ഒപ്പോയുടെ റെനോ 7 പ്രോ 5ജി, റെനോ 7 5ജി എന്നിവ ഇന്ത്യൻ വിപണിയിലെത്തി. റെനോ7 പ്രോ 5ജി ഓൺലൈനിലും പ്രമുഖ റീട്ടെയിലുകളിലും ലഭ്യമാണ്. റെനോ7 5ജി ഫ്ളിപ്പ്കാർട്ടിൽ മാത്രമായിരിക്കും ലഭ്യമാകുക. പോർട്രെയിറ്റ് ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും പ്രാമുഖ്യം നൽകിക്കൊണ്ടാണ് റെനോ 7 ശ്രേണി അവതരിപ്പിക്കുന്നത്.
ഒപ്പോ റെനോ7 പ്രോയുടെ 32എംപി സെൽഫി കാമറയ്‍ക്ക് ഐഎംഎക്സ് 709 പിന്തുണ നൽകുന്നു. സോണിയുമായി സഹകരിച്ച് വികസിപ്പിച്ച ആർജിബിഡബ്ല്യു (റെഡ്, ഗ്രീൻ, ബ്ലൂ, വൈറ്റ്) സെൻസറാണ് ഇതിന്റെ പ്രത്യേകത. റെനോ6 പ്രോയിലെ പരമ്പരാഗത ആർജിജിബി (ചുവപ്പ്, പച്ച, പച്ച, നീല) സെൻസറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് പ്രകാശത്തോട് 60 ശതമാനം കൂടുതൽ സെൻസിറ്റീവ് ആണ്, കൂടാതെ നോയ്സ് 30 ശതമാനം കുറയ്‍ക്കുന്നു. പിൻകാമറയിൽ 50 എംപി സോണി ഐഎംഎക്സ് 766 സെൻസർ ആണുള്ളത്.
പ്രകാശത്തിനനുസരിച്ച് ക്യാമറസെറ്റിങ്സ് മാറ്റുന്ന എഐ സംവിധാനവും ക്യാമറയിലുണ്ട്. ചർമത്തിന്റെ നിറവും വസ്തുക്കളെയും പോർട്രെയിറ്റ് വീഡിയോയിൽ വേർതിരിച്ച് എടുത്തു കാണിക്കും. ഇരുണ്ട സാഹചര്യങ്ങളിൽ പോലും റെനോ 7 ശ്രേണി ചർമത്തിന്റെ ടോൺ മെച്ചപ്പെടുത്തി പകർത്തുമെന്നും പോർട്രെയിറ്റ് മോഡ് ഇമേജിന്റെ പശ്ചാത്തലത്തിന് ആഴമേറിയ ഇഫക്റ്റ് നൽകുമെന്നും ഓപ്പോ പറയുന്നു.
ഈ രംഗത്ത് ആദ്യമായി എയർക്രാഫ്റ്റ് ഗ്രേഡ് എൽഡിഐ സാങ്കേതിക വിദ്യയാണ് ഒപ്പോ റെനോയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒപ്പോ റെനോ 7 പ്രോ 5ജിക്ക് അലൂമിനിയം ഫ്രെയിമാണ്.
ക്യാമറ മോഡ്യൂളിലും ഒപ്പോ മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ട്വിൻ മൂൺ കാമറ രൂപകൽപ്പനയിൽ ആദ്യ പകുതി മെറ്റൽ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. താഴെ ഭാഗത്ത് സെറാമിക് കോട്ടിങാണ്. റെനോ7 പ്രോ റെനോ ശ്രേണിയിലെ ഏറ്റവും മെലിഞ്ഞ ഫോണാണ്. 7.45 എംഎം ആണ് വണ്ണം. 180 ഗ്രാം ഭാരവും . 7.81 എംഎം മെലിഞ്ഞതാണ് റെനോ7. ഭാരം 173 ഗ്രാം.
റെനോ 7 പ്രോ 5ജിയുടെ കസ്റ്റമൈസ് ചെയ്ത 5ജി ചിപ്പ്സെറ്റ്- മീഡിയടെക് ഡൈമെൻസിറ്റി 1200 മാക്സ് പ്രകടന മികവ് നൽകുന്നു. റെനോ 7 5ജിക്ക് ശക്തി പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 900 ജി എസ്ഒസിയാണ്. ശ്രേണിയുടെ മറ്റ് പ്രധാന സവിശേഷതകൾ- 65 വാട്ട് സൂപ്പർ വൂക്ക് ഫ്ളാഷ് ചാർജ്, 4500എംഎഎച്ച് ബാറ്ററി, റെനോ7 പ്രോ 5ജി ഉപഭോക്താക്കൾക്ക് 256ജിബി സ്റ്റോറേജും 12 ജിബി റാമും ഉണ്ട്. റെനോ ശ്രേണിയിൽ വരുന്നത് ഒപ്പോയുടെ പുതിയ കളർ ഒഎസ്12 ആണ്. ഒപ്പോ റെനോ 7 പ്രോ 5ജി ഫോണിന് 39,999 രൂപയും റെനോ 7 5ജി ഫോണിന് 28,999രൂപയുമാണ് വില.
Content Highlights: oppo reno 7 pro hits indian market