വിർച്വൽ റിയാലിറ്റി ലോകമായ മെറ്റാവേഴ്സിൽ ഒരോരുത്തർക്കും ഒരു വിർച്വൽ രൂപമുണ്ട്. പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം ഇതിലൂടെ സാധിക്കും. അവതാറുകൾ എന്നാണ് ഇതിനെ വിളിക്കുന്നത്. എന്നാൽ യഥാർത്ഥ ലോകത്തെന്ന പോലെ മെറ്റാവേഴ്സിലും ലൈംഗികാതിക്രമം നടക്കുമെന്ന് വ്യക്തമാക്കുന്ന ചില സംഭവങ്ങൾ അടുത്തിടെ ഉണ്ടായി.
മെറ്റായുടെ ഹൊറൈസൺ വേൾഡ്സ് പ്ലാറ്റഫോമിലാണ് തനിക്ക് ലൈംഗികാതിക്രമം നേരിട്ടുവെന്ന് പരാതിപ്പെട്ട് ഒരു യുവതി രംഗത്തെത്തിയത്. കഴിഞ്ഞ ഡിസംബറിൽ ഫേസ്ബുക്ക് തന്നെയാണ് ഈ സംഭവം പുറത്തുവിട്ടത്. ഹൊറൈസൺ വേൾഡിനുള്ളിൽ വെച്ച് ഒരാൾ തന്നെ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നായിരുന്നു പരാതി.
സാധാരണ ഇന്റർനെറ്റിൽ ലൈംഗിക അതിക്രമം ഒരു തമാശയല്ല, എന്നാൽ, അതിലേക്ക് വെർച്വൽ റിയാലിറ്റി കൂടി വരുമ്പോൾ സംഭവം കൂടുതൽ തീവ്രമാകുന്നു. ഇന്നലെ രാത്രി എന്നെ ഒരാൾ സ്പർശിച്ചു. മാത്രവുമല്ല, ഈ പെരുമാറ്റത്തെ പിന്തുണച്ച മറ്റ് ആളുകളും അവിടെ ഉണ്ടായിരുന്നു. യുവതി പറഞ്ഞു.
മെറ്റാവേഴ്സിന്റെ തുടക്കകാലത്ത് തന്നെയുണ്ടായ ഈ പ്രശ്നം ഗൗരവത്തോടെയെടുത്ത മെറ്റ. തങ്ങളുടെ ഹൊറൈസൺ വേൾഡ്സ്, ഹൊറൈസൺ വെന്യൂസ് പ്ലാറ്റ്ഫോമുകളിൽ വ്യക്തിഗത അവതാറുകൾ തമ്മിൽ നിശ്ചിത അകലമിട്ടു. ഏകദേശം നാലടിയോളം അകലം അവതാറുകൾ തമ്മിലുണ്ടാകും. ആരെങ്കിലും വ്യക്തിഗത അതിരിനുള്ളിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചാലും പോകാൻ സാധിക്കില്ല.
ഒരാളുടെ വ്യക്തിഗത അകലത്തിലേക്ക് പ്രവേശിച്ചാൽ അയാളുടെ അവതാറിന്റെ കൈകൾ അപ്രത്യക്ഷമാവുന്ന ഫീച്ചർ നേരത്തെ അവതരിപ്പിച്ചിരുന്നു.
വീ ആർ പോലുള്ള പുതിയ മാധ്യമത്തിൽ ഇത്തരം പെരുമാറ്റ നിയമങ്ങൾ സഹായകമാനുമെന്ന് ഹൊറൈസൺ വൈസ് പ്രസിഡന്റ് വിവേക് ശർമ പറഞ്ഞു.
ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾ അവതരിപ്പിക്കുമെന്നും യൂസർ ഇന്റർഫേസിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഈ വ്യക്തിഗത അതിരിന്റെ വലിപ്പം എത്രവേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാൻ സാധിക്കുന്ന സൗകര്യമൊരുക്കുമെന്നും വിവേക് പറഞ്ഞു.