ലതാ മങ്കേഷ്കർ വെറുമൊരു പാട്ടുകാരിയോ ബിംബമോ അല്ല, ഇന്ത്യ എന്ന വികാരത്തിന്റെ ഭാഗമായിരുന്നെന്ന് സംഗീത സംവിധായകൻ എ ആർ റഹ്മാൻ. സമ്പന്നമായ ഗാനശേഖരം ബാക്കിവച്ചാണ് ലത യാത്രയായത്. അവർ അവശേഷിപ്പിച്ച വിടവ് ഒരിക്കലും നികത്താനാകില്ല–- യുട്യൂബ് വീഡിയോയിൽ റഹ്മാൻ പറഞ്ഞു.
‘സംഗീത സംവിധായകനായ അച്ഛന്റെ മുറിയിൽ ലതാ മങ്കേഷ്കറുടെ ചിത്രമുണ്ടായിരുന്നു. രാവിലെ ഉണർന്ന ഉടൻ കാണാൻ പാകത്തിലായിരുന്നു അത് വച്ചിരുന്നത്. ഇതിഹാസമായ പാട്ടുകാരിയോടുള്ള ആരാധന അന്ന് തുടങ്ങിയതാണ്. അറിയാത്ത ഭാഷയിലും ഉച്ചാരശുദ്ധിയോടെ പാടാൻ അവർ എടുത്തിരുന്ന തയ്യാറെടുപ്പുകൾ എന്നും പ്രചോദനം. എന്നെപ്പോലെ ആയിരക്കണക്കിനുപേർക്ക് ലതാ മങ്കേഷ്കർ എന്ന വികാരം പ്രചോദനമായി’–- റഹ്മാൻ അനുസ്മരിച്ചു. ദിൽ സേയിലെ ‘ജിയാ ജലേ’ ഉൾപ്പെടെ ഒരുപിടി മനോഹരമായ ഗാനങ്ങൾ റഹ്മാനും ലതയും ആസ്വാദകലോകത്തിന് സമ്മാനിച്ചിട്ടുണ്ട്.