ദുബായ്> സിൽവർലൈൻ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്കു കേന്ദ്രത്തിന്റെ അന്തിമ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കേന്ദ്രം പ്രഖ്യാപിച്ച വന്ദേഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ദുബായിൽ പ്രവാസി മലയാളികൾ നൽകിയ സ്വീകരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ റെയിൽ പദ്ധതിയുടെ പ്രാഥമിക അനുമതി കേന്ദ്രത്തിൽ നിന്ന് ലഭിച്ചു. അന്തിമ അനുമതിക്കായി കാത്തു നിൽക്കുകയാണ്. കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച വന്ദേ ഭാരത് ട്രെയിൻ കേരളത്തിനു ചേർന്നതല്ല. ഇക്കാര്യം ഇ ശ്രീധരൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചിലർ കാര്യമറിയാതെയും മറ്റുചിലർ മറ്റു ചില ഉദ്ദേശത്തോടെയുമാണ് കെ റെയിൽ പദ്ധതിയെ എതിർക്കുന്നത്. ഇത് നിർബന്ധ ബുദ്ധിയുടേയോ വാശിയുടേയോ പ്രശ്നമല്ലെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം എല്ലാ മേഖലയിലും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദുരന്തങ്ങൾ നേരിടുന്നതിന് കേരളം ലോകത്തിന് മാതൃകയാണ്. ഓഖി, നിപ്പ, പ്രളയം തുടങ്ങി മഹാ ദുരന്തങ്ങൾ, കോവിഡ് മഹാമാരി ഇതെല്ലാം നമുക്ക് നേരിടേണ്ടി വന്നു. എന്നാൽ നമ്മുടെ ഒരുമിച്ചുള്ള ഐക്യം ഇതിനെയെല്ലാം ചെറുത്തു. ദുരന്തം നേരിടുന്നതിന് കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നാടിന്റെ വികസനത്തിനായുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിനെ നിക്ഷേപ സൗഹൃദ ഇടമാക്കി മാറ്റുന്നതിനുള്ള ഒട്ടേറെ നടപടികൾ കൈക്കൊണ്ടു. കേരളത്തിന് പറ്റുന്ന വ്യവസായങ്ങൾ ആയിരിക്കണം. എല്ലാ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗൾഫ് നാടുകളിലെ റോഡ് വികസനം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ നാട്ടിലും വേണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളെന്നും നമ്മുടെ നാട് വികസിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ ഭരണാധികാരികളുടെ മലയാളികളോടുള്ള സ്നേഹം അടുത്തറിഞ്ഞുവെന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം തങ്ങളുടെ ഹൃദയത്തിന്റെ സ്ഥാനത്താണെന്നു ദുബായ് ഭരണാധികാരി പറഞ്ഞതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.