അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവർത്തനം 2030 വരെ തുടരും. അതിന് ശേഷം 2031 ൽ ഇത് പസഫിക് സമുദ്രത്തിൽ വീഴ്ത്തും. നാസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 1998 ൽ വിക്ഷേപിച്ച ബഹിരാകാശ നിലയം ജനുവരി 31 ന് പ്രവർത്തനം അവസാനിപ്പിച്ച് ഭ്രമണ പഥത്തിൽ നിന്ന് ഒഴിവാക്കാനാണ് നാസയുടെ പദ്ധതി.
ഭ്രമണ പഥത്തിൽ നിന്ന് മാറുന്ന ബഹിരാകാശ നിലയം ക്രമേണ ഭൂമിയിലേക്ക് കുതിക്കുകയും പസഫിക് സമുദ്രത്തിൽ പോയിന്റ് നെമോ (Point Nemo) എന്നറിയപ്പെടുന്ന സ്ഥലത്ത് വന്ന് വീഴുകയും ചെയ്‌യും. കരയിൽ നിന്ന് 2700 കീലോമീറ്റർ ദൂരുപരിധിയിലുള്ള ഇടമാണിത്. ബഹിരാകാശ ശ്മശാനം എന്നറിയപ്പെടുന്ന ഇവിടെയാണ് പ്രവർത്തന രഹിതമായ ഉപഗ്രഹങ്ങളും മറ്റ് മനുഷ്യ നിർമിത ബഹിരാകാശ അവശിഷ്ടങ്ങളും വന്ന് പതിക്കാറുള്ളത്. മാത്രവുമല്ല ഈ മേഖലയിൽ ചരക്കുനീക്കം ഉൾപ്പടെയുള്ള മനുഷ്യന്റെ ഇടപെടൽ ഒട്ടുമില്ലാത്ത ഇടവുമാണ്.
ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ പുതിയ ബഹിരാകാശ നിലയത്തിനുള്ള ശ്രമങ്ങളും നാസ ആരംഭിച്ചുകഴിഞ്ഞു. ബഹിരാകാശ നിലയം നിർമിക്കുന്നതിന് മൂന്ന് സ്വകാര്യ കമ്പനികളുമായി ഇതിനകം നാസ കരാറൊപ്പിട്ടു കഴിഞ്ഞു. സ്വകാര്യ കമ്പനികൾക്ക് അവരുടെ ആവശ്യങ്ങൾക്കും നാസയുടെ സ്വന്തം ഗവേഷകർക്കും ഉപയോഗിക്കാനാവുന്ന ബഹിരാകാശ നിലയം നിർമിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ബ്ലൂ ഒറിജിൻ, നാനോറാക്സ് എൽഎൽസി, നോർത്ത്റോപ്പ് ഗ്രുമ്മൻ സിസ്റ്റംസ് കോർപറേഷൻ എന്നീ കമ്പനികളുമായാണ് കരാർ.
അന്താരാഷ്ട്ര ബഹിരാകാശ നിലയം പ്രവർത്തനം അവസാനിപ്പിക്കുന്നതിന് മുമ്പ് തന്നെ 2020 കളുടെ അവസാനത്തോടെ പുതിയ നിലയം പ്രവർത്തന ക്ഷമമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്തായാലും ഇനി എട്ട് വർഷം കൂടി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഗവേഷണ പ്രവർത്തനങ്ങൾ തുടരും. ഇതോടെ നിലയം അതിന്റെ മൂന്നാം ദശകത്തിലേക്ക് കടന്നു. ഒരു അമേരിക്കൻ ഫുട്ബാൾ ഗ്രൗണ്ടിന്റെ വലിപ്പമുള്ള ബഹിരാകാശ നിലയം ഓരോ 90 മിനിറ്റിലും ഭൂമിയെ ചുറ്റുന്നുണ്ട്. 2000 മുതൽ ഇവിടെ സ്ഥിരമായി മനുഷ്യ സാന്നിധ്യമുണ്ട്.
ബഹിരാകാശ നിലയത്തിന് പ്രായമേറുന്നതിന്റെ ലക്ഷണമായി ചില വിള്ളലുകൾ കണ്ടെത്തിയതായി ഒരു റഷ്യൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. വർഷം കഴിയും തോറും ഇത് വലുതായേക്കാം. അത് പരിഹരിക്കാനാവാത്ത പ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
ബഹിരാകാശ നിലയം 1998 ൽ വിക്ഷേപിക്കുമ്പോൾ 15 വർഷം വരെ പ്രവർത്തിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ 2030 വരെ പ്രവർത്തിക്കാനുള്ള ആരോഗ്യം നിലയത്തിനുണ്ടെന്ന് നാസ പറഞ്ഞു. എങ്കിലും ഇത് സംബന്ധിച്ച് നിരന്തര പരിശോധനകൾ നടത്തുന്നുണ്ട്.
Content Highlights: International Space Station will plunge into Pacific in 2031