അതാ, അവിടെവരെയാണ് പ്രിയപ്പെട്ട ഫുട്ബോളിനായി അപ്പു പുഴയിൽ നീന്തിയത്… തൊട്ടുപിന്നാലെ കുട്ടനും… കൂടുതലൊന്നും പറയാൻ കഴിയാതെ അഭയ്കൃഷ്ണയും ശ്രീശാന്തും വിങ്ങിപ്പൊട്ടുകയായിരുന്നു. ഇവർക്ക് മുന്നിലൂടെ പുഴയിൽനിന്ന് ഒടുവിൽ കണ്ടെത്തിയ കുട്ടന്റെ (അതുൽകൃഷ്ണ) മൃതദേഹം ആംബുലൻസിലേക്ക് എടുത്തുകൊണ്ടുപോകുമ്പോൾ ഒരുനോക്കുകാണാൻപോലും അശക്തരായി ഇവർ പുഴയിലേക്ക് കണ്ണുംനട്ടുനിന്നു. കൂടെ, ഒന്നും പറയാനാവാതെ ഫുട്ബോൾകളിസംഘത്തിലെ പതിനഞ്ചോളം കൂട്ടുകാരും.
എല്ലാ ദിവസവും വൈകീട്ട് മൂന്നുമണിയോടെ ഫുട്ബോൾ കളിക്കുന്നതിനായി കൂട്ടുകാരെല്ലാവരും പൂവത്തുംകടവ് പാലത്തിന്റെ അടിയിൽ ഒത്തുകൂടുക പതിവായിരുന്നു. ചൊവ്വാഴ്ചയും ആദ്യം എത്തിയത് അതുലും സുജിത്തു മായിരുന്നു. മറ്റു കൂട്ടുകാർ എത്തുന്നതുവരെ തട്ടിക്കളിക്കുന്നതിനിടെ പന്ത് പാലത്തിന്റെ തൂണിൽ തട്ടി പുഴയിലേക്ക് വീണു. സന്തതസഹചാരിയെപ്പോലെ കൊണ്ടുനടക്കുന്ന പന്തിന്റെ പിന്നാലെ സുജിത്ത് പുഴയിലേക്കിറങ്ങി.
ഓളത്തിൽ കുറച്ച് അകലേക്ക് നീങ്ങിപ്പോയ പന്തിനായി നീന്തി. പുഴയരികിൽ ഇതുകണ്ട് നിന്നിരുന്ന അതുൽ ചെളിയുണ്ട്, കയറിപ്പോര് എന്ന് വിളിച്ചുപറഞ്ഞെങ്കിലും സുജിത്തിന് തിരിച്ച് നീന്താനായില്ല. ഇതുകണ്ട അതുൽ പുഴയിലേക്കിറങ്ങി. പിന്നാലെ അഭയ്കൃഷ്ണയും ശ്രീശാന്തും പുഴയിലേക്ക് ഇറങ്ങിയെങ്കിലും നീന്താനാവാതെ ഇവർ തിരിച്ചുകയറി. ഇതിനിടയിൽ കൈകൾ ഉയർത്തി അതുൽ മുങ്ങിപ്പോകുന്നത് ഇവർ കണ്ടു. ഇവരുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. സുജിത്തിനെ പൊക്കിയെടുത്ത് മോഡേൺ ആശുപത്രിയിൽ എത്തിച്ച് ഐ.സി.യു.വിലേക്ക് മാറ്റുന്നതിനിടയിലായിരുന്നു മരണം. അതുലിനെ മരിച്ചനിലയിലാണ് കണ്ടെത്തിയത്.
പുഴയിൽ മുങ്ങിത്താഴ്ന്ന കുട്ടികൾക്കുവേണ്ടിയുള്ള തിരച്ചിൽ I Photo: Mathrubhumi
വിവരമറിഞ്ഞ് നൂറുകണക്കിനുപേരാണ് പുഴയുടെ ഇരുകരകളിലുമായി തടിച്ചുകൂടിയത്. അഗ്നിരക്ഷാസേനയും കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി. സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പോലീസും സംഭവസ്ഥലത്ത് എത്തി. ഇ.ടി. ടൈസൺ എം.എൽ.എ., സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ, ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ്, ഏരിയാ സെക്രട്ടറി കെ.കെ. അബീദലി എന്നിവർ സംഭവസ്ഥലത്തെത്തി.
Content Highlights: thrissur poovathumkadavu drowning death story