസ്ഥമാക്കിയിട്ടുണ്ട്. 2019ലാണ് സ്പോണ്സര് ഇല്ലാതെ തന്നെ ജോലി ചെയ്യാനും ബിസിനസ് നടത്താനും അവസരമൊരുക്കുന്ന പ്രീമിയം റെസിഡന്സി സൗദി ആരംഭിച്ചത്. ഗ്രീന് കാര്ഡിന് സമാനമായ സ്ഥിരം ഇഖാമ ആദ്യ ഘട്ടത്തില് ഇന്ത്യയടക്കം 19 രാജ്യങ്ങളില് നിന്നുള്ള 73 പേര്ക്കാണ് അനുവദിച്ചു.
കഴിഞ്ഞ സെപ്തംബറലാണ് ഒമാന് വിദേശ നിക്ഷേപകര്ക്കും വിരമിച്ചവര്ക്കും ദീര്ഘകാലം താമസാവകാശം നല്കുന്ന ‘ഇന്വെസ്റ്റര് റെസിഡന്സി പ്രോഗ്രാം’ തുടങ്ങിയത്. 22 നിക്ഷേപകര്ക്ക് ഇങ്ങിനെ ദീര്ഘകാല താമസം ലഭിച്ചു.