ദുബായ് > പ്രവാസികൾ രാജ്യത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ സന്ദർശനത്തിന്റെ ഭാഗമായി നോർക്ക വകുപ്പ് സംഘടിപ്പിച്ച പ്രവാസി സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉഷ്മളമായ സ്വീകരണമാണ് യുഎഇയിൽ ഭരണാധികാരികളടക്കമുള്ളവരിൽ നിന്ന് ലഭിച്ചത്. യുഎഇ മുഖ്യമന്ത്രിയെയല്ല, കേരളത്തെയാണ് സ്വീകരിച്ചത്. പ്രവാസികളുടെ വിയർപ്പിന്റെ മൂല്യമാണ് ഇതിനാധാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേവലം ഒരു മണലാരണ്യത്തിൽ നിന്ന് അത്ഭുതകരമായ വളർച്ചയാണ് ഈ രാജ്യം നേടിയിട്ടുള്ളത്. ആധുനിക ദുബായിയെ വളർത്തിയെടുക്കുന്നതിൽ, അതിന്റെ ഓരോ നേരിയ ചലനത്തിലും വിയർപ്പൊഴുക്കി പങ്കാളികളായവരാണ് പ്രവാസി മലയാളികൾ. നമ്മുടെ നാടും സമാനമായ പുരോഗതിയിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് മലയാളികൾ. ഈ വികാരത്തെ അടിസ്ഥാനമാക്കിയാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നത്. ഇവിടെയൊന്നും നടക്കില്ലെന്ന ചിന്തമാറി.
2016 ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തിയപ്പോൾ നാഷണൽ ഹൈവേ ആവശ്യമാണെന്നും അതിൽ നിന്ന് പുറകോട്ട് പോകാൻ കഴിയില്ലെന്നും സർക്കാർ പറഞ്ഞു. ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചില എതിർപ്പുകൾ പലയിടങ്ങളിലുണ്ടായി. എന്നാൽ ഏറ്റെടുത്ത ഭൂമിക്ക് എല്ലാം മതിയായ നഷ്ടപരിഹാരം നൽകി. ഇതിൽ ആളുകൾ സംതൃപ്തരാണ്.
ഗെയിൽ പൈപ്പ് ലൈൻ ഉപേക്ഷിച്ചുപോയ പദ്ധതിയാണ്. 2016 ൽ അധികാരമേറ്റ ശേഷം പ്രധാനമന്ത്രിയെ കാണുവാൻ പോയപ്പോൾ ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാകാത്തതിനെക്കുറിച്ച് പ്രധാനമന്ത്രി സൂചിപ്പിക്കുകയുണ്ടായി. അടുത്ത തവണ കാണുമ്പോൾ അതിന്റെ പുരോഗതി എന്തായി എന്ന് പറയാം എന്നുപറഞ്ഞാണ് അന്ന് പ്രധാനമന്ത്രിയുമായി പിരിഞ്ഞത്. അവിടെയും എതിർപ്പുണ്ടായിരുന്നു. പക്ഷേ നാട്ടുകാരോട് കാര്യം പറഞ്ഞാൽ അവർക്കത് മനസിലാകും. അവർ സഹകരിച്ചു. പദ്ധതി യാഥാർഥ്യമാകുകയും ചെയ്തു.
പവർ ഹൈവേയുടെ കാര്യത്തിലും എതിർപ്പുണ്ടായി. എന്നാൽ ആ പദ്ധതിയും നടപ്പിലാക്കാനായി. ഒരു പദ്ധതി തടസ്സപ്പെടുത്തുന്നത്തിന് വേണ്ടി കുറച്ച് ആളുകൾ ശ്രമിച്ചാൽ അവർക്ക് വഴങ്ങണമോ അതോ ദൃഢനിശ്ചയത്തോടെ മുന്നോട്ടു പോകണമോ എന്നതാണ് കാതലായ വിഷയം. വികസനകാര്യത്തിൽ നാടിന് ഒന്നിച്ചു നിൽക്കാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലയോര ഹൈവേയുടെ പദ്ധതി, തീരദേശ റെയിൽവേയുടെ പദ്ധതി എന്നിവയെല്ലാം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയാണ്. ആവശ്യമായ പണം കിഫ്ബിയിൽ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. 10000 കോടി രൂപയോളം അതിനുവേണ്ടി വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല വികസനം വളരെ പ്രധാനമായ ഒന്നാണ്. ഇതിൽ പുരോഗതി ആർജ്ജിക്കാൻ നമുക്ക് കഴഞ്ഞു.
ദേശീയ ജലപാത ഏതാനും ദിവസം കൊണ്ട് പൂർത്തിയാക്കനാകും. ഇതുവഴി ടൂറിസം മെച്ചപ്പെടും. അറുന്നൂറോളം കിലോമീറ്റർ ജല പാതയിലൂടെ സഞ്ചരിക്കുകയെന്നത് വലിയ കാര്യമാണ്. സിൽവർലൈൻ യാഥാർഥ്യമാകുമ്പോൾ കാസർകോട് നിന്ന് നാല് മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തും, എറണാകുളത്തുനിന്ന് രണ്ടു മണിക്കൂർ കൊണ്ട് കേരളത്തിന്റെ ഏത് ഭാഗത്തും എത്താനാകും. പദ്ധതിക്കുള്ള പ്രാഥമിക അനുമതി കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ട്. അന്തിമ തീരുമാനത്തിന് കാത്തുനിൽക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി.
വ്യവസായ മന്ത്രി പി രാജീവ്, നോർക്ക വൈസ് ചെയർമാനും, ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫ് അലി, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ്, നോർക്ക ഡയറക്ടറും, ആസ്റ്റർ ഗ്രൂപ്പ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ, നോർക്ക ഡയറക്ടർ ആസാദ് മൂപ്പൻ, പ്രവാസി ക്ഷേമനിധി ഡയറക്ടർ ആർ പി മുരളി, ലോക കേരള സഭ അംഗം എൻ കെ. കുഞ്ഞഹമ്മദ് എന്നിവർ വേദി പങ്കിട്ടു.