ന്യൂഡൽഹി: റിലയൻസ് ജിയോ കുറഞ്ഞ ചിലവിൽ ലാപ്ടോപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നു. ജിയോ ബുക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ ലാപ്ടോപ്പിൽ വിൻഡോസ് 10 ഓഎസ് ആയിരിക്കുമെന്നാണ് വിവരം.
അടുത്തിടെ ഒരു ഹാർഡ് വെയർ സർട്ടിഫിക്കേഷൻ രേഖയിൽ ജിയോയുടെ ലാപ്ടോപ്പിനെ കുറിച്ചുള്ള പരാമർശമുണ്ടായിരുന്നതായി ജിഎസ്എം അരെന റിപ്പോർട്ട് ചെയ്‌യുന്നു. ലാപ്ടോപ്പുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ ഒന്നും തന്നെ രേഖയിലില്ല. എആർഎം അധിഷ്ടിത വിൻഡോസ് 10 ആയിരിക്കും ഇതെന്ന് മാത്രമാണ് രേഖ വ്യക്തമാക്കുന്നത്.
എംഡോർ ഡിജിറ്റൽ ടെക്നോളജി കമ്പനി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പേരും രേഖയിലുണ്ട്. ഷെൻസെൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം ലാപ്ടോപ്പ് ഹാർഡ് വെയർ നിർമിക്കുന്നവരാണ്.
നേരത്തെ ബിഐഎസ് അംഗീകാരത്തിനായുള്ള വെബ്സസൈറ്റിൽ ജിയോ ലാപ്ടോപ്പ് സംബന്ധിച്ച വിവരങ്ങൾ ഗീക്ക്ബെഞ്ച് കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് അനുസരിച്ച് ലാപ്ടോപ്പിന് രണ്ട് ജിബി റാമും മീഡിയാ ടെക്ക് എംടി8488 പ്രൊസസർ ചിപ്പുമായിരിക്കും. ലാപ്ടോപ്പിന്റെ സൂചന നൽകുന്ന ഒരു പ്രോടോ ടൈപ്പ് ഇമേജും അന്ന് ഗീക്ക് ബെഞ്ച് പുറത്തുവിട്ടിരുന്നു.
Content Highlights: JioBook laptop featuring Windows 10 may launch soon