ന്യൂഡൽഹി > കോവിഡ് മഹാമാരിയുടെ മറവിൽ റെയിൽവേ നിർത്തിവച്ച യാത്രാഇളവുകൾ പുനഃസ്ഥാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രം. മുതിർന്നപൗരൻമാർ, പൊലീസ് മെഡൽ ജേതാക്കൾ, ദേശീയ പുരസ്കാരം നേടിയ അധ്യാപകർ, സൈനികരുടെയും പൊലീസുകാരുടെയും വിധവകൾ, മാധ്യമപ്രവർത്തകർ തുടങ്ങി 53 വിഭാഗത്തിലാണ് യാത്രാഇളവുകൾ നൽകിയിരുന്നത്. ഇതിൽ 37 വിഭാഗത്തിനുള്ള ഇളവുകൾ സർക്കാർ നിർത്തലാക്കി. അവ പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം രാജ്യസഭയെ അറിയിച്ചു.
ഇളവുകൾ ഇല്ലാതാക്കിയതോടെ 2020 മാർച്ച് മുതൽ 2021 സെപ്തംബർവരെയുള്ള കാലയളവിൽ നാലുകോടിയോളം മുതിർന്നപൗരൻമാർക്കാണ് മുഴുവൻ നിരക്കും നൽകി യാത്രചെയ്യേണ്ടിവന്നതെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. മുതിർന്ന പൗരൻമാരായ പുരുഷൻമാർക്ക് എല്ലാക്ലാസിലും 40 ശതമാനവും സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു ഇളവ്. സാമ്പത്തികപ്രതിസന്ധിയെന്നാണ് ഇളവുകൾ പുനഃസ്ഥാപിക്കാത്തതിന് കേന്ദ്രസർക്കാരിന്റെ വിശദീകരണം.
യാത്രയ്ക്കായി റെയിൽവേയെ ആശ്രയിക്കുന്ന ദരിദ്രരെയും സാധാരണക്കാരെയും ദുരിതത്തിലാക്കുന്ന സർക്കാർ തീരുമാനത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധം ശക്തമാണ്. കോർപറേറ്റുകൾക്ക് വൻ നികുതി ഇളവുകൾ അനുവദിക്കുന്ന മോദി സർക്കാരിന്റെ ഈ നടപടി കടുത്ത അനീതിയാണെന്ന വിമർശം ശക്തം. നിർത്തിവച്ച ഇളവുകൾ എത്രയുംവേഗം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വി ശിവദാസൻ എംപി റെയിൽമന്ത്രിക്ക് കത്ത് നൽകിയിരുന്നു.