യൂട്യൂബ് മൊബൈൽ ആപ്പിൽ പുതിയ രൂപകൽപനയിലുള്ള വീഡിയോ പ്ലെയർ അവതരിപ്പിക്കുന്നു. ആളുകൾ കൂടുതലായി ഉപയോഗിക്കുന്ന ബട്ടനുകളെ പ്ലെയർ വിൻഡോയിലേക്ക് കൊണ്ടുവന്ന് വീഡിയോ നിയന്ത്രിക്കുന്നത് കൂടുതൽ ലളിതമാക്കുന്ന വിധത്തിലാണ് മാറ്റം. വീഡിയോ ഫുൾ സ്ക്രീൻ മോഡിലേക്ക് മാറ്റുമ്പോഴാണ് ഈ ബട്ടനുകൾ സ്ക്രീനിൽ കാണുക.
വീഡിയോ പ്ലേ ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്ക്രീനിൽ തൊടുമ്പോഴും വീഡിയോ പോസ് ചെയ്‌യുമ്പോഴും ഈ ബട്ടനുകൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. അല്ലാത്തപ്പോൾ ഇവ കാണില്ല.
ലൈക്ക് ബട്ടൻ, ഡിസ്ലൈക്ക് ബട്ടൻ, കമന്റുകൾ തുറക്കുന്നതിനുള്ള ബട്ടൻ എന്നിവയും ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ കമന്റ് ബട്ടണിൽ ക്ലിക്ക് ചെയ്‌യുമ്പോൾ വീഡിയോയുടെ വലത് ഭാഗത്തായി തുറക്കുന്ന സൈഡ് ബാറിൽ കമന്റുകൾ കാണാൻ സാധിക്കും.
വീഡിയോ ഷെയർ ചെയ്‌യുന്നതിനുള്ള പ്രത്യേക ബട്ടനുണ്ട്. മറ്റൊന്ന് വീഡിയോ പ്ലേ ലിസ്റ്റിൽ ചേർക്കുന്നതിനാണ്. വലതുഭാഗത്ത് താഴെയായി മോർ വീഡിയോസ് ബട്ടനും നൽകിയിരിക്കുന്നു.
ഈ ബട്ടനുകളൊന്നും തന്നെ യൂട്യൂബിൽ പുതിയതല്ല. നേരത്തെ യൂട്യൂബിൽ ഉണ്ടായിരുന്നതാണ്. എന്നാൽ ഇവയിൽ പലതും ഫുൾസ്ക്രീൻ മോഡ് മാറ്റി പോർട്രെയ്റ്റ് മോഡിൽ വീഡിയോ കാണുമ്പോഴോ സൈ്വപ്പ് ചെയ്‌യുമ്പോഴോ കാണുന്നവയാണ്. പുതിയ ഡിസൈനിൽ അവ നേരിട്ട് വീഡിയോ പ്ലെയർ സ്ക്രീനിൽ തന്നെ ലഭിക്കും.
ആൻഡ്രോയിഡ്, ഐഓഎസ് ആപ്പുകളിൽ പുതിയ വീഡിയോ പ്ലെയർ യുഐ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിലവിൽ ഇത് വ്യാപകമായി ലഭ്യമാക്കിയിട്ടില്ല. കിട്ടാത്തവർ ഇനിയും കാത്തിരിക്കേണ്ടി വരും.
Content Highlights: YouTube mobile app is getting a new video player